Source :- EVARTHA NEWS
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെഎസ്ടിപി അഴിമതി ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. താൻ പൊതുമരാമത്ത് മന്ത്രിയായി ചുമതല അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായി എത്തിയതെന്നും മുനീർ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് ടി.എം. തോമസ് ഐസക് നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലേഷ്യൻ എൻജിനീയർ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും മുനീർ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ ഉന്നയിച്ച ആരോപണങ്ങളും ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലയളവിന്റെ അവസാനഘട്ടത്തിലാണ് ഗ്യാനേഷ് കുമാർ എത്തിയത്. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും മുനീർ പറഞ്ഞു. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി ആറ് മാസത്തിന് ശേഷമാണ് എൻജിനീയർ ആത്മഹത്യ ചെയ്തതെന്നും 2006 നവംബറിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കെഎസ്ടിപി പദ്ധതി ഇപ്പോഴും തുടരുന്നുണ്ടെന്നും പദ്ധതി മികച്ച രീതിയിലാണ് നടപ്പാക്കിയതെന്നും മുനീർ അവകാശപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട് താൻ മന്ത്രിയായിരുന്ന കാലത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും മുനീർ ആരോപിച്ചു. താൻ നിരപരാധിയാണെന്ന് വിജിലൻസ് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ വീണ്ടും അന്വേഷണം വേണമെങ്കിൽ നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടതുപക്ഷം അധികാരത്തിലിരുന്ന സമയത്ത് ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്നും അന്വേഷണം വൈകിയത് എന്തുകൊണ്ടാണെന്നും മുനീർ ചോദിച്ചു.
എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതൽ വിവരങ്ങളൊന്നും നൽകാനില്ലെന്നും ബില്ലുകൾ അനുവദിക്കാത്തതടക്കമുള്ള കാര്യങ്ങളിൽ അന്നത്തെ സർക്കാരാണ് വിശദീകരണം നൽകേണ്ടതെന്നും മുനീർ പറഞ്ഞു. മന്ത്രിയായിരുന്നപ്പോൾ നിലവിലുള്ള ചട്ടങ്ങളും മാനുവലും അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അന്ന് തന്നെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
“മൊത്തം സംവിധാനത്തിലാണ് പ്രശ്നമെങ്കിൽ അത് അന്വേഷിക്കണം. കരാർ ഏറ്റെടുത്ത പതി-ബെൽ കമ്പനിയുടെ പ്രവർത്തനം താൻ മന്ത്രിയായിരുന്ന കാലത്ത് മികച്ചതായിരുന്നു. കോൺട്രാക്ടറുടെ പേരിൽ ഇത്രയധികം സമ്മർദം ഉണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം,” മുനീർ പറഞ്ഞു.
സർക്കാർ മാറുന്ന സമയത്താണ് ബിൽ അനുവദിക്കേണ്ട ഘട്ടമെത്തിയതെന്നും മന്ത്രി എന്ന നിലയിൽ ഫണ്ട് തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും മുനീർ കൂട്ടിച്ചേർത്തു.



