Source :- SIRAJLIVE NEWS
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപറേഷന്‍ തൂഫാന്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കുറ്റവാളികളെ മുഖം നോക്കാതെ പിടികൂടുന്നതും മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതും യുവതലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ പോരാട്ടം ശരിയായ അര്‍ഥത്തില്‍ പൂര്‍ണവിജയം കൈവരിക്കണമെങ്കില്‍ അത് ഏതെങ്കിലും ഒരു തരം ലഹരിവസ്തുവിനെ മാത്രം ലക്ഷ്യമിടുന്ന പരിമിത പദ്ധതിയാകാതെ പാന്‍മസാലകള്‍, മയക്കുമരുന്ന്, മദ്യം, പുകയില ഉത്പന്നങ്ങള്‍, ലഹരിഗുളികകള്‍ എന്നിങ്ങനെ സമൂഹത്തെ ബാധിക്കുന്ന എല്ലാ തരം ലഹരികളെയും ഉള്‍ക്കൊള്ളുന്ന സമഗ്രപദ്ധതിയായി വികസിക്കേണ്ടതുണ്ട്.
ഈ പോരാട്ടത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പല മയക്കുമരുന്ന് കേസുകളിലും പിടിക്കപ്പെടുന്നവരില്‍ നിന്ന് പുറത്തെടുക്കുന്നത് ചെറിയ അളവിലുള്ള ലഹരിവസ്തുക്കള്‍ മാത്രമാണ്; കൈവശമുള്ള കൂടുതല്‍ അളവ് പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. അന്വേഷണത്തിലെയും വിചാരണയിലെയും തെളിവ് ശേഖരണത്തിലെ ബുദ്ധിമുട്ടുകള്‍, സാക്ഷികള്‍ കൂറുമാറുന്നത്, നിയമ നടപടികളിലെ പോരായ്മകള്‍ എന്നിവ കാരണം യഥാര്‍ഥ വിതരണശൃംഖലയിലെ പ്രധാന കണ്ണികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് പലപ്പോഴും ദുഷ്‌കരമാകുന്നു. പിടിക്കപ്പെടുന്നവര്‍ പോലും സാങ്കേതിക പഴുതുകള്‍ മുതലെടുത്ത് ശിക്ഷയില്‍ നിന്ന് ഒഴിവാകുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം പഴുതുകള്‍ പൂര്‍ണമായി അടയ്ക്കുന്ന വിധത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കുകയും തെളിവ് ശേഖരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വിചാരണ വേഗത്തിലാക്കുകയും ചെയ്യാതെ ഓപറേഷന്‍ തൂഫാന്‍ അതിന്റെ പൂര്‍ണലക്ഷ്യം കൈവരിക്കുക പ്രയാസമാണ്. പിടിക്കപ്പെടുന്ന ഓരോരുത്തരും അര്‍ഹമായ ശിക്ഷ അനുഭവിക്കുന്നു എന്ന ഉറപ്പ് ലഭിക്കുമ്പോള്‍ മാത്രമേ ഈ പോരാട്ടം സമൂഹത്തിന്റെ വിശ്വാസ്യത ആര്‍ജിക്കുകയുള്ളൂ.
അതോടൊപ്പം ഈ പോരാട്ടത്തിന്റെ ആത്മാര്‍ഥതയെക്കുറിച്ച് സമൂഹം ചോദിക്കുന്ന ഒരു അടിസ്ഥാന ചോദ്യവുമുണ്ട്. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന അതേ സര്‍ക്കാര്‍ തന്നെ മറ്റൊരു ലഹരിയുടെ ഏറ്റവും വലിയ വില്‍പ്പനക്കാരനായി തുടരുന്നത് ഏത് ന്യായംകൊണ്ടാണ് ന്യായീകരിക്കപ്പെടുക?
