Home rss national malayalam പുതിയ വാർത്ത എന്നോടൊപ്പം എന്നും തങ്ങളുണ്ടായിരുന്നു

എന്നോടൊപ്പം എന്നും തങ്ങളുണ്ടായിരുന്നു

3
0

Source :- SIRAJLIVE NEWS

ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മതപ്രഭാഷണ രംഗത്ത് സജീവമായി നില്‍ക്കുന്ന കാലം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിക്ക ആഴ്ചകളിലും എനിക്ക് പ്രഭാഷണങ്ങളുണ്ടാകുമായിരുന്നു. പൊതുവെ ദൂരെയുള്ള പ്രദേശങ്ങളില്‍ പ്രസംഗങ്ങള്‍ക്ക് തീയതി കുറിച്ചു നല്‍കാറുള്ളത് വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. ദര്‍സുകള്‍ക്ക് ഭംഗം വരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. രാത്രി പ്രഭാഷണം കഴിഞ്ഞ് പുലര്‍ച്ചെ ആകുമ്പോഴേക്കും കൊയിലാണ്ടിയിലെത്താം. അവിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാതെ ഒരു റാതീബ് ഖാനയുണ്ട്. സുബ്ഹി നിസ്‌കരിച്ച് അവിടെ നിന്ന് പുറപ്പെട്ടാല്‍ ശനിയാഴ്ച രാവിലെ ക്ലാസ്സെടുക്കാന്‍ പാകത്തില്‍ കാന്തപുരത്തെത്താം. ഇതായിരുന്നു എന്റെ രീതി.

രാത്രിയില്‍ ബസിലാണ് യാത്രയെങ്കില്‍ നല്ല തിരക്കേറിയതായിരിക്കുമത്. ബസിന്റെ കമ്പികളില്‍ തൂങ്ങിപ്പിടിച്ചുള്ള മണിക്കൂറുകള്‍. അതിനിടെ പരിചയമുള്ള ആരെങ്കിലും കണ്ടാല്‍ സീറ്റ് ഒഴിഞ്ഞു തരും. ഇങ്ങനെയുള്ള ആദ്യകാല പ്രഭാഷണ യാത്രകളില്‍ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു ബാഫഖി തങ്ങന്മാര്‍ നേതൃത്വം നല്‍കിയിരുന്ന കൊയിലാണ്ടിയിലെ റാതീബ് ഖാന. കൊയിലാണ്ടിയിലെ ബാഫഖി സയ്യിദ് കുടുംബവുമായുള്ള എന്റെ ആത്മബന്ധം ദൃഢമാകുന്നത് ഈ റാതീബ് ഖാന മുഖേനയാണ്. റാതീബ് ഖാനയുടെ ഒരുകാലത്തെ ചുമതല അന്ന് ചെറുപ്പക്കാരനായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്കായിരുന്നു. അത് ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധം വളര്‍ത്തി.

പ്രമുഖ പണ്ഡിതരില്‍ നിന്നും ഉന്നത കലാലയങ്ങളില്‍ നിന്നും മികവോടെ തന്നെ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഉപ്പയുടെയും ഉപ്പാപ്പയുടെയും മാര്‍ഗം പിന്തുടര്‍ന്ന് വസ്ത്രവ്യാപാര രംഗത്ത് തങ്ങള്‍ സജീവമായ സമയമായിരുന്നു അത്. ആരെയും ആകര്‍ഷിക്കുന്ന സ്വഭാവത്തിന്റെയും വിനയത്തിന്റെയുമപ്പുറം പാണ്ഡിത്യവും പാരമ്പര്യവും ആവോളമുള്ള പ്രതിഭാശാലിയാണ് തങ്ങളെന്ന് ബോധ്യപ്പെടുന്നത് കൊയിലാണ്ടിയിലൂടെയുള്ള നിരന്തര യാത്രകളിലാണ്. പലതവണ കണ്ടും പറഞ്ഞും അനുഭവിച്ചുമുള്ള ആ സൗഹൃദത്തെ തുടര്‍ന്നാണ് സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വേദിയില്‍ തങ്ങള്‍ ചുവടുവെച്ചുതുടങ്ങുന്നത്. ആയിടെ നടന്ന, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയ കൊയിലാണ്ടി താലൂക്ക് സമസ്ത സമ്മേളനത്തിന്റെ സംഘാടനത്തില്‍ എന്നോടൊപ്പം തങ്ങളുമുണ്ടായിരുന്നു. ഇതോടെ അലി ബാഫഖി തങ്ങളിലെ നേതാവിനെ എല്ലാവരും തിരിച്ചറിഞ്ഞു.

എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ വെച്ച് താലൂക്ക് ഘടകങ്ങള്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. കൊയിലാണ്ടിയില്‍ ചെറിയ തുണിക്കച്ചവടം നടത്തുന്ന അലി ബാഫഖി തങ്ങള്‍ക്ക് ജനങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നതിനാല്‍ അവിടെ എസ് വൈ എസ് രൂപവത്കരിക്കാനുള്ള യോഗത്തിന് ആളുകളെ ക്ഷണിക്കാന്‍ തങ്ങളെ ചുമതലയേല്‍പ്പിച്ചു. ബദ്‌രിയ്യ മദ്‌റസയില്‍ ആയിരുന്നു യോഗം. യോഗത്തില്‍ വെച്ച് ബാഫഖി തങ്ങള്‍ പ്രസിഡന്റും എകരൂര്‍ വീരാന്‍കുട്ടി ഫൈസി വൈസ് പ്രസിഡന്റും എസ് പി എച്ച് തങ്ങള്‍ സെക്രട്ടറിയുമായി താലൂക്ക് കമ്മിറ്റി രൂപവത്കരിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിലെ മെമ്പറായും ഇക്കാലത്ത് തങ്ങളെ തിരഞ്ഞെടുത്തു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളാണ് അന്ന് ട്രഷറര്‍. അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് തങ്ങള്‍ നിയോഗിക്കപ്പെട്ടു. കച്ചവടക്കാരനില്‍ നിന്ന് സമസ്ത കീഴ്ഘടകങ്ങളുടെ മുഴുസമയ പ്രവര്‍ത്തകനിലേക്കുള്ള ബാഫഖി തങ്ങളുടെ പ്രയാണമാരംഭിക്കുന്നത് ഇവിടെ നിന്നാണ്.

1975ല്‍ കൊയിലാണ്ടിക്കടുത്ത എലങ്കമലില്‍ എസ് വൈ എസ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു കോളജ് ആരംഭിച്ചിരുന്നു. അശ്അരിയ്യ അറബിക് കോളജ്. സ്ഥാപനത്തിന്റെ പ്രസിഡന്റ് തങ്ങളും ഞാന്‍ ലീഗല്‍ അഡൈ്വസറുമായിരുന്നു. യു കെ അബ്ദുല്ലത്വീഫ് മുസ്ലിയാര്‍ ആയിരുന്നു അന്ന് അവിടുത്തെ മുദര്‍രിസ്. പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പഠനം കഴിഞ്ഞ് കച്ചവടത്തില്‍ സജീവമായെങ്കിലും തങ്ങളില്‍ എപ്പോഴും ഒരു പ്രവര്‍ത്തകന്‍ നിറഞ്ഞു നിന്നിരുന്നു. പട്ടിക്കാട് പഠനകാലത്തേ ആ സജീവതയുണ്ട്. ജാമിഅ നൂരിയ്യയിലെ വിദ്യാര്‍ഥി കൂട്ടായ്മ നൂറുല്‍ ഉലമയുടെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാള്‍ തങ്ങളായിരുന്നു. ശേഷം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകളായ ഓസ്ഫോജനയുടെയും ഫൈസീസ് അസ്സോസിയേഷന്റെയും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജാമിഅ നൂരിയ്യയുടെ കമ്മിറ്റിയംഗമായി ഞാന്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സമ്മേളനങ്ങളിലും മറ്റും സംബന്ധിക്കാന്‍ പോകുമ്പോള്‍ പലപ്പോഴും തങ്ങളും കൂടെയുണ്ടാകും.

ഒരുമിച്ചു സംഘടനാ പ്രവര്‍ത്തനമായതോടെ ഞങ്ങള്‍ തമ്മില്‍ പലതവണ കൂടിക്കാഴ്ചകളുണ്ടായി. ഒരുപാട് യാത്രകളും. കാന്തപുരത്ത് മുദര്‍രിസായിരുന്ന സമയത്ത് എന്നെ പ്രഭാഷണത്തിനായി ക്ഷണിക്കാന്‍ വന്ന രംഗം ഇപ്പോഴും ഓര്‍ക്കുന്നു. സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി ടൈംസ് വരി ചേര്‍ത്താനും അക്കാലത്ത് ഒരുപാട് സ്ഥലങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു യാത്രചെയ്തു. ഇന്നത്തെയത്ര ബന്ധങ്ങളോ വിദേശ യാത്രകളോ ഇല്ലാത്ത കാലത്ത് എന്നെ ആദ്യമായി മലേഷ്യയിലേക്ക് കൊണ്ടുപോയതും തങ്ങളായിരുന്നു. അന്ന് തുടങ്ങിയ ബന്ധവും ഒരുമിച്ചുള്ള യാത്രകളും മരണം വരെയും തുടര്‍ന്നു. 1988 മുതല്‍ മര്‍കസ് സ്ഥാപനങ്ങളുടെ വൈസ് പ്രസിന്റായിരുന്നു തങ്ങള്‍. 2010ല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മരണപ്പെട്ടതോടെ ആ വിടവ് നികത്തി അലി ബാഫഖി തങ്ങള്‍ പ്രസിഡന്റായി. തങ്ങളുടെ സാന്നിധ്യം സുന്നി പ്രസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. ആരെവിടെ പരിപാടി വെച്ച് വിളിച്ചാലും ഒഴിവുപോലെ തങ്ങള്‍ എത്തും.

എന്നെക്കാള്‍ ഒരുവയസ്സിന് മുതിര്‍ന്നതാണ് തങ്ങള്‍. എങ്കിലും അവിടുത്തെ വിനയവും താഴ്മയും എന്നെ ഒട്ടേറെ അമ്പരപ്പിച്ചിട്ടുണ്ട്. എന്ത് ചെറിയ കാര്യമുണ്ടെങ്കിലും എന്നോട് കൂടിയാലോചിക്കും. ഞങ്ങള്‍ക്കിടയിലെ കൂടിക്കാഴ്ചകള്‍ക്ക് ദൈര്‍ഘ്യം വന്നാല്‍ തങ്ങള്‍ തന്നെ മര്‍കസില്‍ എത്തിക്കാണും. തങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിപ്പെടുന്നതും ഈ അടുത്ത ബന്ധം കാരണമാകാം.