Home LATEST NEWS malyalam പുതിയ വാർത്ത എല്ലാം രാമഭക്തിയുടെ മറവിൽ

എല്ലാം രാമഭക്തിയുടെ മറവിൽ

3
0

Source :- SIRAJLIVE NEWS

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്ന് ശ്രീരാമന്റെ പേരിലാണ് സംഘടിപ്പിക്കപ്പെട്ടത്. എന്തെല്ലാം മൂല്യങ്ങളുടെ പേരിലായിരുന്നോ ഈ രാജ്യം കെട്ടിപ്പടുക്കപ്പെട്ടത് അതെല്ലാം തകര്‍ക്കാന്‍ ആരംഭിച്ച മുന്നേറ്റമായിരുന്നു അത്. മണ്ഡല്‍ കമ്മീഷന്‍ വലിയ വിവാദമായ നാളുകളില്‍ സവര്‍ണ താത്പര്യങ്ങളെ അരക്കെട്ടുറപ്പിച്ച ഒരു രഥയാത്ര ഈ രാജ്യത്തിന്റെ ഹൃദയത്തിലൂടെ കലപ്പ കുത്തിമറിച്ചു. ഗാന്ധിവധത്തിനും ശേഷം, മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം അടിയന്തരാവസ്ഥക്കും ശേഷം നിലകാണാതെ ഉഴറിയ ഹിന്ദുത്വ രാഷ്ട്രീയം എണ്‍പതുകളുടെ ഒടുവില്‍ ഉയിര്‍പ്പ് തേടുകയായിരുന്നു. ശരീഅത്ത് വിവാദവും ബോഫേഴ്‌സ് അഴിമതിയും ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവയോടൊപ്പം ചേര്‍ന്നുകിട്ടിയ സഖ്യവും ഏറ്റവും ഒടുവില്‍ മണ്ഡല്‍ കമ്മീഷന്‍ കാലത്തെ വെപ്രാളവും ചേര്‍ന്ന് രഥയാത്രക്ക് വേണ്ട ഇന്ധനം ഒരുക്കിനല്‍കി. ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ടുള്ള ആ രാഷ്ട്രീയ പ്രസ്ഥാനം ആദ്യം നിന്ദിച്ചത് ഈ രാജ്യത്തിന്റെ മതേതരത്വത്തെയോ ഭരണഘടനയെയോ ആയിരുന്നില്ല. എല്ലാത്തിനും മുമ്പേ ഹൈന്ദവ വിശ്വാസികളുടെ മര്യാദാ പുരുഷോത്തമന്‍ ശ്രീരാമനെ തന്നെയായിരുന്നു. സമാധാനപ്രിയനെന്ന് ഇതിഹാസം പറഞ്ഞ രാമനെ തീവ്ര ആണത്തത്തിന്റെ പേശി പിടിപ്പിച്ചും വില്ലുകുലപ്പിച്ചും പുനരവതരിപ്പിക്കുമ്പോള്‍ ബി ജെ പിയുടെയും മറ്റു സംഘ്പരിവാര്‍ സംഘടനകളുടെയും ഉള്ളില്‍ രാമഭക്തിയായിരുന്നില്ല സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു.

രാമജന്മ ഭൂമി രാഷ്ട്രീയം ബി ജെ പിയെ പെട്ടെന്ന് വളര്‍ത്തി. ഭൂരിപക്ഷ സമുദായത്തിനിടയില്‍ നുഴഞ്ഞുകയറിയ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അവരുടെ നിരക്ഷരതയെ, പട്ടിണിയെ, തൊഴിലില്ലായ്മയെ മുതലെടുത്തു. അപരനിര്‍മിതിയില്‍ ബാബറും ഔറംഗസേബും അവരുടെ മക്കളും (മുസ്‌ലിംകള്‍) ശത്രുപക്ഷത്ത് സ്ഥാപിക്കപ്പെട്ടു. പിന്നീട് പള്ളിപൊളിച്ചിടത്ത് ക്ഷേത്രം പണിയുമെന്ന വാഗ്ദാനത്തിനു പുറത്തായിരുന്നല്ലോ ബി ജെ പിയുടെ പില്‍ക്കാല തിരഞ്ഞെടുപ്പ് അജന്‍ഡകളെല്ലാം കെട്ടിവെച്ചത്. ഏറ്റവും ഒടുവില്‍ രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് അങ്ങനെയൊരു ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടു. അതിനു വേണ്ടിയുള്ള വിധിയും വീതം വെപ്പും കോടതികള്‍ എഴുന്നളിച്ചു. നീതിയും നിയമവും നിയമ യുക്തിയും ഭൂരിപക്ഷ വൈകാരികതയുടെ സൗകര്യം പരിഗണിച്ച് അവഗണിക്കപ്പെട്ടുവെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ മൂന്ന് പതിറ്റാണ്ട് നീണ്ട സംഘ്പരിവാര്‍ വാഗ്ദത്തം പുലര്‍ന്നു.

രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ചില്ലറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബാക്കിയായിരുന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ അത് നടന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉടനീളം മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായി ആഘോഷിച്ചതും രാമജന്മഭൂമി ക്ഷേത്രം തന്നെയായിരുന്നു. അയോധ്യയിലേക്ക് രാം ലല്ലയെ കൈപിടിച്ചു നടത്തിക്കൊണ്ടുവരുന്ന മോദിയുടെ ആനിമേറ്റഡ് ചിത്രങ്ങള്‍ വരെ നിര്‍ലജ്ജം ബി ജെ പി. ഐ ടി സെല്ലുകള്‍ പടച്ചുവിട്ടു. രാമനെ കൊണ്ടുവന്നതാരോ, അവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് ബി ജെ പി നേതാക്കള്‍ താളത്തില്‍ പ്രസംഗിച്ചു നടന്നു. 400 സീറ്റ് നേടി മൂന്നാമതും അധികാരത്തില്‍ വരികയാണ് മോദി ലക്ഷ്യം വെച്ചത്.

അധികാരത്തില്‍ മൂന്നാമതും വാഴിക്കപ്പെട്ടെങ്കിലും രാമക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ടാക്കിയ പ്രചാരണങ്ങള്‍ ഗുണം ചെയ്തുകണ്ടില്ല. 400 സീറ്റ് പോയിട്ട് ബി ജെ പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം പോലും കിട്ടിയില്ല. ബി ജെ പിയെ ഏറ്റവും ഞെട്ടിച്ചത് അയോധ്യയിലെ തോല്‍വിയായിരുന്നു. അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പി സ്ഥാനാര്‍ഥി ഇന്ത്യ സഖ്യത്തിന് വേണ്ടി മത്സരിച്ച സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയോട് തോറ്റത്. അതൊരു സൂചനയാണെന്ന് പലരും പറഞ്ഞു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ ട്രെഷറി ബഞ്ചുകളെ നോക്കി ഇക്കാര്യം പറഞ്ഞു. കഴിഞ്ഞ ദിവസം എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്, അയോധ്യ ബി ജെ പിയുടെ ലങ്കയാകുമെന്നാണ്.

ആ രാമക്ഷേത്രത്തിലെ അഴിമതിയാണ് പുതിയ വിഷയം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടിയിലധികമാണ് ക്ഷേത്രത്തിന്റെ വരുമാനം. കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ സംഘ്പരിവാര്‍ താത്പര്യത്തില്‍ രൂപവത്കരിച്ച ട്രസ്റ്റിനാണ് ക്ഷേത്രം നടത്തിപ്പ് ചുമതല. അതിനിടെ രാമക്ഷേത്രത്തിലേക്ക് വരുന്ന കാണിക്കയില്‍ ട്രസ്റ്റിലെ സംഘ്പരിവാര്‍ നേതാക്കള്‍ കൈയിട്ടുവാരുകയാണെന്ന് എസ് പിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മറ്റു പലരും ക്ഷേത്ര നടത്തിപ്പിലെ അപാകതകളെ പറ്റി പറഞ്ഞു.

