Home rss national malayalam പുതിയ വാർത്ത കാനറികള്‍ക്കെതിരെ കളത്തില്‍; നീലക്കടുവകള്‍ക്ക് സ്വപ്‌ന രാത്രി

കാനറികള്‍ക്കെതിരെ കളത്തില്‍; നീലക്കടുവകള്‍ക്ക് സ്വപ്‌ന രാത്രി

2
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | അന്താരാഷ്ട്ര സൗഹൃദത്തില്‍ ബ്രസീലിനെതിരായ തങ്ങളുടെ ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. നാളെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം ചുമതലയേറ്റതു മുതല്‍ വിജയങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രയാസപ്പെടുകയാണ്. ഇതുവരെയുള്ള 13 മത്സരങ്ങളില്‍ രണ്ട് വിജയങ്ങളും അഞ്ച് സമനിലകളും അഞ്ച് തോല്‍വികളുമാണ് പട്ടികയിലുള്ളത്. 13 ല്‍ നാലെണ്ണം ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു (1 ജയം, 1 സമനില, 2 തോല്‍വി). ഇതോടെ 2015-ന് ശേഷം ആദ്യമായി ‘ബ്ലൂ ടൈഗേഴ്‌സ്’ ടൂര്‍ണമെന്റ് കാണാതെ പുറത്തായി.

എങ്കിലും, അവസാനം നടന്ന രണ്ട് മത്സരങ്ങളില്‍ തോല്‍വി ഒഴിവാക്കാന്‍ ടീമിന് സാധിച്ചു. താജിക്കിസ്ഥാനും പനാമക്കുമെതിരായ മത്സരങ്ങള്‍ സമനിലയില്‍ (1-1) പിരിയുകയായിരുന്നു. ഫിഫ ലോക റാങ്കിംഗില്‍ 138-ാം സ്ഥാനത്തുള്ള ഇന്ത്യക്ക്, ഇന്ന് ലോക ആറാം നമ്പറിലുള്ള ടീമിനെതിരെ തോല്‍വി ഒഴിവാക്കുക എന്നത് കടുപ്പമേറിയ ദൗത്യമാണ്. ബ്രസീലിനെതിരായ മത്സരത്തിനു ശേഷം ചൊവ്വാഴ്ച ഇന്ത്യ ഉറുഗ്വേയെ നേരിടും.

മറുവശത്ത് ആസ്ത്രേലിയക്കെതിരായ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ‘സെലെസാവോ’ ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. ആദ്യത്തേതില്‍ സമനില വഴങ്ങിയ മഞ്ഞപ്പട രണ്ടാം അങ്കത്തില്‍ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചിരുന്നു. ഇന്ത്യയാണെങ്കില്‍ തങ്ങളുടെ ഏറ്റവും ഒടുവിലത്തെ മത്സരത്തില്‍ പനാമയുമായി സമനിലയില്‍ പിരിഞ്ഞു.

2026 ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഇപ്പോള്‍ 2028-ലെ കോപ്പ അമേരിക്കയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകകപ്പിലെ റൗണ്ട് ഓഫ് 32-ല്‍ ജപ്പാനെതിരായ കടുപ്പമേറിയ മത്സരം മറികടന്നെങ്കിലും, നോര്‍വേക്കെതിരെ കാനറികള്‍ 2-1 ന് അടിയറവ് പറഞ്ഞു. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറുടെ അന്താരാഷ്ട്ര ഫുട്ബോള്‍ കരിയറിലെ അവസാന മത്സരമായിരുന്നു അത്.

