Source :- SIRAJLIVE NEWS
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ പ്രൊജക്ടുകളുടെ ഭാഗമാകാൻ വിദ്യാർഥികൾക്ക് അവസരം. ഐ എസ് ആർ ഒയിൽ പ്രവർത്തിക്കാനാണ് വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നത്. തിരുവനന്തപുരം വി എസ് എസ് സി ഉൾപ്പെടെയുള്ള ഐ എസ് ആർ ഒയുടെ വിവിധ യൂനിറ്റുകളിലായി ഇന്റേൺഷിപ്പ് ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യു ജി/പി ജി/പിഎച്ച് ഡി വിദ്യാർഥികളായിരിക്കണം.
പരമാവധി 45 ദിവസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. ബന്ധപ്പെട്ട പ്രൊജക്ടുകൾക്കനുസരിച്ച് സമയപരിധി ലഭിക്കും. പരിശീലനത്തിന്റെ കാലയളവ് അതത് കേന്ദ്രങ്ങളുടെ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമായിരിക്കും. ചില കേന്ദ്രങ്ങളിൽ പ്രൊജക്ട് വർക്കിനും അവസരമുണ്ട്.
വി എസ് എസ് സി
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്സ് സെന്ററിൽ (വി എസ് എസ് സി) നവംബർ ഒന്നിനാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്. സയൻസ്, ടെക്‌നോളജി വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകൾ ചെയ്യുന്നവർക്കാണ് അവസരം. ഇന്റേൺഷിപ്പിന്റെ കാലാവധി 21 മുതൽ 45 ദിവസം വരെയാണ്. ഇന്റേൺഷിപ്പ് കാലയളവിൽ സ്‌റ്റൈപെൻഡോ സാമ്പത്തിക സഹായമോ ലഭിക്കില്ല.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് റെഗുലർ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. യോഗ്യതാ പരീക്ഷക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 സി ജി പി എ ആവശ്യമാണ്.
പരിഗണിക്കുന്ന കോഴ്സുകൾ
ബി ടെക്/ബി ഇ(എയ്റോനോട്ടിക്കൽ, എയ്റോസ്‌പേസ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, സെറാമിക് എൻജിനീയറിംഗ്, കെമിക്കൽ, സിവിൽ, കന്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ്, എൻജിനീയറിംഗ്, ഫിസിക്‌സ്, ഫയർ ആൻഡ് സേഫ്റ്റി, ഇൻഡസ്ട്രിയൽ, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻസ്ട്രുമെന്റേഷൻ, മെറ്റീരിയൽ സയൻസ്, മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ, മെക്കാനിക്കൽ, പോളിമർ സയൻസ്, പ്രൊഡക്‌ഷൻ എൻജിനീയറിംഗ്)
- ബി എസ്- എം എസ്(കെമിസ്ട്രി, ഫിസിക്സ്)
- ബി എസ്‌സി (കെമിസ്ട്രി, ഫിസിക്‌സ്)
- ഇന്റഗ്രേറ്റഡ് എം എസ്‌സി (കെമിസ്ട്രി, ഫിസിക്‌സ്)
- ഇന്റഗ്രേറ്റഡ് എം ടെക്
- എം ടെക്
- എം ഇ
- എം എസ്‌സി (അറ്റ്‌മോസ്ഫറിക് സയൻസ്, കെമിസ്ട്രി, കന്പ്യൂട്ടർ സയൻസ് ഇൻ ഡാറ്റാ അനലറ്റിക്സ്, കന്പ്യൂട്ടർ സയൻസ് ഇൻ ഡാറ്റാ സയൻസ്, മീറ്റിയറോളജി, ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, ഓഷ്യനോഗ്രഫി, ഫിസിക്‌സ്, സ്‌പെയ്സ് ഫിസിക്‌സ്, സ്‌പെയ്സ് സയൻസ് ആൻഡ് ടെക്‌നോളജി).
- പിഎച്ച് ഡി: ബി ഇ/ബി ടെക്, ബി എസ്‌സി(ഫിസിക്സ്/കെമിസ്ട്രി), ഇന്റഗ്രേറ്റഡ് എം എസ്‌സി/ബി എസ്- എം എസ് (ഫിസിക്‌സ്/കെമിസ്ട്രി)/ ഇന്റഗ്രേറ്റഡ് എം ടെക് പഠിക്കുന്നവർ നാലാം സെമസ്റ്റർ പൂർത്തിയാക്കിയിരിക്കണം. മുൻ സെമസ്റ്ററുകളിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡുണ്ടായിരിക്കണം. എം ഇ/എ ടെക്/എം എസ്‌സി വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ പൂർത്തിയാക്കിയിരിക്കണം.
യോഗ്യതാ പരീക്ഷയിലും (ബി ഇ/ ബി ടെക്/ബി എസ്‌സി) നിലവിലെ കോഴ്സിലെ മുൻ സെമസ്റ്ററുകളിലും 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡുണ്ടായിരിക്കണം. പിഎച്ച് ഡി യോഗ്യതയുള്ളവർ കോഴ്സ്വർക്ക് പൂർത്തിയാക്കിയിരിക്കണം. യോഗ്യതാപരീക്ഷയിൽ (എം ഇ/ എം ടെക്/എം എസ്‌സി/ബി ഇ/ബി ടെക്/തത്തുല്യം) 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡുണ്ടായിരിക്കണം.
അപേക്ഷ
vsscinternship.vssc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മുന്പ് ചെയ്ത ഇന്റേൺഷിപ്പിന്റെ വിശദാംശങ്ങൾ, പ്രവൃത്തിപരിചയമുണ്ടെങ്കിൽ ആ വിവരങ്ങൾ എന്നിവ അപേക്ഷയിലുണ്ടാകണം. അവസാന തീയതി ഈ മാസം 14.
