Home rss national malayalam പുതിയ വാർത്ത കേതന്‍ അഗര്‍വാള്‍ കൊലപാതക കേസ്; സിയയുടെ കാമുകന്റെ സുഹൃത്ത് അറസ്റ്റില്‍

കേതന്‍ അഗര്‍വാള്‍ കൊലപാതക കേസ്; സിയയുടെ കാമുകന്റെ സുഹൃത്ത് അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

പൂനെ |  റിയല്‍ എസ്റ്റേറ്റ് വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നാമതൊരാളെ കൂടി പൂനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. സിയ ഗോയല്‍, കാമുകന്‍ ചേതന്‍ ചൗധരി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ജൂണ്‍ 18-ന് ലോഹഗഡ് കോട്ടയില്‍ വെച്ച് കേതന്‍ അഗര്‍വാളിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സിയ ഗോയലിനൊപ്പം ട്രെക്കിംഗിന് പോയപ്പോഴാണ് കൊലപാതകം.  കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിയായ, ചേതന്‍ ചൗധരിയുടെ സുഹൃത്തായ റിതേഷ് ഹാംഗെയെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തുടര്‍ അന്വേഷണത്തിനിടയിലാണ് കേതന്‍ അഗര്‍വാളിന്റെ കൊലപാതക ആസൂത്രണത്തില്‍ റിതേഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയതെന്ന് പൂനെ റൂറല്‍ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു. കേതന്റെ കൈകാലുകള്‍ തകര്‍ത്ത് പരുക്കേല്‍പ്പിക്കാനും പിന്നീട് കൊലപ്പെടുത്താനുമുള്ള ഗോയലിന്റെയും ചൗധരിയുടെയും മുന്‍പദ്ധതിയെക്കുറിച്ച് റിതേഷിന് അറിയാമായിരുന്നവെന്ന് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന്‍ പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജൂണ്‍ 18-ന് ലോഹഗഡ് കോട്ടയില്‍ വെച്ച് കൊലപാതകം നടത്തിയ ശേഷം ചേതന്‍ റിതേഷിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു.

പോലീസ് കണ്ടെടുത്ത മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലാണ് റിതേഷ് ഹാംഗെയ്ക്ക് കൊലപാതകത്തിലുള്ള പങ്ക് പുറത്തുവന്നത്. വഡ്ഗാവ് മാവല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ 12 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കേതനെ ലോഹഗഡ് കോട്ടയില്‍ നിന്ന് എങ്ങനെ തള്ളിയിടാം, കുറ്റകൃത്യത്തിന്റെ തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ചാറ്റുകള്‍ റിതേഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.തങ്ങളുടെ ബന്ധത്തിന് കേതന്‍ തടസ്സമായതുകൊണ്ടാണ് സിയ ഗോയലും ചൗധരിയും ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയത്

തുടക്കത്തില്‍ ഇതൊരു അപകടമാണെന്ന് കരുതിയ പോലീസ്, അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങിന് ശേഷവും കേതന്‍ അഗര്‍വാളിന്റെ സഹോദരി ഈ അപകട കഥയില്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തിന് നാല് ദിവസം കഴിഞ്ഞ് സിയ ഗോയല്‍ ചേതന്‍ അഗര്‍വാളിന്റെ കുടുംബവീട് സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശന വേളയില്‍ ലോഹഗഡില്‍ സംഭവിച്ചതിനെക്കുറിച്ച് കേതന്റെ സഹോദരി അവരോട് വിശദമായി ചോദിച്ചറിഞ്ഞു.

കേതന്‍ അഗര്‍വാളും സിയ ഗോയലും മൂന്ന് തവണ ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിംഗ് നടത്തിയിരുന്നു: മെയ് 31, ജൂണ്‍ 14, അവസാനമായി ജൂണ്‍ 18 തീയതികളിലായിരുന്നു ഇത്. സിയ ഗോയലിന്റെ മറുപടികളിലെ വൈരുദ്ധ്യങ്ങളും ഒഴിഞ്ഞുമാറുന്ന സ്വഭാവവും സഹോദരിയുടെ സംശയം ഇരട്ടിയാക്കി. തുടര്‍ന്ന് അവള്‍ തന്റെ സംശയങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും, അവര്‍ പോലീസിനെ സമീപിച്ച് അന്വേഷണത്തിന് ആവശ്യപ്പെടുകയുമായിരുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി കേതന്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് സിയ ഗോയല്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സിയ ഗോയലും ചേതനും ചേര്‍ന്ന് കേതന്‍ അഗര്‍വാളിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നും അത് അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. ജൂണ്‍ 23-ന് ഇവരെ അറസ്റ്റ് ചെയ്തു. ഈ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റ്.

Content Highlights: Pune Police arrested a third suspect, Ritesh Hamge, in connection with the murder of real estate businessman Ketan Agarwal at Lohagad Fort. Ketan was pushed off a cliff by his partner Siyya Goyal and her lover Chetan Chaudhary. Forensic evidence from Ritesh’s phone revealed the planned plot.