വ്യക്തിത്വത്തിന്റെ അപചയത്തിനും കുടുംബങ്ങളുടെ തകര്‍ച്ചക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റകൃത്യങ്ങളുടെ വര്‍ധനക്കും യുവത്വത്തിന്റെ അധപ്പതനത്തിനും മദ്യാസക്തി പ്രധാന കാരണമാണെന്ന് പഠനങ്ങളും അനുഭവങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. നിയമപരമാണെന്ന ഒറ്റക്കാരണത്താല്‍ മദ്യത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇല്ലാതാകുന്നില്ല. വീര്യം കുറഞ്ഞതെന്നും വീര്യം കൂടിയതെന്നും മദ്യത്തെ വേര്‍തിരിച്ചു കാണുന്നതും യുക്തിസഹമല്ല. കാരണം അളവിലും തരത്തിലും വ്യത്യാസമുണ്ടെങ്കിലും ലഹരി ഉളവാക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാന സ്വഭാവം, അതാണ് പ്രധാനം. ലഹരിയുടെ പേരും രൂപവും വ്യത്യസ്തമായിരിക്കാം. എന്നാല്‍ അതിന്റെ ഇരകള്‍ ഒരുപോലെയാണ്. തകരുന്ന കുടുംബങ്ങള്‍, വഴിതെറ്റുന്ന യുവത്വം, കണ്ണീര്‍ കുടിക്കുന്ന മാതാപിതാക്കള്‍, സുരക്ഷ നഷ്ടപ്പെടുന്ന സമൂഹം.
സര്‍ക്കാറിന് വരുമാനം അത്യാവശ്യമാണ്. നിയമപരമായ നിയന്ത്രണവും അനിവാര്യമാണ്. എന്നാല്‍ ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത് നികുതി വരുമാനമല്ല, ജനങ്ങളുടെ ആരോഗ്യവും കുടുംബങ്ങളുടെ സുരക്ഷയും യുവജനങ്ങളുടെ ഭാവിയുമാണ്. ഒരു തലമുറയുടെ ആരോഗ്യവും ഭാവിയും പണയപ്പെടുത്തി നേടുന്ന ഏത് സാമ്പത്തിക നേട്ടവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രത്തിന് നഷ്ടം മാത്രമേ വരുത്തിവെക്കൂ. അതുകൊണ്ട് സാമ്പത്തിക നേട്ടം ഒരിക്കലും പൊതുജനാരോഗ്യത്തിനും സാമൂഹിക ക്ഷേമത്തിനും മുകളിലാകാന്‍ പാടില്ല എന്ന നിലപാടില്‍ നയരൂപവത്കരണം ഉറച്ചുനില്‍ക്കണം.
ആകയാല്‍ മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുന്ന നയങ്ങള്‍, ലഹരിവിരുദ്ധ വിദ്യാഭ്യാസം ശക്തിപ്പെടുത്തല്‍, ചികിത്സാ പുനരധിവാസ സംവിധാനങ്ങളുടെ വ്യാപനം, യുവാക്കള്‍ക്കായി ബദല്‍ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മദ്യം ഉള്‍പ്പെടെയുള്ള എല്ലാ ലഹരികളെയും ഒരേ സാമൂഹിക ഉത്തരവാദിത്വത്തോടെ സമീപിക്കുകയും പിടിക്കപ്പെടുന്നവര്‍ക്ക് ഒരു പഴുതും അവശേഷിപ്പിക്കാത്ത കര്‍ശന നിയമനടപടികള്‍ ഉറപ്പുവരുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ലഹരിവിരുദ്ധ പോരാട്ടത്തിന് പൂര്‍ണത കൈവരികയുള്ളൂ.
ഓപറേഷന്‍ തൂഫാന്‍ യഥാര്‍ഥത്തില്‍ വിജയിക്കണമെങ്കില്‍ നിയമത്തിലെ പോരായ്മകള്‍ പൂര്‍ണമായി പരിഹരിച്ച്, ലഹരിയുടെ എല്ലാ രൂപങ്ങളെയും ഒരേ ആത്മാര്‍ഥതയോടെ നേരിടുകയും ജനങ്ങളുടെ ആരോഗ്യത്തെ ഏത് സാമ്പത്തിക പരിഗണനക്കും മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സമഗ്രമായ നയമാണ് അനിവാര്യം.




