Home LATEST NEWS malyalam പുതിയ വാർത്ത എ ഐ ക്യാമറ; അപകടങ്ങളില്‍ കുറവില്ല

എ ഐ ക്യാമറ; അപകടങ്ങളില്‍ കുറവില്ല

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | സംസ്ഥാനത്ത് നിര്‍മിത ബുദ്ധി (എ ഐ) ക്യാമറ സ്ഥാപിച്ചതിലൂടെ വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ക്യാമറ സജ്ജമാക്കിയ ആദ്യവര്‍ഷങ്ങളിലേതിനോട് താരതമ്യം ചെയ്യുമ്പോള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ അപകടം മൂലമുള്ള മരണനിരക്ക് കുറഞ്ഞെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കിയതിന് ശേഷം 2023ല്‍ 48,068 അപകടങ്ങളാണുണ്ടായത്. ഇതില്‍ 4084 പേര്‍ മരണപ്പെട്ടു. 54,286 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ 2024ല്‍ അപകടങ്ങളുടെ എണ്ണവും പരുക്കേറ്റവരുടെ എണ്ണവും വീണ്ടും കൂടി. 48,834 അപകടങ്ങളുണ്ടായതില്‍ 54,796 പേര്‍ക്കാണ് പരുക്കേറ്റത്. 2025ലാകട്ടെ അപകടങ്ങളുടെ എണ്ണം 49,889 ആയി വര്‍ധിച്ചു. പരുക്കേറ്റവരുടെ എണ്ണവും 56,922 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 18,598 അപകടങ്ങളാണുണ്ടായത്. ഇതില്‍ 21,255 പേര്‍ക്കാണ് പരുക്ക് പറ്റിയത്. എന്നാല്‍ വാഹനങ്ങളുടെ എണ്ണം പ്രതിവര്‍ഷം ആറ് ശതമാനം വര്‍ധിച്ചപ്പോഴും അപകടനിരക്ക് വലിയരീതിയില്‍ കൂടിയില്ലെന്നാണ് അധികൃതരുടെ വാദം.

അതേസമയം സംസ്ഥാനത്തുടനീളം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കണ്‍ട്രോള്‍ റൂമുകളും എ ഐ ക്യാമറകളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ്‌സ്‌ക്വാഡുകളും സജ്ജമാക്കിയതിലൂടെ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മാത്രം വിവിധ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി 43,75,137 ഓളം ഇ-ചെലാനുകള്‍ തയ്യാറാക്കി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതിന് ശേഷം റോഡ് സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കുന്നതിലും കാറുകളിലെ മുന്‍സീറ്റുകളിലെയും പിന്‍സീറ്റുകളിലെയും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലും വലിയ വര്‍ധനവുണ്ടായി. ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം ഗണ്യമായി കുറഞ്ഞു.

ജംഗ്ഷനുകളിലും പ്രധാന പാതകളിലും സ്ഥാപിച്ച ക്യാമറകള്‍ കാരണം അശ്രദ്ധമായ ഡ്രൈവിംഗും സിഗ്നല്‍ തെറ്റിക്കുന്ന പ്രവണതയും കുറഞ്ഞു. റോഡിലെ അച്ചടക്കം വര്‍ധിച്ചതോടെ അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളുടെയും ഗുരുതരമായ പരുക്കുകളുടെയും നിരക്ക് കുറക്കാന്‍ സാധിച്ചുവെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയില്ലാത്തവിധം ചിത്രങ്ങള്‍ സഹിതം വാഹന ഉടമക്ക് ഫോണിലേക്ക് സന്ദേശമെത്തുന്നതിനാല്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള അനാവശ്യ തര്‍ക്കങ്ങള്‍ ഇല്ലാതായി. ആരും കാണാനില്ലെങ്കിലും ക്യാമറ കാണുന്നുണ്ടെന്ന ചിന്ത ഡ്രൈവര്‍മാരില്‍ കൂടുതല്‍ ഉത്തരവാദിത്വബോധം ഉണ്ടാക്കിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights:
The implementation of AI cameras in Kerala has not significantly reduced the number of road accidents across the state. Statistics indicate that traffic violations and speeding incidents remain high despite continuous automated surveillance. Authorities are reviewing the system to improve enforcement effectiveness.