Source :- SIRAJLIVE NEWS
മുംബൈ | ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾക്ക് (Online banking fraud) ഇരയാകുന്നവർക്ക് ആശ്വാസവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) പുതിയ നഷ്ടപരിഹാര നിയമങ്ങൾ നിർദ്ദേശിച്ചു. ഡിജിറ്റൽ ഇടപാടുകളിലെ ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് അവലോകനം ചെയ്തുകൊണ്ട് ആർ ബി ഐ (RBI) പുറത്തിറക്കിയ കരട് നിയമങ്ങളിലാണ് ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പുകൾക്ക് ഭാഗിക നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം അവതരിപ്പിച്ചത്. യഥാർത്ഥ ഇരകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ നിയമങ്ങൾ 2026 ജൂലൈ 1 മുതൽ നടപ്പിലാക്കാനാണ് ആർ ബി ഐ പദ്ധതിയിടുന്നത്.
പുതിയ നിർദ്ദേശപ്രകാരം ഒരു വ്യക്തിക്ക് ഇലക്ട്രോണിക് ബാങ്കിങ് തട്ടിപ്പിലൂടെ 50,000 രൂപ വരെ നഷ്ടപ്പെട്ടാൽ ബാങ്കിൽ നിന്ന് ഭാഗിക നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കും. തട്ടിപ്പിലൂടെ ഉണ്ടായ അറ്റ നഷ്ടത്തിന്റെ 85 ശതമാനമോ അല്ലെങ്കിൽ 25,000 രൂപയോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ നഷ്ടം യഥാർത്ഥമാണെന്ന് ബാങ്കിന്റെ ആഭ്യന്തര പരിശോധനകളിൽ വ്യക്തമാകുകയും തട്ടിപ്പ് നടന്ന് അഞ്ച് കലണ്ടർ ദിവസങ്ങൾക്കുള്ളിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ (National Cyber Crime Reporting Portal) നാഷണൽ സൈബർ ക്രൈം ഹെൽപ്‌ലൈനിലോ (National Cyber Crime Helpline – 1930) ബാങ്കിലോ പരാതി നൽകുകയും ചെയ്തിരിക്കണം.
അനധികൃതമായി പണം പിൻവലിക്കുന്ന പരമ്പരാഗത തട്ടിപ്പുകൾക്ക് പുറമെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം കൈമാറുന്ന രീതികളും ഈ പുതിയ നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ സമ്മർദ്ദത്തിലായി പണം കൈമാറുന്ന സാഹചര്യങ്ങളും ഇതിൽ വരും. തട്ടിപ്പിലൂടെ 20,000 രൂപ നഷ്ടപ്പെട്ട വ്യക്തിക്ക് അതിന്റെ 85 ശതമാനമായ 17,000 രൂപ ലഭിക്കുമ്പോൾ 40,000 രൂപ നഷ്ടപ്പെട്ടയാൾക്ക് പരമാവധി പരിധിയായ 25,000 രൂപ മാത്രമേ ലഭിക്കൂ.
Also Read8th Pay Commission | അടിസ്ഥാന ശമ്പളത്തിലും HRA യിലും വരാനിരിക്കുന്ന വർധനവ് എത്ര? കണക്കുകൾ ഇങ്ങനെ…
അതേസമയം ബാങ്കിന്റെ സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ കാരണമാണ് തട്ടിപ്പ് നടന്നതെങ്കിൽ ഉപഭോക്താവിന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ബാങ്ക് തുക പൂർണ്ണമായും തിരികെ നൽകണം. എന്നാൽ ഒ ടി പി (OTP), പാസ്‌വേഡ്, പിൻ (PIN) എന്നിവ കൈമാറുന്നതും വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും ഉപഭോക്താവിന്റെ അശ്രദ്ധയായി കണക്കാക്കും. ബാങ്കുകൾ പരാതി ലഭിച്ച് 30 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി അഞ്ച് ദിവസത്തിനുള്ളിൽ യഥാർത്ഥ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആർ ബി ഐ നിർദ്ദേശിക്കുന്നു.
Content Highlights:
The Reserve Bank of India has proposed a new compensation mechanism under draft rules to assist genuine victims of small-value online banking frauds. Individuals losing up to Rs 50,000 in fraudulent electronic transactions can receive 85 percent of the net loss or up to Rs 25,000, whichever is less. To qualify for this once-in-a-lifetime compensation, the fraud must be reported to the bank and cyber crime portal within five days. Banks will have 30 days to examine the claims and must pay the valid compensation within five days of verification.




