Source :- SIRAJLIVE NEWS
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട പുതിയ ധനകാര്യ ധവളപത്രം കേവലം ഒരു വസ്തുനിഷ്ഠ റിപോര്‍ട്ട് എന്നതിലുപരി, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പുകമറയാണെന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ സമര്‍പ്പിച്ച 195 പേജുള്ള ധനകാര്യ ധവളപത്രം കേരളത്തിന്റെ സമഗ്രമായ വികസന മുന്നേറ്റങ്ങളെ തമസ്‌കരിക്കാനും കൃത്രിമമായ കടഭയം ജനങ്ങളില്‍ സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ ആയുധമാണെന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. സത്യത്തില്‍, ഈ ധവളപത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫും പ്രതിപക്ഷവും ഉയര്‍ത്തിയ പല വ്യാജ പ്രചാരണങ്ങളെയും ഈ സര്‍ക്കാര്‍ രേഖ തന്നെ ഔദ്യോഗികമായി തിരുത്തുന്നുണ്ട് എന്നതാണ്. കേരളം ആറ് ലക്ഷം കോടിയുടെ കടക്കെണിയിലാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കുടിശ്ശികയുണ്ടെന്നുമുള്ള മുന്‍ പ്രചാരണങ്ങള്‍ വെറും രാഷ്ട്രീയ ബൂമറാംഗ് മാത്രമായിരുന്നുവെന്ന് ഈ റിപോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ യഥാര്‍ഥ കടം 5.07 ലക്ഷം കോടി രൂപയാണെന്നും ജീവനക്കാരുടെ കുടിശ്ശിക 48,733 കോടി മാത്രമാണെന്നും വ്യക്തമാക്കുന്നതിലൂടെ കഴിഞ്ഞ സര്‍ക്കാറിനെതിരെയുള്ള മുന്‍കാല ആരോപണങ്ങളുടെ മുന തന്നെയാണ് ഈ ധവളപത്രം ഒടിക്കുന്നത്. ഖജനാവ് പൂര്‍ണമായും ശൂന്യമാണെന്ന യു ഡി എഫ് പ്രചാരണത്തിന് വിപരീതമായി, ഭരണമാറ്റ വേളയില്‍ ട്രഷറിയില്‍ 5,429 കോടി രൂപയുടെ നീക്കിയിരിപ്പുണ്ടായിരുന്നു എന്ന യാഥാര്‍ഥ്യം കൂടി പുറത്തു വരുമ്പോള്‍ ധവളപത്രത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നു.
റിപോര്‍ട്ടില്‍ കടബാധ്യതയെ പര്‍വതീകരിച്ചു കാണിക്കാന്‍ കണക്കിലെ കളികളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കേരളത്തിന്റെ കടവളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ കടവളര്‍ച്ചയില്‍ വലിയ തോതിലുള്ള മന്ദഗതി ഉണ്ടായിട്ടുണ്ടെന്ന് കാണാന്‍ കഴിയും. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പൊതുകടം ഏകദേശം 78,000 കോടിയില്‍ നിന്ന് 1.57 ലക്ഷം കോടിയായി ഇരട്ടിയോളം കൂടി. തുടര്‍ന്നു വന്ന ആദ്യ പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് പ്രകൃതിദുരന്തങ്ങളും കൊവിഡും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കടം 2.96 ലക്ഷം കോടിയായി ഉയര്‍ന്നു, അതായത് ഏകദേശം 88 ശതമാനം വര്‍ധനവ്. എന്നാല്‍ കഴിഞ്ഞ ഭരണകാലത്ത് കടം 5.07 ലക്ഷം കോടിയിലേക്ക് മാത്രമാണ് ഉയര്‍ന്നത്.
അഥവാ 61 ശതമാനത്തിന്റെ മാത്രം വര്‍ധനവ്. മുന്‍കാലങ്ങളിലെ സമാധാനപരമായ സാഹചര്യങ്ങളെ അപേക്ഷിച്ച്, കടുത്ത ദുരന്തങ്ങളും മഹാമാരികളും നിറഞ്ഞ ഒരു പതിറ്റാണ്ടായിട്ടും കടവളര്‍ച്ചാ നിരക്കിലുണ്ടായത് വന്‍ കുറവാണ് കാണിക്കുന്നതെന്ന സത്യം ധവളപത്രം ബോധപൂര്‍വം മറച്ചുവെക്കുകയാണ്. വിനാശകരമായ കടക്കെണി എന്ന് യു ഡി എഫ് വിശേഷിപ്പിക്കുന്ന ഈ അവസ്ഥ യഥാര്‍ഥത്തില്‍ കടത്തിന്റെ കാര്യത്തിലുണ്ടായ സുസ്ഥിരമായ നിയന്ത്രണത്തെയാണ് വ്യക്തമാക്കുന്നത്.
