Home LATEST NEWS malyalam പുതിയ വാർത്ത കോളജുകളുടെ തരംതിരിവും ഫീസ് ഘടനയും

കോളജുകളുടെ തരംതിരിവും ഫീസ് ഘടനയും

2
0

Source :- SIRAJLIVE NEWS

സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകളുടെ തരം അനുസരിച്ച് വാർഷിക ട്യൂഷൻ ഫീസിൽ വലിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഓപ്ഷനുകൾ രേഖപ്പെടുത്തുന്നതിന് മുന്പായി ഓരോ കോളജ് വിഭാഗത്തിലെയും ഫീസ് ഘടന വിദ്യാർഥികളും രക്ഷിതാക്കളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ ഫീസ് നിരക്കുള്ളത് സർക്കാർ, എയ്ഡഡ്, എയ്ഡഡ് സ്വയംഭരണ എൻജിനീയറിംഗ് കോളജുകളിലാണ്. ഈ വിഭാഗത്തിൽപ്പെടുന്ന കോളജുകളിൽ എല്ലാ സ്ട്രീമുകൾക്കും വാർഷിക ട്യൂഷൻ ഫീസ് കേവലം 8,650 രൂപ മാത്രമാണ്.

ഫീസ് നിരക്ക്

യൂനിവേഴ്‌സിറ്റികൾ നേരിട്ട് നടത്തുന്ന കോളജുകളിലേക്ക് വരുമ്പോൾ ഫീസിൽ മാറ്റങ്ങൾ വരും. കേരള യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളിൽ മെറിറ്റ് ലോവർ ഫീ സീറ്റുകൾക്ക് പ്രതിവർഷം 36,750 രൂപയും മെറിറ്റ് ഫുൾ ഫീ സീറ്റുകൾക്ക് 68,250 രൂപയുമാണ് നിരക്ക്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എൻജിനീയറിംഗ് കോളജിലെ 95 ശതമാനം വരുന്ന സർക്കാർ സീറ്റുകളിൽ വാർഷിക ഫീസ് 40,000 രൂപയും സെന്റർ ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസസ് സ്റ്റഡീസിന് കീഴിലുള്ള കോളജുകളിലെ 95 ശതമാനം സർക്കാർ സീറ്റുകൾക്ക് 50,000 രൂപയുമാണ് വാർഷിക നിരക്ക് ഈടാക്കുന്നത്.

യൂനിവേഴ്‌സിറ്റികൾക്ക് കീഴിലുള്ള പ്രത്യേക കോഴ്‌സുകളായ കേരള കാർഷിക സർവകലാശാലയിലെ ബി ടെക് അഗ്രിക്കൾച്ചറൽ എൻജിനീയറിംഗിന് ഒരു സെമസ്റ്ററിന് 18,000 രൂപയാണ് ഫീസ്. അഗ്രിക്കൾച്ചറൽ സർവകലാശാലയിലെ തന്നെ ബി ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സിന് ലോവർ ഫീസിന് സെമസ്റ്റർ ഒന്നിന് 29,215 രൂപയും ഫുൾ ഫീസിന് 47,760 രൂപയും വരും. കേരള വെറ്ററിനറി സർവകലാശാലയിലെ ഡയറി/ഫുഡ് ടെക്‌നോളജി കോഴ്‌സുകൾക്ക് പ്രതിവർഷം 8,400 രൂപയും, കുഫോസിന് കീഴിലുള്ള ബി ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സിന് വാർഷിക ഫീസായി 66,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. എൽ ബി എസ് കോളജുകളിൽ (കാസർകോട്, തിരുവനന്തപുരം) എല്ലാ കോഴ്‌സുകൾക്കും ലോവർ ഫീസായി 49,650 രൂപയും ഫുൾ ഫീസായി പ്രതിവർഷം 82,700 രൂപയും നൽകേണ്ടതുണ്ട്.

