Home LATEST NEWS malyalam പുതിയ വാർത്ത കശുവണ്ടി അഴിമതി: ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍...

കശുവണ്ടി അഴിമതി: ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ യു ഡി എഫ് സര്‍ക്കാര്‍ അനുമതി

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ യു ഡി എഫ് സര്‍ക്കാര്‍ അനുമതി. കശുവണ്ടി അഴിമതി കേസില്‍ ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സി ബി ഐ കുറ്റപത്രം നല്‍കിയ കേസില്‍ ആര്‍ ചന്ദ്രശേഖരന് പിണറായിസര്‍ക്കാര്‍ മൂന്നുതവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ വൈകാതെ ആരംഭിക്കും. മനോജ് കടകംപള്ളി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

പ്രോസിക്യൂഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയില്‍ നേരിട്ടെത്തി തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് മുഹമ്മദ് ഹനീഷനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി മൂന്നുതവണ നിര്‍ദേശിച്ചിട്ടും പ്രോസിക്യൂഷന്‍ അനുമതിനല്‍കാത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കോടതി നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസില്‍ മൂന്നാം പ്രതിയായ ആര്‍ ചന്ദ്രശേഖറിനെയും മുന്‍ എംഡി കെ എ രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതി തുടര്‍ച്ചയായി എല്‍ ഡി എഫ് സര്‍ക്കാര്‍ നിഷേധിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയാണോ സര്‍ക്കാര്‍ എന്നും കോടതി ചോദിച്ചിരുന്നു.
നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതിക്ക് നിര്‍ദേശം നല്‍കുകയും അതനുസരിച്ച് ഫയല്‍ നീങ്ങുകയും ചെയ്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ഇടപെടലില്‍ വിചാരണാ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

2020ല്‍ ആദ്യം അനുമതി നിഷേധിച്ചപ്പോള്‍ സി ബി ഐ അപേക്ഷ പുനഃപരിശോധിച്ച് മൂന്ന് മാസത്തിനകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെ ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനുള്ള കാരണമില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു. 2006 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതിചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനായ ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എം ഡി കെ എ രതീഷ് എന്നിവരാണ് പ്രതികള്‍. വിദേശത്ത് നിന്ന് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്ത്, സംസ്‌കരിച്ച കശുവണ്ടി നാട്ടിലും വിദേശത്തും വിപണനം ചെയ്യാനായി 1969ല്‍ തുടങ്ങിയതാണ് കേരള കാഷ്യു ഡവലപ്മെന്റ് കോര്‍പറേഷന്‍.

2008 മുതല്‍ പലവട്ടം സിഎജി ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിവര്‍ത്തിയില്ലാതെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണങ്ങളായി. ഫിനാന്‍ഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ വിങ് തുടങ്ങി സര്‍കാര്‍ നിയോഗിച്ച പ്രത്യേക സംഘം വരെ നടത്തിയ പരിശോധനകളെല്ലാം അടിമുടി ക്രമക്കേട് തെളിയിച്ചു. തോട്ടണ്ടി വാങ്ങുന്നതില്‍ തുടങ്ങി, കശുവണ്ടി പരിപ്പ് വിറ്റഴിക്കുന്നതില്‍ വരെ സര്‍വത്ര അഴിമതിയായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളിലെല്ലാം തോട്ടണ്ടി ഇറക്കുമതി ചെയ്ത കോട്ടയത്തെ ജെ എം ജെ ട്രേഡേഴ്സ് സപ്ലൈ ചെയ്തതെല്ലാം നിലവാരം കുറഞ്ഞത്. അവരുമായി വിലപേശി തുക ഉറപ്പിച്ചത് എം ഡി കെ എ രതീഷും ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനുമായിരുന്നു. ഇവര്‍ രണ്ടും മാത്രം ഒപ്പിട്ട ഈ രേഖ 2013ല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ വിങ് പരിശോധന നടത്തി പിടിച്ചെടുത്തതാണ്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോള്‍, ഇതേ രേഖയില്‍ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റുള്ളവരെ കൊണ്ടും ഒപ്പിടുവിച്ച് തട്ടിപ്പിന് നടത്തിയ നീക്കമാണ് തെളിഞ്ഞത്.

Content Highlights:
The UDF government has granted permission to prosecute INTUC leader R Chandrasekharan and former MD K A Ratheesh in the cashew corruption case. The decision follows a strict ultimatum and contempt proceedings from the Kerala High Court. The CBI had previously uncovered massive financial irregularities and low-quality raw cashew imports between 2006 and 2015.