ഇതോടൊപ്പം സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായ വലിയ കുതിച്ചുചാട്ടത്തെയും ധവളപത്രം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണ്. ഏതൊരു സാമ്പത്തിക വ്യവസ്ഥയിലും കടബാധ്യതയുടെ വലിപ്പം അളക്കേണ്ടത് വെറുമൊരു സംഖ്യയായിട്ടല്ല, മറിച്ച് സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയുമായി താരതമ്യം ചെയ്താണ്. 2016ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി എസ് ഡി പി) 5.88 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് അത് 14.27 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി ഇത്രയധികം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും കടമെടുക്കാനുള്ള പരിധിയും ശേഷിയും അതോടൊപ്പം ഉയരും. കൂടാതെ, കേരളത്തിന്റെ കടവും ജി എസ് ഡി പിയും തമ്മിലുള്ള അനുപാതമായ 33.22 ശതമാനം എന്നത് ഇന്ത്യയുടെ മൊത്തം കട-ജി ഡി പി അനുപാതമായ 56.2 ശതമാനത്തേക്കാള്‍ എത്രയോ സുരക്ഷിതമായ നിലയിലാണ്. മുന്‍കാലങ്ങളില്‍, പ്രത്യേകിച്ച് 2002-03 കാലഘട്ടത്തില്‍ ഈ നിരക്ക് 39.5 ശതമാനം വരെ ഉയര്‍ന്ന അവസ്ഥയില്‍ നിന്ന് നാം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന വസ്തുത കാണാതെയാണ് ധവളപത്രം ഭീതി വിതറാന്‍ ശ്രമിക്കുന്നത്. വലിപ്പമുള്ള സമ്പദ് ഘടനക്ക് ഉയര്‍ന്ന കടമെടുപ്പ് പരിധി സ്വാഭാവികമാണെന്ന സാമ്പത്തിക തത്ത്വം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.
മൂലധന ചെലവിന്റെ കാര്യത്തില്‍ ധവളപത്രം ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൂടുതല്‍ വിചിത്രമാണ്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് കേവലം 1.3 ശതമാനമാണെന്നും ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നുമാണ് റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്‌കൂളുകള്‍, റോഡുകള്‍, ആശുപത്രികള്‍ തുടങ്ങിയ വലിയ വികസനങ്ങള്‍ നാടൊട്ടുക്കും സൃഷ്ടിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) വന്‍ നിക്ഷേപങ്ങളെ ഈ കണക്കില്‍ ഉള്‍പ്പെടുത്താന്‍ റിപോര്‍ട്ട് തയ്യാറായിട്ടില്ല. കിഫ്ബി വഴി നടപ്പാക്കിയ പതിനായിരക്കണക്കിന് കോടികളുടെ വികസന പ്രൊജക്ടുകളെ മൂലധന ചെലവിന്റെ കണക്കില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കുമ്പോള്‍ തന്നെ, കിഫ്ബിയുടെ 21,000 കോടിയുടെ കടബാധ്യതയെ സംസ്ഥാനത്തിന്റെ ആകെ പൊതുബാധ്യതയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യുന്നു. കടം കണക്കാക്കുമ്പോള്‍ കിഫ്ബിയെ ഉള്‍പ്പെടുത്തുകയും എന്നാല്‍ അത് വഴി നാട്ടിലുണ്ടായ അടിസ്ഥാന സൗകര്യങ്ങളെ മൂലധന ചെലവില്‍ കൂട്ടാതിരിക്കുകയും ചെയ്യുന്ന ഈ വൈരുധ്യം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കിഫ്ബി വഴി സ്‌കൂളുകളും ആശുപത്രികളും വികസിപ്പിച്ചത് ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടുവെന്ന യഥാര്‍ഥ ചരിത്രത്തെ ഇത്തരം ദുര്‍വ്യാഖ്യാനങ്ങളിലൂടെ തമസ്‌കരിക്കാനാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥയെക്കുറിച്ചും കൊച്ചി മെട്രോയെക്കുറിച്ചും ധവളപത്രം നിരത്തുന്ന കണക്കുകള്‍ അര്‍ധസത്യങ്ങള്‍ മാത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കനത്ത നഷ്ടത്തിലാണെന്ന് സ്ഥാപിക്കാന്‍ അവയുടെ സഞ്ചിത നഷ്ടമായ 78,851 കോടി രൂപ മാത്രം എടുത്തു കാണിക്കുന്ന റിപോര്‍ട്ട്, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 29ഓളം പൊതുമേഖലാ സ്ഥാപനങ്ങളെ പൂര്‍ണമായും അദൃശ്യമാക്കുന്നു. അതുപോലെ തന്നെ കൊച്ചി മെട്രോയെ വലിയൊരു ബാധ്യതയായി ചിത്രീകരിക്കുമ്പോള്‍, അതിന്റെ പ്രാരംഭ നിര്‍മാണ ചെലവുകളെയാണ് നഷ്ടമായി കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ് മുന്നോട്ട് പോകുന്നതെന്ന വാര്‍ത്തയെ ഈ റിപോര്‍ട്ട് ഒളിച്ചുവെക്കുന്നു. കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി തുടങ്ങി ജനങ്ങള്‍ക്ക് അത്യാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ കേവലം ലാഭനഷ്ടക്കണക്കുകളില്‍ മാത്രം വിലയിരുത്തിക്കൊണ്ട് അവയെ സ്വകാര്യവത്കരിക്കാനുള്ള പശ്ചാത്തലം ഒരുക്കാനാണ് ഇത്തരം കണക്കുകളിലൂടെ പുതിയ ഭരണകൂടം ശ്രമിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ പൊതുസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ജനാധിപത്യ സര്‍ക്കാറിന്റെ പ്രാഥമിക ബാധ്യതയെ മാര്‍ക്കറ്റ് താത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ ധവളപത്രം വഴിയൊരുക്കുന്നു എന്നുവേണം കരുതാന്‍.