കോസ്റ്റ് ഷെയറിംഗ് കോളജുകൾ

സർക്കാർ നിയന്ത്രണത്തിലുള്ള കോസ്റ്റ് ഷെയറിംഗ് കോളജുകളായ ഐ എച്ച് ആർ ഡി, സി എ പി ഇ, എസ് സി ടി എന്നിവടങ്ങളിൽ കോഴ്‌സുകളുടെ ഡിമാൻഡ് അനുസരിച്ച് ഫീസ് തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരം എസ് സി ടി, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളജ്, ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളജ് എന്നിവിടങ്ങളിൽ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ബയോടെക്‌നോളജി/ബയോകെമിക്കൽ ബ്രാഞ്ചുകൾക്ക് ലോവർ ഫീസിന് 46,920 രൂപയും ഫുൾ ഫീസിന് 87,140 രൂപയുമാണ് വാർഷിക നിരക്ക്. ഇതേ കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് അനുബന്ധ ബ്രാഞ്ചുകൾക്ക് ലോവർ ഫീസിന് 46,920 രൂപയും ഫുൾ ഫീസിന് 1,05,530 രൂപയും വരും. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന് ലോവർ ഫീസായി 46,920 രൂപയും ഫുൾ ഫീസായി 91,290 രൂപയും ഈടാക്കുമ്പോൾ മറ്റുള്ള കോഴ്‌സുകൾക്ക് യഥാക്രമം 49,613 രൂപ (ലോവർ ഫീസ്), 82,688 രൂപ (ഫുൾ ഫീസ്) എന്നിങ്ങനെയാണ് ഘടന.

ഐ എച്ച് ആർ ഡി

ഐ എച്ച് ആർ ഡി കോളജുകളായ അടൂർ, ചേർത്തല, കരുനാഗപ്പള്ളി, എന്നിവിടങ്ങളിൽ ലോവർ ഫീസിന് 44,100 രൂപയും ഫുൾ ഫീസിന് കോളജ് അനുസരിച്ച് 71,663 രൂപ അല്ലെങ്കിൽ 77,175 രൂപയുമാണ് നിരക്ക്. ഐ എച്ച് ആർ ഡി മൂന്നാർ കോളജിൽ സി എസ്, മെക്കാനിക്കൽ ബ്രാഞ്ചുകൾക്ക് ലോവർ ഫീസിന് 35,000 രൂപയും ഫുൾ ഫീസിന് 65,000 രൂപയുമാണ് വാങ്ങുന്നത്. മുട്ടത്തറ, കിടങ്ങൂർ, പെരുമൺ, തലശ്ശേരി തുടങ്ങിയ കേപ് (CAPE) കോളജുകളിൽ കോഴ്‌സുകൾക്കും ബ്രാഞ്ചുകൾക്കും അനുസൃതമായി ഗവൺമെന്റ് ലോവർ ഫീ സീറ്റുകൾക്ക് 45,000 രൂപ മുതൽ 60,000 രൂപ വരെയും ഫുൾ ഫീ സീറ്റുകൾക്ക് 65,000 രൂപ മുതൽ 80,000 രൂപ വരെയുമാണ് വാർഷിക നിരക്ക് വരുന്നത്.

സ്വകാര്യ കോളജ്

സ്വകാര്യ സ്വാശ്രയ കോളജുകളിലെ (KSFECMA) 50 ശതമാനം വരുന്ന ഗവൺമെന്റ് സീറ്റുകളിൽ, 25 ശതമാനം വരുന്ന കുറഞ്ഞ വരുമാനക്കാരായ വിഭാഗങ്ങൾക്ക് വാർഷിക ഫീസ് 70,355 രൂപയാണ്. ബാക്കിയുള്ള 25 ശതമാനം ജനറൽ വിഭാഗത്തിന് 70,355 രൂപ ട്യൂഷൻ ഫീസിന് പുറമെ 35,176 രൂപ സ്‌പെഷ്യൽ ഫീസ് കൂടി ചേർത്ത് പ്രതിവർഷം നൽകേണ്ടിവരും. കത്തോലിക്കാ മാനേജ്‌മെന്റ് (KCECMA) കോളജുകളിലും സ്വയംഭരണ സ്വാശ്രയ കോളജുകളിലും ഉള്ള 50 ശതമാനം ഗവൺമെന്റ് സീറ്റുകൾക്ക് പ്രതിവർഷം 1,00,500 രൂപയാണ് ഫീസ് നിരക്ക്. എന്നാൽ ഇവിടെ പട്ടികജാതി, പട്ടികവർഗ, ഒ ഇ സി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും നിയമാനുസൃതമായ ഫീസിളവുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അർഹരായ മറ്റ് വിദ്യാർഥികൾക്ക് വിവിധ തരത്തിലുള്ള സ്‌കോളർഷിപ്പുകളും ലഭ്യമാണ്.

