Home rss national malayalam പുതിയ വാർത്ത ഓരോ കുഞ്ഞിനും പോഷകസമൃദ്ധമായ ബാല്യം

ഓരോ കുഞ്ഞിനും പോഷകസമൃദ്ധമായ ബാല്യം

2
0

Source :- SIRAJLIVE NEWS

ന്നത്തെ ആരോഗ്യമുള്ള കുഞ്ഞാണ് നാളത്തെ ആരോഗ്യമുള്ള സമൂഹം. കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യകാലം വളർച്ചയുടെയും വികാസത്തിന്റെയും ഏറ്റവും നിർണായക ഘട്ടമാണ്. ഈ കാലഘട്ടത്തിൽ ലഭിക്കുന്ന ശരിയായ പോഷണം കുഞ്ഞിന്റെ ശരീരവളർച്ചയെ മാത്രമല്ല, തലച്ചോറിന്റെ വികസനം, പ്രതിരോധശേഷി, പഠനശേഷി, പെരുമാറ്റം, ഭാവിയിലെ ആരോഗ്യനില എന്നിവയെയും സ്വാധീനിക്കുന്നു. അതിനാൽ കുഞ്ഞിന്റെ വിശപ്പ് മാറ്റുക എന്നതിലുപരി, ശരിയായ സമയത്ത്, ശരിയായ അളവിൽ, വൈവിധ്യമാർന്ന പോഷകസമൃദ്ധമായ ഭക്ഷണം നൽകുക എന്നതാണ് പ്രധാനപ്പെട്ടത്.

ജീവിതത്തിലെ ആദ്യ 1000 ദിവസങ്ങൾ

ഗർഭധാരണം മുതൽ കുഞ്ഞിന് രണ്ട് വയസ്സ് പൂർത്തിയാകുന്നതുവരെയുള്ള ആദ്യ 1000 ദിവസങ്ങൾ വളർച്ചയുടെയും ആരോഗ്യത്തിന്റെയും അടിത്തറയിടുന്ന കാലഘട്ടമാണ്. ഈ സമയത്ത് അമ്മയുടെ പോഷകാഹാരം, ജനനശേഷമുള്ള മുലയൂട്ടൽ, ശരിയായ സമയത്ത് ആരംഭിക്കുന്ന പൂരകാഹാരം എന്നിവക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ജനനം കഴിഞ്ഞ് ആദ്യ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുന്നതാണ് ഏറ്റവും അനുയോജ്യം. ആറ് മാസം പൂർത്തിയാകുമ്പോൾ കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ ഊർജവും പോഷകങ്ങളും മുലപ്പാലിൽ നിന്ന് മാത്രം ലഭ്യമാകാതെ വരുന്നതിനാൽ, മുലയൂട്ടൽ തുടരുന്നതിനൊപ്പം പ്രായത്തിന് അനുയോജ്യമായ പൂരകാഹാരം ആരംഭിക്കണം. മുലയൂട്ടൽ രണ്ട് വയസ്സ് വരെയോ അതിനപ്പുറമോ തുടരാം.

കൊളസ്ട്രം: കുഞ്ഞിന്റെ ആദ്യ സംരക്ഷണം

പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന കട്ടിയുള്ള മഞ്ഞനിറത്തിലുള്ള മുലപ്പാലാണ് കൊളസ്ട്രം (Colostrum). പോഷകങ്ങളും പ്രതിരോധഘടകങ്ങളും അടങ്ങിയ ഈ മുലപ്പാൽ നവജാതശിശുവിന്റെ ആദ്യത്തെ രോഗപ്രതിരോധ കുത്തിവെപ്പായി (First Vaccine) പ്രവർത്തിക്കുന്നു. അതിനാൽ കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുന്നത് വളരെ നല്ലതാണ്.

പൂരകാഹാരം വൈവിധ്യമാർന്നതാക്കാം

ആറ് മാസം കഴിഞ്ഞാൽ മുലപ്പാലിനൊപ്പം കട്ടിയുള്ളതും മൃദുവായതും പോഷകസമൃദ്ധവുമായ വീട്ടുഭക്ഷണം ചെറിയ അളവിൽ ആരംഭിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് ഭക്ഷണത്തിന്റെ അളവും കട്ടിയും വൈവിധ്യവും ക്രമേണ വർധിപ്പിക്കണം.

