Source :- SIRAJLIVE NEWS
കുവൈത്ത് സിറ്റി | കുവൈത്ത് വിമാനത്താവളത്തിന് അകത്തു ഫോട്ടോ എടുക്കുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ലൈവ് സംപ്രേഷണം നടത്തുന്നതിനും വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. സിവില്‍ വ്യോമയാന ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സഅദ് അല്‍ ഉത്തൈബി ആണ് ഇത് സംബന്ധിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്.
യാത്രക്കാര്‍ക്ക് പുറമേ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ വിലക്ക് ബാധകമായിരിക്കും . പുതിയ ഉത്തരവ് പ്രകാരം മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍,മറ്റ് സാങ്കേതിക ഉപകരണങ്ങള്‍, തുടങ്ങിയവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ചിത്രീകരണം നടത്തുന്നതും അവ റെക്കോര്‍ഡ് ചെയ്യുന്നതും സംപ്രേഷണം നടത്തുന്നതും ശിക്ഷാര്‍ഹമായിരിക്കും. വിമാനത്താവളത്തിലെ റണ്‍വേകള്‍, യാത്ര ടെര്‍മിനലുകള്‍,സാങ്കേതിക കെട്ടിടങ്ങള്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴില്‍ വരുന്ന മറ്റ് എല്ലാ സ്ഥലങ്ങളും ഈ പുതിയ വിലക്കിന്റെ പരിധിയില്‍ പെടും.
ആഭ്യന്തര രേഖകള്‍, ഔദ്യോഗിക കത്തിടപാടുകള്‍, സുരക്ഷ നടപടിക്രമങ്ങള്‍, സുരക്ഷ പരിശോധന കേന്ദ്രങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, വിമാനങ്ങളുടെ നീക്കങ്ങള്‍,ഇവയുടെ പ്രവര്‍ത്തന നടപടിക്രമങ്ങള്‍, തുടങ്ങിയവ പകര്‍ത്തുന്നതിനും ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പ്രത്യേകം വിലക്കുണ്ട്. ഈ സര്‍ക്കുലര്‍ ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ വിജ്ഞാപനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ ആക്കുവാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും എല്ലാ വിഭാഗങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദ്ദേശം കൈമാറാനും വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടു
Content Highlights:The Directorate General of Civil Aviation in Kuwait has banned photography, video recording, and live streaming at Kuwait International Airport. Signed by Acting Director General Saad Al Otaibi, the ban applies to passengers and staff. Violators will face legal action under existing laws.