പ്രവേശന പ്രക്രിയയുടെ സമയക്രമം

  • സംസ്ഥാനത്തെ എൻജിനീയറിംഗ് അലോട്ട്‌മെന്റിനായുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യം ഈ മാസം ആറിന് വൈകിട്ട് നാലോടെ ഔദ്യോഗികമായി അവസാനിച്ച് വെബ് പോർട്ടൽ ക്ലോസ്സ് ചെയ്യും.
  • അലോട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമായി നാളെ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിദ്യാർഥികൾ സമർപ്പിച്ച ഓപ്ഷനുകളുടെ മുൻഗണനയും അവരുടെ റാങ്കും മുൻനിർത്തി, ഏത് കോളജിലും കോഴ്‌സിലുമാണ് സീറ്റ് ലഭിക്കാൻ സാധ്യതയെന്ന് മുൻകൂട്ടി മനസ്സിലാക്കാനുള്ള ഒരു താത്കാലിക പരിശോധനയാണിത്.
  • വിദ്യാർഥികൾ സമർപ്പിച്ച അപേക്ഷകളിലോ അനുബന്ധ രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അവസാന സമയം ആറിന് രാവിലെ 11.00 വരെയാണ്. ഈ നിശ്ചിത സമയത്തിനകം പിഴവുകൾ തിരുത്തി ന്യൂനതകൾ പരിഹരിക്കാത്ത അപേക്ഷകരുടെ ഓപ്ഷനുകൾ യാതൊരു കാരണവശാലും അലോട്ട്‌മെന്റ് പ്രക്രിയയിൽ പരിഗണിക്കുന്നതല്ല.
  • ഓപ്ഷൻ രജിസ്‌ട്രേഷൻ പൂർത്തിയായ ശേഷം ഏഴിന് താത്കാലിക അലോട്ട്‌മെന്റും എട്ടിന് ഔദ്യോഗികമായ ഒന്നാംഘട്ട അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
  • അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒന്പത് മുതൽ 12ന് വൈകിട്ട് നാല് വരെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത ഫീസ് ഒടുക്കി തങ്ങളുടെ സീറ്റ് ഉറപ്പാക്കാവുന്നതാണ്.
  • സർക്കാർ/എയ്ഡഡ് കോളജുകളിൽ പ്രവേശനം ലഭിക്കുന്നവർ തങ്ങളുടെ മുഴുവൻ ഫീസും ഒടുക്കേണ്ടതാണെങ്കിൽ, ഗവൺമെന്റ് കോസ്റ്റ് ഷെയറിംഗ്/സ്വാശ്രയ കോളജുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾ 8,000 രൂപയാണ് ടോക്കൺ ഫീസായി അടയ്‌ക്കേണ്ടത്.
  • വിജ്ഞാപന പ്രകാരമുള്ള നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റും പ്രസ്തുത സ്ട്രീമിലെ നിലവിലുള്ള അവരുടെ എല്ലാ ഹയർ ഓപ്ഷനുകളും പൂർണമായി റദ്ദാക്കപ്പെടുമെന്നത് അതിപ്രധാനമായ മുന്നറിയിപ്പാണ്. ഇങ്ങനെ റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീട് അടുത്ത ഒരു ഘട്ടത്തിലും വീണ്ടെടുക്കാൻ സാധിക്കില്ല.

ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രവേശനം നേടുമെന്ന് ഉറപ്പുള്ളവ മാത്രം നൽകുക: അലോട്ട്‌മെന്റ് ലഭിച്ചാൽ നിങ്ങൾ നിർബന്ധമായും പ്രവേശനം നേടി പഠിക്കാൻ തയ്യാറുള്ള കോളജുകളും കോഴ്‌സുകളും മാത്രം ഓപ്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തുക. താത്പര്യമില്ലാത്ത കോളജുകൾ വെറുതെ പരീക്ഷണാർഥം നൽകരുത്.
  • ഹയർ ഓപ്ഷനുകളുടെ പ്രാധാന്യം: ആദ്യ ഘട്ടത്തിൽ നിങ്ങൾക്ക് ഒരു സീറ്റ് ലഭിച്ചാൽ, അതിനു മുകളിലുള്ള ഓപ്ഷനുകൾ മാത്രമേ അടുത്ത ഘട്ടത്തിൽ പരിഗണിക്കൂ. അതിനാൽ താഴെയുള്ള ഓപ്ഷനുകൾ മികച്ചതും മുകളിലുള്ളവ മോശവുമായിപ്പോകരുത്.
  • ഫലം തടഞ്ഞുവെച്ചവരുടെ ശ്രദ്ധക്ക്: അപേക്ഷയിലെ പിഴവുകൾ കാരണം ഫലം തടഞ്ഞുവെച്ചിട്ടുള്ള വിദ്യാർഥികൾക്കും ഇപ്പോൾ ഓപ്ഷനുകൾ നൽകാം. എന്നാൽ ആറിന് രാവിലെ 11ന് മുന്പായി ന്യൂനതകൾ പരിഹരിക്കാത്തപക്ഷം ഇവരുടെ ഓപ്ഷനുകൾ അലോട്ട്‌മെന്റിൽ ഒന്നിനും പരിഗണിക്കില്ല.

കോളജുകളുടെ കോഡുകൾ

ഓൺലൈൻ പോർട്ടലിൽ ഓപ്ഷനുകൾ രേഖപ്പെടുത്തുമ്പോൾ തെറ്റുകൂടാതെ കോളജുകൾ തിരിച്ചറിയാൻ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയിട്ടുള്ള ചുരുക്കപ്പേരുകൾ അഥവാ “കോളജ് കോഡുകൾ’വിദ്യാർഥികളെ ഏറെ സഹായിക്കും. ഉദാഹരണത്തിന്, ഗവൺമെന്റ് കോളജുകളായ തിരുവനന്തപുരം സി ഇ ടിക്ക് ടി വി ഇ എന്നും, തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളജിന് ടി സി ആർ എന്നുമാണ് കോഡ് നൽകിയിരിക്കുന്നത്. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് കെ ടി ഇ എന്നും കണ്ണൂർ ഗവൺമെന്റ് കോളജിന് കെ എൻ ആർ എന്നും പോർട്ടലിൽ കാണാം.

