Source :- SIRAJLIVE NEWS
കാലടി | സംസ്കൃത സര്‍വകലാശാലയിലെ പരീക്ഷാ വിവാദം ഹൈക്കോടതി സിംഗിള്‍ ബഞ്ച് തന്നെ പരിഗണിക്കട്ടെ എന്ന സുപ്രീം കോടതി വിധിയില്‍ ആശ്വാസമെന്ന് വിദ്യാര്‍ഥികള്‍. നേരത്തെ പരീക്ഷയെഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബഞ്ച് ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ പ്രത്യേകം പരീക്ഷ നടത്താന്‍ നിര്‍ദേശിക്കുമെന്നാണ് വിശ്വാസമെന്ന് സര്‍വകലാശാലയില്‍ നിരാഹാരം തുടരുന്ന വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
സിംഗിള്‍ ബഞ്ച് വിധി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാണെങ്കില്‍ അവര്‍ക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ സമ്മതം കോടതി വിധിയുടെ ഭാഗമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര ഹാജരില്ലെന്നത് ശരിവെച്ചെങ്കിലും കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ ഹനിക്കരുതെന്ന് കോടതി പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു. ഇത് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ടെന്ന് സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു. പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍വകലാശാല ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിച്ചില്ലായിരുന്നുവെങ്കില്‍ ബുധനാഴ്ച തുടങ്ങിയ പരീക്ഷ എഴുതാന്‍ കഴിയുമായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. എന്നാല്‍ അക്രമത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കാമ്പസിലല്ല എവിടെയായാലും സമരങ്ങളോട് ഒരുതരത്തിലുമുള്ള വിയോജിപ്പോ അസഹിഷ്ണുതയോ ഇല്ല. പക്ഷേ അക്രമത്തോട് പൂര്‍ണമായ അസഹിഷ്ണുതയുണ്ട്. ഒരു കാരണവശാലും അക്രമത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights:The Supreme Court referred the Kalady Sanskrit University exam controversy back to the Kerala High Court single bench for expedited hearing. Suspended students expressed hope after the court noted that a favorable verdict would allow for a special examination. The university agreed to conduct the special exam if the court rules in favor of the students.




