Home rss business malayalam കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; പരസ്യമായി തിരുത്തണമെന്ന് ഐ.എസ്.എം

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; പരസ്യമായി തിരുത്തണമെന്ന് ഐ.എസ്.എം

2
0

Source :- EVARTHA NEWS

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ കടുത്ത വിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എം. രംഗത്ത്. സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന നിലപാട് കാന്തപുരം പരസ്യമായി തിരുത്തണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.

സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ലെന്നും കാന്തപുരം വിഭാഗം പുലർത്തുന്ന സങ്കുചിത നിലപാടുകളുടെ തുടർച്ചയാണ് പുതിയ പ്രസ്താവനയെന്നും ഷുക്കൂർ സ്വലാഹി കുറ്റപ്പെടുത്തി. സംഘടന നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യ പ്രസംഗത്തിലെ പിന്തിരിപ്പൻ നിലപാടുകൾ കാന്തപുരം ഇതുവരെ തിരുത്തിയിട്ടില്ലെന്നും പ്രസ്താവന തിരുത്താതെ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. എന്നാൽ പ്രസ്താവന തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുസ്‌ലിം ലീഗ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും ഷുക്കൂർ സ്വലാഹി കൂട്ടിച്ചേർത്തു.

നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശമെന്ന നിലയിൽ കാന്തപുരം പ്രസ്താവന ഇറക്കിയത്. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രധാന നിർദ്ദേശം. ഇതോടെയാണ് പ്രസ്താവന രാഷ്ട്രീയ-സാമൂഹിക തലത്തിൽ വലിയ വിവാദത്തിന് വഴിവെച്ചത്.

വിവാദം ശക്തമായതോടെ സെപ്റ്റംബർ 3ന് തൃശൂരിൽ നടന്ന മീലാദ് കോൺഫറൻസിൽ കാന്തപുരം തന്റെ നിലപാടിൽ വിശദീകരണം നൽകിയിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പഠിപ്പിക്കുന്നില്ലെന്നുമായിരുന്നു വിശദീകരണം.

സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയെന്ന ആരോപണം ശരിയല്ലെന്നും പെൺകുട്ടികൾക്കായി മാത്രമായി കേരളത്തിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും മദ്രസകളും സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം അവർക്ക് സൗജന്യമായി ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിമർശനം തുടരുന്നതിനിടെ, സെപ്റ്റംബർ 5ന് കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കാന്തപുരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് സൂചന.