കാണിക്കയായി ലഭിക്കുന്ന പണം ട്രസ്റ്റ് അംഗങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോകുകയാണെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ച സ്വര്‍ണവും വെള്ളിയും മോഷ്ടിക്കപ്പെട്ടുവെന്നും ഏതാണ്ട് 200 കോടി രൂപയുടെ കൊള്ളയാണ് ഇവിടെ നടന്നതെന്നും ആരോപണങ്ങള്‍ കനത്തു. ഇതിനിടെ ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നതോടെ യോഗി സര്‍ക്കാറും ബി ജെ പി- ആര്‍ എസ് എസ് നേതൃത്വവും വെട്ടിലായി. 1,600 കോടിയോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍. കണക്കുകള്‍ എത്രയായാലും, അത് എത്ര ചെറുതായാലും വലുതായാലും, ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കുന്നവരോട് പൊറുക്കില്ല എന്ന വ്യവഹാരം സജീവമാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം കൊണ്ടാണോ പ്രതിപക്ഷ പാര്‍ട്ടികളുടെ എം പിമാരെ വിലക്കുവാങ്ങി പാര്‍ട്ടികളെ പിളര്‍ത്തുന്നതെന്നും അവര്‍ ചോദിക്കാന്‍ ആരംഭിച്ചതോടെ ബി ജെ പി ശരിക്കും പെട്ടുപോയി.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അയോധ്യ രാമക്ഷേത്രത്തിലെ അഴിമതി “പണി’ തരുമെന്ന് യോഗി ആദിത്യനാഥിന് നിശ്ചയമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണത്തിന് എസ് ഐ ടിയെയും നിയോഗിച്ചു. എന്നാല്‍ ഇത് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (പ്രത്യേക അന്വേഷണ സംഘം) അല്ലെന്നും കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടി തയ്യാറാക്കിയ സ്‌പെഷ്യല്‍ കവറപ്പ് ടീം ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വി എച്ച് പി നേതാവ് ചമ്പത് റായ് നേതൃത്വം കൊടുക്കുന്ന ട്രസ്റ്റിലെ ഏതാണ്ട് എല്ലാ അംഗങ്ങളും ഈ കൊള്ളയില്‍ പങ്കാളികളാണ്. ട്രസ്റ്റിന്റെ പ്രധാന പദവികളില്‍ നിന്ന് ചമ്പത് റായിയും കൂട്ടാളികളും ഇതിനകം രാജിവെച്ചുകഴിഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് പ്രദേശത്ത് സര്‍ക്കാര്‍ നടപ്പാക്കിയ “വികസന’ നടപടികളില്‍ ആയിരങ്ങളാണ് വീടുകളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ട് പെരുവഴിയിലായത്. സമ്പന്നര്‍ക്കും സവര്‍ണര്‍ക്കും മാത്രമായി ഒരു വി ഐ പി ക്ഷേത്രവും അനുബന്ധ സൗകര്യങ്ങളും പണിയുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്ന വിമര്‍ശനത്തിന്റെ ഫലമായിരുന്നു 2024ലെ തോല്‍വി. രാമജന്മഭൂമി എന്ന് അടയാളപ്പെടുത്തിയ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജന്മസ്ഥാന്‍ മന്ദിര്‍ അടക്കം മുപ്പതിലധികം ക്ഷേത്രങ്ങളാണ് സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും സമാനമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കാശി വികസനത്തിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ നിലംപരിശാക്കിയിരുന്നു. അവിടെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി ഏറെ വിയര്‍ത്താണ് ജയിച്ചു കയറിയത്.

ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും രാമഭക്തി വെറും പൊള്ളയാണെന്നും വെറും കച്ചവടവും അഴിമതിയും രാഷ്ട്രീയ താത്പര്യങ്ങളുമാണ് അവര്‍ക്കെല്ലാമെന്നും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഒരുകാലത്ത് രാമജന്മഭൂമി ക്ഷേത്രം എന്ന വൈകാരികതയുടെ പേരില്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നവര്‍ പോലും ഇപ്പോള്‍ നേരെന്താണെന്ന് തിരിച്ചറിയുന്നുണ്ട്. അവരുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇക്കാണുന്ന നേതാക്കളാരും വരുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. ഒരുപക്ഷേ ബി ജെ പിയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും. അഖിലേഷ് പറയുന്നതു പോലെ അയോധ്യ ബി ജെ പിയുടെ ലങ്കയാകും. അതില്‍ സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ സ്വപ്‌നം കത്തിച്ചാമ്പലാകും. രാമന്റെ പേരില്‍ പള്ളി പൊളിച്ചവര്‍, രാമന്റെ പേരില്‍ അവിടെ ക്ഷേത്രം പണിതവര്‍, അതേ രാമന്റെ പേരില്‍ ഭക്തജനങ്ങളെ കൊള്ളയടിച്ചവര്‍… അവരെ യഥാര്‍ഥ ഹിന്ദു ഭക്തര്‍ വെറുതെ വിടുമോ? സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളാണ് വരുന്നതെങ്കില്‍ മണ്ണുപറ്റുന്ന ഫലങ്ങളാകും ബി ജെ പിയെ കാത്തിരിക്കുന്നത്. ആര്‍ക്കറിയാം!?