Home rss national malayalam പുതിയ വാർത്ത എണ്ണ കള്ളക്കടത്ത്; ഇറാഖില്‍ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കി

എണ്ണ കള്ളക്കടത്ത്; ഇറാഖില്‍ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കി

3
0

Source :- SIRAJLIVE NEWS

ബഗ്ദാദ് | ഇറാന്‍ പിന്തുണയുള്ള ‘കതൈബ് ഹിസ്ബുല്ല’ (Kataib Hezbollah) ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ ജുര്‍ഫ് അല്‍-നസ്ര്‍ മേഖലയില്‍ എണ്ണ കടത്തിയെന്ന ആരോപണത്തില്‍, ഒമ്പത് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദി പുറത്താക്കി. ബാബില്‍ പ്രവിശ്യയിലെ സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഒരു കമാന്‍ഡര്‍, പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള ഓയില്‍ പൈപ്പ്ലൈന്‍സ് കമ്പനി ഡയറക്ടര്‍ എന്നിവരെ ഉള്‍പ്പെടെയാണ് പുറത്താക്കിയത്. അനധികൃത എണ്ണ ശുദ്ധീകരണശാലകളും, കള്ളക്കടത്തുമായി ബന്ധപ്പെട്ട കൃത്രിമ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബാബില്‍ പ്രവിശ്യയിലെ ജുര്‍ഫ് അല്‍-നസ്‌റില്‍ നടന്ന കള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ കണ്ടെത്തലുകള്‍ വിലയിരുത്തുന്നതിനായി അലി അല്‍-സൈദിയുടെ അധ്യക്ഷതയില്‍ അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നതായി സൈനിക വക്താവ് സബാഹ് അല്‍-നുമാന്‍ ഇറാഖി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, എണ്ണ കള്ളക്കടത്തില്‍ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന എല്ലാവരെയും നിയമനടപടികള്‍ക്കായി കോടതിക്ക് കൈമാറാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു,’ അല്‍-നുമാന്‍ പറഞ്ഞു.

‘കതൈബ് ഹിസ്ബുല്ല’ ഇറാന്‍ അനുകൂല സായുധ സംഘം
ഇറാഖിലെ ശക്തമായ സായുധ സംഘവും ഇറാനുമായി ബന്ധമുള്ള അര്‍ധസൈനിക സംഘടനയുമായ ‘കതൈബ് ഹിസ്ബുല്ല’, അടുത്തിടെ പ്രധാനമന്ത്രി അലി അല്‍-സൈദിക്കെതിരെ രൂക്ഷമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയ സംഘം, പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു.

ആയുധം ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്ന ഗ്രൂപ്പുകളെ നേരിടുമെന്ന് അല്‍-സൈദി ആവര്‍ത്തിച്ചു പറഞ്ഞതായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.

Content Highlights: Iraq has dismissed nine security officials over their alleged involvement in illegal oil smuggling. The strict disciplinary action aims to curb illicit crude oil trafficking across the nation. Authorities continue to tighten security measures to protect state energy revenues.