യു ആർ റാവു സാറ്റ്‌ലൈറ്റ് സെന്റർ (ബെംഗളൂരു)
ബി ഇ/ബി ടെക്, എം ഇ/എം ടെക്, ബി എസ്‌സി/ഡിപ്ലോമ, എം എസ്‌സി, പിഎച്ച് ഡി യോഗ്യതയുള്ളവർക്ക് യു ആർ എസ് സിയുടെ ഇന്റേൺഷിപ്പ് പ്രോ ഗ്രാമിന്റെ ഭാഗമാകാം. ബി ഇ/ബി ടെക് വിദ്യാർഥികൾ ആറാം സെമസ്റ്ററും എം ഇ/എം ടെക്/എം എസ്‌സി യോഗ്യതയുള്ളവർ ഒന്നാം സെമസ്റ്ററും പൂർത്തിയാക്കിയിരിക്കണം.
ബി എസ്‌സി/ഡിപ്ലോമക്കാർ അവസാനവർഷക്കാരായിരിക്കണം. പിഎച്ച് ഡി യോഗ്യതയുള്ളവർ കോഴ്സ്വർക്ക് പൂർത്തിയാക്കിയിരിക്കണം.
കുറഞ്ഞത് 30 ദിവസം മുതൽ 120 ദിവസം വരെ കാലയളവിലാണ് പരിശീലനം.
ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ കാലയളവുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് നവംബർ രണ്ട് മുതൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.ursc.gov.in/hrd/students.jsp സന്ദർശിക്കുക.
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (തിരുവനന്തപുരം)
ബി ഇ/ബി ടെക്, എം ഇ/എംടെക് (മെക്കാനിക്കൽ, എയ്റോസ്‌പേസ്, ഇലക്ട്രോണിക്സ്, കന്പ്യൂട്ടർ സയൻസ്, സിവിൽ/കെമിക്കൽ/അനുബന്ധ ബ്രാഞ്ച്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് സ്ലോട്ടുകളായാണ് ബാച്ച് വിളിക്കുക. കുറഞ്ഞത് 21 ദിവസം മുതൽ 45 ദിവസം കാലയളവിലാണ് ഇന്റേൺഷിപ്പ് നൽകുക. വിശദവിവരങ്ങൾക്ക് www.lpsc.gov. in/Internship.html സന്ദർശിക്കുക.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (ഡെറാഡൂൺ)
ബി ഇ/ ബി ടെക്, എം ഇ/എം ടെക്, ബി എസ്‌സി/ഡിപ്ലോമ, എം എസ്‌സി, പിഎച്ച് ഡി യോഗ്യതയുള്ളവർക്ക് ഐ ഐ ആർ എസിന്റെ ഇന്റേൺഷിപ്പ് ചെയ്യാം. ബി ഇ/ബി ടെക് വിദ്യാർഥികൾ ആറാം സെമസ്റ്ററും എം ഇ/എം ടെക്/എം എസ്‌സി യോഗ്യതയുള്ളവർ ഒന്നാം സെമസ്റ്ററും പൂർത്തിയാക്കിയിരിക്കണം. ബി എസ്‌സി/ഡിപ്ലോമക്കാർ അവസാനവർഷക്കാരായിരിക്കണം. പിഎച്ച് ഡി യോഗ്യതയുള്ളവർ കോഴ്സ് വർക്ക് പൂർത്തിയാക്കിയിരിക്കണം. ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.iirs.gov.in/content/external-stude nt-internship സന്ദർശിക്കുക.
ഐ എസ് ടി ആർ എ സി (ബെംഗളൂരു)
ഐ എസ് ആർ ഒയുടെ സെന്ററുകളിലൊന്നായ ഐ എസ് ആർ ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഐ എസ് ടി ആർ എ സി) യു ജി/പി ജി/പിഎഎച്ച് ഡി യോഗ്യതയുള്ളവർക്ക് ഇന്റേൺ ഷിപ്പ് ചെയ്യാം. ബി ഇ/ബി ടെക് , എം ഇ/എം ടെക്, ബി എസ്‌സി, ഡിപ്ലോമ, എം എസ്‌സി, പിഎച്ച് ഡി യോഗ്യതയുള്ളവർക്ക് പ്രോഗ്രാമിന്റെ ഭാഗമാകാം. ബി ഇ/ബി ടെക് വിദ്യാർഥികൾ ആറാം സെമസ്റ്ററും എം ഇ/എം ടെക്/എം എസ്‌സി യോഗ്യതയുള്ളവർ ഒന്നാം സെമസ്റ്ററും പൂർത്തിയാക്കിയിരിക്കണം. ബി എസ്‌സി/ഡിപ്ലോമക്കാർ അവസാനവർഷക്കാരായിരിക്കണം. പിഎച്ച് ഡി യോഗ്യതയുള്ളവർ കോഴ്സ് വർക്ക് പൂർത്തിയാക്കിയിരിക്കണം.
30 മുതൽ 120 ദിവസംവരെ നീളുന്നതാണ് പരിശീലനം. ജനുവരി -മേയ് മാസങ്ങളിലായി നടക്കുന്ന പ്രോഗ്രാമിന് നവംബറിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.istrac.gov.in/Student_Internship.html സന്ദർശിക്കുക. അക്കാദമിക് മികവിന്റെയും സാങ്കേതിക പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക് www.isro.gov.in സന്ദർശിക്കുക.
Content Highlights:
ISRO invites applications from undergraduate, postgraduate, and PhD students for internship programs across various units including VSSC, URSC, and LPSC. Candidates with a minimum 60% mark in science and engineering disciplines can apply. Applications for the VSSC internship close on September 14.