മറ്റ് പ്രധാന അറിവുകൾ

  • കൃത്യമായ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് സീറ്റ് വിഭജനം നടപ്പാക്കുന്നത്. ആകെ സീറ്റുകളുടെ പകുതിയും അതായത് 50 ശതമാനം സീറ്റുകളും സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുന്നു.
  • ഇതിനുപുറമെ, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പത്ത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
  • സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ആകെ 30 ശതമാനം സീറ്റുകളുടെ സംവരണമാണ് അനുവദിച്ചിട്ടുള്ളത്.
  • ഈ 30 ശതമാനം സീറ്റുകളിൽ ഈഴവ വിഭാഗത്തിന് ഒന്പത് ശതമാനവും, മുസ്‌ലിം വിഭാഗത്തിന് എട്ട് ശതമാനവും മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തിന് മൂന്ന് ശതമാനവും ലത്തീൻ കത്തോലിക്കർക്കും ആംഗ്ലോ ഇന്ത്യൻസിനും മൂന്ന് ശതമാനവും സീറ്റുകൾ ലഭിക്കും. കൂടാതെ ധീവരയും അവാന്തര വിഭാഗങ്ങളും വിശ്വകർമ വിഭാഗവും ഉപവിഭാഗങ്ങളും എന്നിവർക്ക് രണ്ട് ശതമാനം വീതവും കുശവനും അനുബന്ധ സമുദായങ്ങളും മറ്റു പിന്നാക്ക ക്രിസ്ത്യൻ, കുടുംബി എന്നീ വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതവും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
  • എൻജിനീയറിംഗ് കോഴ്‌സുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്കായി എ ഐ സി ടി ഇ നിർദേശാനുസൃതമുള്ള ട്യൂഷൻ ഫീസിളവ് പദ്ധതി ലഭ്യമാണ്.
  • ഈ പദ്ധതി പ്രകാരം ഓരോ കോഴ്‌സിലും ആകെ സീറ്റുകളുടെ അഞ്ച് ശതമാനം സീറ്റുകൾ അധികമായി (സൂപ്പർ ന്യൂമററി) ഇതിനായി മാറ്റിവെക്കുന്നതാണ്. എന്നാൽ, തൊട്ടുമുന്പത്തെ വർഷം ആകെ അനുവദിക്കപ്പെട്ട സീറ്റുകളുടെ കുറഞ്ഞത് 50 ശതമാനം സീറ്റുകളിലെങ്കിലും പ്രവേശനം നടന്നിട്ടുള്ള കോളജുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകു.
  • ഇതിനുപുറമെ, വിവിധ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ സമർപ്പിക്കണം.
  • കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷനൽ എജ്യൂക്കേഷന്റെ (CAPE) കീഴിലുള്ള കോളജുകളിലെ അഞ്ച് ശതമാനം മാനേജ്‌മെന്റ് സീറ്റുകൾ അവിടുത്തെ ജീവനക്കാരുടെ മക്കൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ്.
  • ഈ സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ ഇപ്പോൾത്തന്നെ “മാനേജ്‌മെന്റ് ക്വാട്ട (മെറിറ്റ്-ഫുൾ ഫീസ്)’ എന്ന കാറ്റഗറിയിൽ ഓപ്ഷനുകൾ നൽകണം. സമാനമായി, സ്വകാര്യ സ്വാശ്രയ കോളജുകളിലെ സമുദായം, രജിസ്റ്റേർഡ് സൊസൈറ്റി അല്ലെങ്കിൽ ട്രസ്റ്റ് ക്വാട്ടകളിലേക്ക് പ്രവേശനം ലക്ഷ്യമിടുന്നവരും ഈ ഘട്ടത്തിൽ തന്നെ തങ്ങളുടെ ഓപ്ഷനുകൾ നിർബന്ധമായും ഫയൽ ചെയ്യേണ്ടതാണ്.
  • ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ അലോട്ട്‌മെന്റ് കാര്യത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ഈ വിഭാഗക്കാരുടെ അലോട്ട്‌മെന്റ് തിരഞ്ഞെടുക്കുന്ന എൻജിനീയറിംഗ് കോഴ്‌സുകൾ കൈകാര്യം ചെയ്യാനുള്ള അവരുടെ ശാരീരിക അനുയോജ്യതക്ക് വിധേയമായി മാത്രമായിരിക്കും തീരുമാനിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിൽ നിന്ന് അലോട്ട്‌മെന്റിന് അർഹത നേടുന്ന യോഗ്യരായ അപേക്ഷകരുടെ പ്രത്യേക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ പിന്നീട് വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കും.
  • വിദ്യാർഥികൾ അവസാന തീയതി വരെ ഓപ്ഷൻ നൽകാൻ കാത്തിരിക്കരുത്.
  • മുൻഗണനാ ക്രമത്തിൽ തെറ്റുകൾ വരാതിരിക്കാൻ ഒരു പേപ്പറിൽ കോളജ് കോഡും കോഴ്‌സ് കോഡും എഴുതി തയ്യാറാക്കിയ ശേഷം മാത്രം ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദർശിക്കുക.