Source :- SIRAJLIVE NEWS
റോക്ക്ഹാംപ്ടണ്‍ | ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നും സിംഗപ്പൂരിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (SIA) വിമാനം ക്യാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. SQ236 എന്ന നമ്പറിലുള്ള എയര്‍ബസ് A350900 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചുവിട്ടത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റിലുള്ള റോക്ക്ഹാംപ്ടണ്‍ വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
വിമാനം പറന്നുയര്‍ന്ന് കുറച്ചുസമയത്തിനകം വിമാനത്തിന്റെ ക്യാബിനില്‍ പുക നിറഞ്ഞതായും ഇന്‍-ഫ്ലൈറ്റ് എന്റര്‍ടൈന്‍മെന്റ് സ്ക്രീനുകള്‍ പെട്ടെന്ന് ഓഫായതായും യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാബിനില്‍ അസ്വാഭാവികമായ മണം അനുഭവപ്പെട്ടതോടെ പൈലറ്റ് ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിംഗിനുള്ള അനുമതി തേടുകയുമായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 4:09 ഓടെയാണ് വിമാനം റണ്‍വേയിലിറങ്ങിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി പരിശോധനകള്‍ നടത്തി. ആര്‍ക്കും പരിക്കുകളോ മറ്റ് ശാരീരിക അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തില്‍ നിന്നും സാധാരണ രീതിയില്‍ തന്നെയാണ് യാത്രക്കാരെ പുറത്തിറക്കിയത്.
റോക്ക്ഹാംപ്ടണ്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ സിംഗപ്പൂരില്‍ എത്തിക്കുന്നതിനായി എയര്‍ലൈന്‍സ് അടിയന്തരമായി മറ്റൊരു ബദല്‍ വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ക്യാബിനില്‍ പുക ഉയരാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വ്യോമയാന സുരക്ഷാ അധികൃതരും എയര്‍ലൈന്‍സും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A Singapore Airlines Airbus A350 flight from Brisbane to Singapore made an emergency landing at Rockhampton Airport due to smoke in the cabin. All passengers and crew landed safely without injuries. The airline arranged an alternative flight, and an aviation safety investigation is underway.




