Source :- SIRAJLIVE NEWS
പൂനെ | മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ഒമ്പത് വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. .സംഭവവുമായി ബന്ധപ്പെട്ട് 25 കാരനായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിറകെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്നും കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാരും കുടുംബാംഗങ്ങളും പൂനെ-നാസിക് ഹൈവേ ഉപരോധിച്ചു.
കര്‍ഷക കുടുംബാംഗമായ പെണ്‍കുട്ടി നാലാം ക്ലാസിലാണ് പഠിച്ചിരുന്നത്. സുഖമില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചൊവ്വാഴ്ച സ്‌കൂളില്‍ പോയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ഉച്ചസമയത്ത് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് എത്തിയ പ്രതിയായ സഹില്‍ ഖേരെ കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്.
കുട്ടിയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്താകെ തിരച്ചില്‍ നടത്തി. മണിക്കൂറുകളോളം നടത്തിയ പരിശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയായ യുവാവും നാട്ടുകാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം കുട്ടിയെ തിരയാന്‍ ഇറങ്ങിയിരുന്നു.
പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ തുടങ്ങി. അന്വേഷണത്തിനിടയില്‍, ഒരു സിസിടിവി ദൃശ്യത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു സംശയാസ്പദമായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.ദൃശ്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍, സൈക്കിളില്‍ കണ്ടത് താനാണെന്ന് സാഹില്‍ ഖൈരെ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു.
പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോടിന് സമീപമുള്ള ഒരു മരച്ചുവട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
Content Highlights: A 25-year-old neighbor was arrested for sexually assaulting and murdering a 9-year-old girl in Pune, Maharashtra. The incident occurred when the victim was alone at home. Protesting residents blocked the Pune-Nashik highway demanding a fast-track trial and death penalty for the accused.