1990-ന് ശേഷമുള്ള ഏറ്റവും മോശം ലോകകപ്പ് പ്രകടനത്തെക്കുറിച്ച് ചിന്തിക്കാന്‍ രണ്ട് മാസത്തെ ഇടവേള ലഭിച്ച ശേഷം, ആസ്േ്രതലിയക്കെതിരായ രണ്ട് സൗഹൃദ മത്സരങ്ങളിലൂടെ ബ്രസീല്‍ തിരിച്ചെത്തി. ആദ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചത് റയാന്‍ 95-ാം മിനുട്ടില്‍ നേടിയ ഗോളിലൂടെയാണ്. ചൊവ്വാഴ്ച ബ്രിസ്ബേനില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2-1 ന് പിന്നിലായ അവസ്ഥയില്‍ നിന്ന് തിരിച്ചുവന്ന അവര്‍ 4-2 ന് വിജയം നേടി. വാന്‍ഡേഴ്‌സണ്‍, റാഫിഞ്ഞ, ബ്രൂണോ ഗ്വിമാരേസ്, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ടീമിനായി ഗോള്‍ നേടിയത്.

2026 ലോകകപ്പിന് മുമ്പ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം കാര്‍ലോ ആഞ്ചലോട്ടിക്ക് ഇതുവരെ 19 മത്സരങ്ങളില്‍ 11 എണ്ണത്തിലും ടീമിനെ വിജയിപ്പിക്കാനായി. ബാക്കി നാലെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. കഴിഞ്ഞ 10 മത്സരങ്ങളില്‍ ഏഴിലും വിജയിക്കാന്‍ സെലെസാവോക്ക് സാധിച്ചു. ഇതില്‍ അഞ്ച് വിജയങ്ങളിലും കുറഞ്ഞത് മൂന്ന് ഗോള്‍ വീതം നേടുകയും ചെയ്തു. അതിനാല്‍, ഇന്ത്യക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ വലിയൊരു വിജയം നേടാന്‍ അവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

മത്സരത്തില്‍ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഇന്ത്യയുടെ ഗോള്‍വല കാക്കും. അഭിഷേക് സിംഗ്, ബിജോയ് വര്‍ഗീസ്, അന്‍വര്‍ അലി, ആകാശ് മിശ്ര എന്നിവരാണ് പ്രതിരോധനിരയിലെ മറ്റ് താരങ്ങള്‍. കളിച്ച ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ വില്യംസ്, ഇന്ത്യന്‍ ആക്രമണത്തിന്റെ പ്രധാന കുന്തമുനയായിരിക്കും.

ബ്രസീലിനെ സംബന്ധിച്ചിടത്തോളം, പരുക്കിനെ തുടര്‍ന്ന് റോമയുടെ വെസ്ലി, ചെല്‍സിയുടെ ജോവോ പെഡ്രോ എന്നിവരെ ഈ മത്സരത്തില്‍ ഉള്‍പ്പെടുത്താനാവില്ല. കഴിഞ്ഞ മത്സരത്തിനിടെ തുടയിലേറ്റ പരിക്കുമൂലം പകുതി സമയത്ത് കളം വിടേണ്ടിവന്ന ബാഴ്സലോണ താരം റാഫിഞ്ഞയും പുറത്തിരിക്കേണ്ടി വരും. വിറ്റോര്‍ റൈസ്, മാര്‍ട്ടിനെല്ലി, ആന്‍ഡ്രി സാന്റോസ്, എസ്റ്റെവാവോ, എന്‍ഡ്രിക് എന്നിവര്‍ കൊല്‍ക്കത്തയില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കാം.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: ഗുര്‍പ്രീത് സിംഗ് സന്ധു, എ സിംഗ്, വര്‍ഗീസ്, അലി, മിശ്ര അപുയ, ഥാപ്പ, പ്രതാപ് സിംഗ്, വില്യംസ്, കുരുണിയന്‍, എം സിംഗ്.

ബ്രസീല്‍: സൂസ, മാത്യുസിഞ്ഞോ, റൈസ്, ഗബ്രിയേല്‍, ഡി സാന്റോസ്, എ സാന്റോസ്, മാര്‍ട്ടിനെല്ലി, ബിഡോണ്‍, എസ്റ്റെവാവോ, വിനീഷ്യസ്, എന്‍ഡ്രിക്.

Content Highlights:
India face a daunting challenge as they prepare to take on world football giants Brazil on the pitch. The Blue Tigers must deliver a disciplined tactical performance to counter the skill and pace of the Canaries. Fans are eager to see how the squad handles this high-profile international fixture.