Source :- SIRAJLIVE NEWS
ശ്രദ്ധിച്ച് കേൾക്കൂ… നമ്മുടെ ചലനങ്ങളോരോന്നും കർമ പുസ്തകത്തിൽ കുറിക്കപ്പെടുന്നുണ്ട്. തെറ്റുകളിലേക്ക് കുതറാതെ സന്മാർഗചാരിയായി ജീവിക്കണമെന്നാണ് മനുഷ്യരോട് കൽപ്പിക്കപ്പെട്ടത്. നെല്ലും പതിരും തിരിച്ചറിയിക്കാൻ നബിമാരെ അയക്കപ്പെട്ടിട്ടുണ്ട്. മികവുറ്റ ജീവിതം നയിക്കാനാവശ്യമായ നിർദേശങ്ങളും നിയമങ്ങളും അല്ലാഹു നൽകിയിട്ടുണ്ട്. അതനുസരിച്ച് സഞ്ചരിക്കുന്നവർക്ക് മഹത്തായ പ്രതിഫല വാഗ്ദത്തവും അല്ലാത്തവർക്ക് ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പും നൽകി. അവന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്താൻ മലക്കുകൾ പ്രവർത്തനനിരതരാണ്. സദാ ശ്രദ്ധാലുക്കളാണവർ. വള്ളിപുള്ളി വിടാതെ എല്ലാം അടയാളപ്പെടും.
ആ രേഖകൾ ഒടുവിൽ അഭൗമിക ലോകത്ത് പ്രസിദ്ധപ്പെടുത്തും. അവകാശികളെ അത് ഏൽപ്പിക്കും. ചിലർക്ക് വലത് കൈയിൽ മറ്റു ചിലർക്ക് ഇടതു കൈയിൽ അത് ലഭിക്കും. അങ്ങനൊന്ന് കാണുമ്പോൾ മാത്രം ദൈവിക നിരീക്ഷണത്തെ പ്രതി ചിന്തിക്കുന്ന ചില ഹതഭാഗ്യരുണ്ട്. അമ്പരപ്പോടെ, പരിഭ്രാന്തിയോടെ അവർ പറയും “ഹൗ! വല്ലാത്തൊരു ഗ്രന്ഥം തന്നെ! നിസ്സാരവും ഗൗരവമുള്ളതുമായ ഒന്നും വിട്ട് കളഞ്ഞിട്ടില്ലല്ലോ’
കൂട്ടുകാരേ…
എല്ലാത്തിനും ഉത്തരവാദിത്വം കൊടുത്ത അല്ലാഹു മാലാഖമാരിൽ ചിലർക്ക് നിരീക്ഷണോത്തരവാദിത്വമാണ് കൊടുത്തത്. ഒന്നും അവന്റെ ബലഹീനത കൊണ്ടല്ല. മനുഷ്യർക്ക് ആ നിരീക്ഷണത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ് അല്ലാഹു അങ്ങനെ സംവിധാനിച്ചത്. മലക്കുകൾ ഉത്തരവാദിത്വം സൂക്ഷ്‌മമായി നിർവഹിക്കും. അവരുടെ കണ്ണ് വെട്ടിക്കാനോ ഒഴിഞ്ഞുമാറാനോ സാധ്യമല്ല.
അവർക്ക് ക്ഷീണമോ വിശ്രമമോ ഇല്ല. ആരുടെയും സ്വാധീനത്തിനോ പ്രലോഭനത്തിനോ പ്രകോപനത്തിനോ വശംവദരാകാതെ അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളായ മലക്കുകളുടെ നിരീക്ഷണം സമ്പൂർണവും സത്യസന്ധവുമായിരിക്കും. ആ പുസ്‌തകങ്ങളെല്ലാം നമ്മോട് നേര് പറയും പോലെ പരലോകത്ത് വെച്ച് സർവ അവയവങ്ങളും, ആത്മാവിന്റെ നിയന്ത്രണത്തിലായി അവർ ചെയ്ത് കൂട്ടിയതെല്ലാം വിളിച്ച് പറയും. യഥാർഥത്തിൽ നമ്മുടെ അംഗങ്ങൾ സ്വതന്ത്രരായിരുന്നില്ല. ആത്മാവിന്റെ പരമാധികാരത്തിനു കീഴിൽ ആജ്ഞാനുവർത്തികളായി അടിമ വേല ചെയ്തവരാണവർ. ആത്മാവ് കൽപ്പിച്ചത് അവർക്ക് പ്രവർത്തിക്കേണ്ടി വന്നു. പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നു. മനസ്സ് രാജാവും അവയവങ്ങൾ പ്രജകളുമാണ്. മനസ്സിന്റെ കൽപ്പന നിരുപാധികം അനുസരിച്ച് നടപ്പാക്കുകയാണ് ശരീരം ചെയ്യുന്നതെന്ന് ഇമാം ഗസ്സാലി(റ) നിരീക്ഷിച്ചിട്ടുണ്ട്.
