Source :- SIRAJLIVE NEWS
കാലടി | ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ അച്ചടക്കലംഘനങ്ങളെ തുടര്‍ന്ന് നടപടി നേരിട്ട വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ നല്കിയാല് സസ്പെന്ഷന് പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികളില്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കും. 12 പേരും തെറ്റുകള്‍ തിരുത്തി ഭാവിയില്‍ അച്ചടക്കലംഘനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി രേഖാമൂലം മാപ്പപേക്ഷ നല്‍കണം. എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതിരായ നടപടി പിന്‍വലിക്കില്ല. സസ്പെന്ഷന് കാലയളവില്‍ വിലക്ക് ലംഘിച്ച് ക്യാമ്പസില്‍ കയറിയതായി തെളിവുസഹിതം ബോധ്യപ്പെട്ടതിനാല്‍ ഇവരുടെ സസ്പെന്ഷന് രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. പരീക്ഷയെഴുതാന്‍ അനുവദിക്കുന്നത് കോടതി ഉത്തരവനുസരിച്ച് മതിയെന്നാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. സസ്പെന്ഷന് 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് സോപാധികമായി സസ്പെന്ഷന് നടപടികള്‍ പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് തയ്യാറായതെന്ന് യൂനിവേഴ്സിറ്റി വിശദീകരിച്ചു.
എന്നാല്‍, വി സി സിസാ തോമസിനോട് മാപ്പ് പറയില്ലെന്നാണ് സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തോട് പ്രതികരിച്ച എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞത്. സിസാ തോമസിനെക്കൊണ്ട് തിരിച്ച് അത് പറയിക്കാനുള്ള പണിയെടുക്കും. മാപ്പ് പറയാന്‍ വിദ്യാര്‍ഥികള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എസ് എഫ് ഐ സമരത്തിന് പിന്തുണയുമായി സംസ്കൃത സര്‍വകലാശാലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് ജനകീയ മാര്‍ച്ച് നടന്നു.
Content Highlights: Kalady University mandates an apology letter from students to withdraw their ongoing suspensions. The SFI leadership has firmly stated they will not issue any apology. Campus tensions continue to rise over the disciplinary action.