ഈ ധവളപത്രത്തിന്റെ യഥാര്‍ഥ അപകടം ഒളിഞ്ഞിരിക്കുന്നത് അതിന്റെ രാഷ്ട്രീയ- സാമ്പത്തിക നയങ്ങളിലാണ്. ജനക്ഷേമ വികസന മാതൃകകളില്‍ നിന്ന് സംസ്ഥാനം പിന്‍വലിയണമെന്ന ഉദാരവത്കരണ സാമ്പത്തിക നയങ്ങളാണ് ഇതിന്റെ കാതല്‍. വിരമിക്കല്‍ പ്രായം 60 വയസ്സായി ഉയര്‍ത്തുക, ശമ്പള പരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കുക തുടങ്ങിയ ശിപാര്‍ശകള്‍ വഴി ജീവനക്കാരുടെയും യുവാക്കളുടെയും അവകാശങ്ങളെ തകര്‍ക്കാനാണ് ഇവിടെ വഴിതുറക്കുന്നത്. കൂടാതെ, ഉത്പാദന അധിഷ്ഠിത സബ്സിഡികളില്‍ നിന്ന് ഉപഭോഗ അധിഷ്ഠിത സബ്സിഡികളിലേക്ക് മാറണമെന്ന നിര്‍ദേശം കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി തുടങ്ങിയ പൊതുസേവന സംവിധാനങ്ങളെ സമ്പൂര്‍ണമായി തകര്‍ത്ത് വലിയൊരു കോര്‍പറേറ്റ് സ്വകാര്യവത്കരണത്തിന് അടിത്തറയിടാനാണ് ഉപകരിക്കുക. ഊര്‍ജ മേഖലയിലും മറ്റ് തന്ത്രപ്രധാന പൊതുമേഖലകളിലും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള ഇത്തരം ശിപാര്‍ശകള്‍ കേരളത്തിന്റെ പരമ്പരാഗത വികസന മാതൃകക്ക് കനത്ത ആഘാതമായി മാറും.
രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് വസ്തുതകളെ വളച്ചൊടിച്ച് കടുത്തൊരു സാമ്പത്തിക അരക്ഷിതാവസ്ഥ സംസ്ഥാനത്തുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ പ്രൊപ്പഗണ്ടയാണ് ഈ ധവളപത്രം. കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ യഥാര്‍ഥ വില്ലനായ കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത ഫെഡറല്‍ വിവേചനത്തെയും ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതിനെയും പൂര്‍ണമായും ന്യായീകരിക്കാനും വെള്ളപൂശാനുമാണ് ഈ റിപോര്‍ട്ടിലൂടെ പുതിയ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന ഗ്രാന്റുകളില്‍ സംഭവിച്ച കടുത്ത വെട്ടിക്കുറവുകളെക്കുറിച്ച് പൂര്‍ണമായി മൗനം പാലിക്കുന്നത് ഇതിന് തെളിവാണ്.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങളെ ചെറുക്കുന്നതിന് പകരം സ്വന്തം സംസ്ഥാനത്തെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. അതിനാല്‍, ഈ റിപോര്‍ട്ടിലെ രാഷ്ട്രീയ കുമിളകളെയും കണക്കിലെ കൃത്രിമങ്ങളെയും തിരിച്ചറിഞ്ഞ്, വികസന തിളക്കത്തെ പൊള്ളയായ ആരോപണങ്ങള്‍ കൊണ്ട് മൂടാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കുകയാണ് ഇന്നത്തെ കേരളത്തിന്റെ അനിവാര്യത.