പരലോകത്ത് മനുഷ്യാത്മാവ് തടവിലകപ്പെട്ടാൽ പിന്നെ, ശരീരം സ്വതന്ത്രമാകും. ഭൗമിക ലോകത്ത് ആത്മാവിന്റെ അടിമത്തത്തിൽ ഞ്ഞെരുങ്ങി നിൽക്കേണ്ടി വന്ന അവയവങ്ങൾ ആത്മാവിനെതിരെ തെളിവുകളുമായി രംഗത്തുണ്ടാകും. കളവ് പറഞ്ഞ് ശീലമുള്ള നാവ് അന്ന് ചലിക്കില്ല. പകരം, മറ്റുള്ള അവയവങ്ങൾ മിണ്ടിത്തുടങ്ങും. സൂറ: യാസീൻ ആ കാര്യം തെളിച്ചു പറയുന്നുണ്ട്. ” ഇന്ന് നാം അവരുടെ വായക്ക് സീൽ വെക്കും , അവരുടെ കൈകൾ നമ്മോട് സംസാരിക്കും’ എന്ന്’. അതെങ്ങനെ?! എന്ന ചോദ്യം അതിനൂതന കാലത്ത് അപ്രസക്തമാണ്. വിശ്വാസികൾക്കോ സംശയത്തിന് ഒരു സ്ഥാനവുമില്ല. നാവിന്റെ ചലനങ്ങൾ ശബ്‌ദങ്ങളാക്കി മാറ്റിയ അല്ലാഹുവിന് മറ്റുള്ള അവയവങ്ങളെ കൊണ്ട് സംസാരിപ്പിക്കൽ ലളിതം. നബിമാരുടെ മുമ്പിൽ കല്ലും മരങ്ങളും മൃഗങ്ങളുമൊക്കെ സംസാരിച്ചത് ഹദീസുകളിൽ ധാരാളവുമുണ്ട്.
കൂട്ടരേ… സൂറ: ഫുസ്വിലതിന്റെ 20-22 ആയത്തൊന്ന് വായിക്കൂ…
നരകത്തിൽ അവർ ചെന്നാൽ അവരുടെ കാതുകളും ചർമങ്ങളും സ്വന്തം കർമത്തിന്റെ പേരിൽ അവർക്കെതിരെ സാക്ഷിനിൽക്കും. ഞങ്ങൾക്കെതിരെ എന്തിനാണു സാക്ഷി നിൽക്കുന്നതെന്നു ചർമങ്ങളോടവർ ചോദിക്കും. എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹുവാണ് ഞങ്ങളെ സംസാരിപ്പിച്ചതെന്ന് അവ പ്രത്യുത്തരം നൽകും. നേരത്തെ നിങ്ങളെ സൃഷ്ടിച്ചതവനാണ്. അവനിലേക്കു നിങ്ങൾ മടക്കപ്പെടും’
ഈ വിരൽത്തുമ്പ് കൊണ്ട് മാത്രം മനുഷ്യർ എത്ര ദുഷ്കർമങ്ങളാണ് ചെയ്തതല്ലേ? ശ്ലീലമല്ലാത്ത സെർച്ചിംഗുകൾ, ചാറ്റിംഗുകൾ, സ്ക്രോളിംഗുകൾ, കാലുകൾക്ക് എത്ര വേണ്ടാത്തിടങ്ങളിലേക്ക് നടക്കേണ്ടിവന്നു. കാതുകൾക്ക് വേണ്ടാത്തതെത്ര കേൾക്കേണ്ടി വന്നു. അങ്ങനെയങ്ങനെ പാവം അവയവങ്ങൾക്ക് ആത്മാവിന്റെ അധികാരത്തിനു കീഴ്പ്പെട്ട് പല വേണ്ടാവൃത്തികളുമുണ്ടായിട്ടുണ്ട്.
എല്ലാം നമുക്ക് വിനയാകും. കതകടച്ച് കുറ്റിയിട്ടാലും തെളിവ് നശിപ്പിച്ചാലും ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും കാഴ്ചപ്പുറത്ത് നിന്ന് മറച്ചാലും ന്യായീകരിച്ചാലും കളവ് പറഞ്ഞ് രക്ഷപ്പെട്ടാലും ക്യാമറ മറികടന്നാലും യഥാർഥ നിരീക്ഷണത്തിൽ നിന്ന് പുറത്ത് കടക്കാനാകില്ല. കുറച്ചധികം ജാഗ്രത നമുക്ക് വേണം. താത്കാലിക ആസ്വാദനങ്ങൾക്കായി നമ്മുടെ ശ്രദ്ധയെ പണയം വെക്കരുത്. അശ്രദ്ധ വരുത്തുന്ന ഇടിവ് ഭീമമായ നഷ്‌ടങ്ങളാണ് സൃഷ്‌ടിക്കുക. നാം ഏറെ സ്നേഹിക്കുന്ന നമ്മുടെ ശരീരം നമുക്കെതിരെ സാക്ഷി നിൽക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്ക് ജാഗ്രത്തരാകാം.
Content Highlights:
Every human action is meticulously recorded by vigilant angels and will be presented on the Day of Judgment. Renowned scholar Imam Ghazali noted that the physical body simply executes the commands of the soul during worldly life. Ultimately, standard deceptive words will fail as individual body parts testify directly regarding past actions.