ഭക്ഷണത്തിൽ ഊർജം മാത്രമല്ല, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, കാൽസ്യം, വിവിധ വിറ്റാമിനുകൾ എന്നിവയും ലഭ്യമാക്കേണ്ടതാണ്. കഞ്ഞി, കുറുക്ക് പോലുള്ളവ മാത്രം നൽകുന്നതിന് പകരം റാഗി, പയർവർഗങ്ങൾ, മുട്ട, മത്സ്യം, പാൽ/ തൈര്, പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, നിലക്കടല തുടങ്ങിയ പ്രാദേശികമായി ലഭ്യമായ ഭക്ഷണങ്ങൾ വ്യത്യസ്ത രീതിയിൽ ഉൾപ്പെടുത്താം.

കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ  പ്രധാന ഭക്ഷണങ്ങൾ

ശരീരവളർച്ചക്ക് പ്രോട്ടീൻ

കുട്ടികളുടെ ശരീരവളർച്ചക്കും പേശികളുടെ വികസനത്തിനും പ്രോട്ടീൻ പ്രധാന പങ്കുവഹിക്കുന്നു.
മുട്ട, പാൽ, തൈര്, പയർ, കടല, പരിപ്പ്, മീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാധാരണയായി ലഭ്യമായതും ചെലവ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ പോലും നല്ല പോഷകസ്രോതസ്സുകളാണ്.

ഊർജത്തിന് ധാന്യങ്ങൾ

അരി, ഗോതമ്പ്, റാഗി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ കുഞ്ഞിന് ആവശ്യമായ ഊർജം നൽകുന്നു.
ആരോഗ്യം കാക്കാൻ പച്ചക്കറികളും പഴങ്ങളും ഇലക്കറികൾ, ക്യാരറ്റ്, മത്തങ്ങ, പപ്പായ, വാഴപ്പഴം, പേരയ്ക്ക തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ വിറ്റാമിനുകളും ധാതുക്കളും നൽകി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

ചെറിയ അളവിൽ ആരോഗ്യകരമായ കൊഴുപ്പ്

ഭക്ഷണത്തിൽ ചെറിയ അളവിൽ എണ്ണ, നെയ്യ് തുടങ്ങിയവ ഉൾപ്പെടുത്തുന്നത് കുഞ്ഞിന് കൂടുതൽ ഊർജം ലഭിക്കുന്നതിനും തലച്ചോറിന്റെയും നാഡീവ്യവസ്ഥകളുടെയും വളർച്ചക്കും സഹായിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കുട്ടി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ

കുട്ടികൾ ചില സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നത് സാധാരണമാണ്. എന്നാൽ നിർബന്ധിച്ച് ഭക്ഷണം കൊടുക്കുന്നത് നല്ല ശീലമല്ല. പകരം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

ഭക്ഷണം നിർബന്ധിച്ച് കൊടുക്കാതിരിക്കുക. ചെറിയ അളവിൽ, കൂടുതൽ തവണ ഭക്ഷണം നൽകുക. ഭക്ഷണത്തിൽ നിറവും രുചിയും വൈവിധ്യവും കൊണ്ടുവരുക. കുട്ടിയുടെ വിശപ്പും വയറുനിറവും തിരിച്ചറിയാൻ ശ്രമിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണം ഇടയ്ക്കിടെ നൽകാം.
കുട്ടിക്ക് ഇഷ്ടമുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ വിവിധ രീതിയിൽ തയ്യാറാക്കുക.

മൊബൈലോ ടെലിവിഷനോ കാണിച്ചുകൊണ്ട് ഭക്ഷണം നൽകുന്ന ശീലം ഒഴിവാക്കുക. കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അവസരം നൽകുക.
അമിതമായി പാൽ, ജ്യൂസ്, ചായ, പാക്കറ്റ് സ്‌നാക്‌സ് എന്നിവ നൽകുന്നത് ഒഴിവാക്കുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ, ചിപ്‌സ്, ബിസ്‌കറ്റ്, ചോക്ലേറ്റ്, ചായ കാപ്പി, മധുരപാനീയങ്ങൾ, അമിതമായി പഞ്ചസാരയും ഉപ്പും ചേർത്ത ഭക്ഷണങ്ങൾ എന്നിവ സ്ഥിരമായി കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കണം. ഇത്തരം ഭക്ഷണങ്ങൾ വയറ് നിറയ്ക്കുമെങ്കിലും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നില്ല, മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും പഞ്ചസാരയും കൊഴുപ്പും ദഹനപ്രശ്‌നങ്ങൾ, അമിതവണ്ണം, വിശപ്പില്ലായ്മ, പുഴുപ്പല്ല് തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്കും വഴിയൊരുക്കുന്നു.

ഓടിയും ചാടിയും ആരോഗ്യത്തോടെ വളരാം…

പോഷകസമൃദ്ധമായ ഭക്ഷണത്തോടൊപ്പം കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ശാരീരിക പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രായത്തിന് അനുയോജ്യമായ ഓട്ടം, ചാട്ടം, നടത്തം, കളികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പേശികളുടെയും അസ്ഥികളുടെയും വളർച്ചയും ശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആരോഗ്യകരമായ ശരീരഭാരവും മാനസികവും ശാരീരികവുമായ ക്ഷേമവും നിലനിർത്താൻ ഇത് സഹായകരമാകുന്നു.

വിരവിമുക്തമാക്കലും കുട്ടികളുടെ ആരോഗ്യവും

കുട്ടികളിലെ വിരബാധ, വിശപ്പില്ലായ്മ, വയറുവേദന, പോഷകക്കുറവ്, രക്തക്കുറവ്, ശരീരഭാരം കുറയുക തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യപ്രവർത്തകരുടെയോ ഡോക്ടറുടെയോ നിർദേശപ്രകാരം പ്രായത്തിന് അനുയോജ്യമായ സമയങ്ങളിൽ വിരവിമുക്തമാക്കൽ നടത്തണം,

ശുചിത്വശീലങ്ങൾ പാലിക്കുന്നതും കൈകൾ നന്നായി കഴുകുന്നതും സുരക്ഷിതമായ വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നതും വിരബാധ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

വളർച്ച നിരീക്ഷിക്കാം

കുട്ടി നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയാകില്ല. പ്രായത്തിനനുസരിച്ചുള്ള ശരീരഭാരം, ഉയരം, വളർച്ചയുടെ പുരോഗതി എന്നിവയും കൃത്യമായി നിരീക്ഷിക്കണം. കുട്ടിയുടെ ഭാരം തുടർച്ചയായി കുറയുകയോ വളർച്ച മന്ദഗതിയിലാകുകയോ ഭക്ഷണം കഴിക്കാൻ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ആരോഗ്യപ്രവർത്തകരുടെയോ ഡോക്ടറുടെയോ സഹായം തേടണം. സമയബന്ധിതമായ പരിശോധനയും പോഷക ഇടപെടലുകളും ഗുരുതരമായ പോഷകക്കുറവ് തടയാൻ സഹായിക്കും.

ശുചിത്വവും പോഷണവും കൈകോർക്കുമ്പോൾ

പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതുപോലെ തന്നെ നല്ല ശുചിത്വശീലങ്ങളും കുട്ടികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വയറിളക്കം, കുടൽവിരബാധ, മറ്റ് അണുബാധകൾ എന്നിവക്ക് ശുചിത്വക്കുറവ് കാരണമാകാം. അസുഖങ്ങൾ ആവർത്തിച്ചാൽ ശരീരത്തിൽ നിന്ന് വെള്ളവും പോഷകങ്ങളും നഷ്ടപ്പെടുകയും വളർച്ചയെ ബാധിക്കുകയും ചെയ്യാം.

ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിന് മുമ്പും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈ കഴുകുന്ന ശീലം വളർത്തുക. കുട്ടിയുടെ ഭക്ഷണപാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
ശുദ്ധമായ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. ഭക്ഷണം വൃത്തിയായി മൂടിവെക്കുക. പഴകിയതോ കേടായതോ ആയ ഭക്ഷണം നൽകാതിരിക്കുക. കുട്ടികളുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക.

Content Highlights:
The first 1000 days from pregnancy to two years shape a child’s brain development, immunity, and lifelong health. Breastfeeding for the first six months followed by nutrient-rich home-cooked complementary food ensures optimal growth. Practicing good hygiene, proper deworming, and monitored physical activity foster complete physical and mental well-being.