Source :- SIRAJLIVE NEWS
ഇന്ന് ഒരു ഉത്പന്നമോ സേവനമോ വിപണിയിലെത്തിക്കാൻ കടകളെയും നേരിട്ടുള്ള പരസ്യങ്ങളെയും മാത്രം ആശ്രയിക്കേണ്ടതില്ല. സാമൂഹിക മാധ്യമങ്ങൾ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇമെയിൽ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താം. ഈ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അറിയുന്നവർക്ക് തൊഴിൽ രംഗത്തും സംരംഭകത്വത്തിലും ഒരുപോലെ അവസരങ്ങളുണ്ട്.
എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്?
ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഉത്പന്നങ്ങളെയും സേവനങ്ങളെയും പ്രചരിപ്പിക്കുകയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന വിപണന പ്രവർത്തനങ്ങളെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പറയുന്നത്.
പരമ്പരാഗത പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആരിലേക്കാണ് പരസ്യം എത്തേണ്ടതെന്ന് കൂടുതൽ കൃത്യമായി തീരുമാനിക്കാനും അതിന്റെ ഫലപ്രാപ്തി അളക്കാനും ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ സാധിക്കും. പ്രായം, താത്പര്യങ്ങൾ, സ്ഥലം, ഓൺലൈൻ പെരുമാറ്റം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പരസ്യങ്ങൾ നൽകാം. ഗൂഗിൾ ആഡ്സ്, മെറ്റാ ആഡ്സ്, ലിങ്ക്ഡ്ഇൻ ആഡ്സ് തുടങ്ങിയ സംവിധാനങ്ങൾ ഇതിന് സഹായിക്കുന്നു. പരസ്യത്തിന്റെ ലക്ഷ്യത്തിനനുസരിച്ച് ക്ലിക്കുകളോ, ലഭിക്കുന്ന ലീഡുകളോ, മറ്റ് നിശ്ചിത ഫലങ്ങളോ അടിസ്ഥാനമാക്കി ചെലവ് നിയന്ത്രിക്കാനും കഴിയും. കുറഞ്ഞ മനുഷ്യവിഭവശേഷി ഉപയോഗിച്ച് വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തിച്ചേരാൻ കഴിയുന്നതും ഈ മേഖലയെ ആകർഷകമാക്കുന്നു.
എന്നാൽ, പരസ്യം നൽകുന്നതുകൊണ്ടുമാത്രം വിപണന വിജയം ഉറപ്പാക്കാനാകില്ല. ശരിയായ ഉപഭോക്താക്കളെ കണ്ടെത്തുക, അനുയോജ്യമായ സന്ദേശം തയ്യാറാക്കുക, ഫലങ്ങൾ വിലയിരുത്തുക, ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
എന്തെല്ലാം പഠിക്കണം?
ഡിജിറ്റൽ മാർക്കറ്റിംഗ് പഠനത്തിൽ നിരവധി മേഖലകൾ ഉൾപ്പെടുന്നു. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, സോഷ്യൽ മീഡിയാ മാർക്കറ്റിംഗ്, കണ്ടന്റ് മാർക്കറ്റിംഗ്, ഇമെയിൽ മാർക്കറ്റിംഗ്, മൊബൈൽ മാർക്കറ്റിംഗ്, അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നിവയാണ് പ്രധാനപ്പെട്ടവ.
സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ് ഇ ഒ)
ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ ഒരു വെബ്സൈറ്റിനെയോ ഉത്പന്നത്തെയോ സേവനത്തെയോ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ എന്നറിയപ്പെടുന്നത്. പ്രസക്തമായ കീവേഡുകൾ തിരഞ്ഞെടുക്കുക, ഉപകാരപ്രദമായ ഉള്ളടക്കം തയ്യാറാക്കുക, വെബ്സൈറ്റിന്റെ ഘടന മെച്ചപ്പെടുത്തുക, വിശ്വാസ്യതയുള്ള ലിങ്കുകൾ നേടുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സെർച്ച് ഫലങ്ങളിൽ മികച്ച സ്ഥാനം നേടുന്നത് വെബ്സൈറ്റിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാനും അതുവഴി ബിസിനസ്സിന്റെ വളർച്ചക്ക് സഹായിക്കാനും കഴിയും.
കണ്ടന്റ് മാർക്കറ്റിംഗ്
ഉപഭോക്താക്കൾക്ക് പ്രയോജനകരവും ആകർഷകവുമായ ഉള്ളടക്കം സൃഷ്ടിച്ച് അവരുമായി ബന്ധം സ്ഥാപിക്കുന്ന വിപണനരീതിയാണ് കണ്ടന്റ് മാർക്കറ്റിംഗ്. ലേഖനങ്ങൾ, ബ്ലോഗുകൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്സ്, ഇമെയിലുകൾ, വെബിനാറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ ഇതിന് ഉപയോഗിക്കാം. ഉത്പന്നത്തിന്റെ ഗുണങ്ങൾ നേരിട്ട് പരസ്യപ്പെടുത്തുന്നതിനു പകരം ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഉള്ളടക്കം തയ്യാറാക്കുന്നത് ഈ രീതിയുടെ പ്രത്യേകതയാണ്.
സോഷ്യൽ മീഡിയാ മാർക്കറ്റിംഗ്
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇന്ന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആശയവിനിമയത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഈ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തി ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ മീഡിയാ മാർക്കറ്റിംഗിൽ ഉൾപ്പെടുന്നത്. എല്ലാ പ്ലാറ്റ്ഫോമുകളും എല്ലാ ഉത്പന്നങ്ങൾക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ലക്ഷ്യമിടുന്ന ഉപഭോക്താക്കൾ ഏത് പ്ലാറ്റ്ഫോമാണ് കൂടുതൽ ഉപയോഗിക്കുന്നത്, അവിടെ ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ശ്രദ്ധിക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കണം. ആസൂത്രിതമായ പോസ്റ്റുകൾ, വീഡിയോകൾ, പണമടച്ചുള്ള പരസ്യങ്ങൾ, ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ എന്നിവ ഫലപ്രദമായി ഉപയോഗിച്ചാൽ കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിയും.
ഇമെയിൽ മാർക്കറ്റിംഗ്
ഡിജിറ്റൽ ആശയവിനിമയത്തിലെ പഴക്കമുള്ള മാർഗങ്ങളിലൊന്നായ ഇമെയിൽ ഇന്നും ഫലപ്രദമായ വിപണന ഉപാധിയാണ്. ഉപഭോക്താക്കൾക്ക് പുതിയ ഉത്പന്നങ്ങളുടെ വിവരങ്ങൾ, ഓഫറുകൾ, വാർത്താക്കുറിപ്പുകൾ, സേവന അപ്ഡേറ്റുകൾ എന്നിവ നേരിട്ട് അവരുടെ ഇമെയിൽ വിലാസങ്ങളിലേക്ക് എത്തിക്കാം. ശരിയായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രസക്തമായ സന്ദേശങ്ങൾ അയക്കുന്നതാണ് വിജയകരമായ ഇമെയിൽ മാർക്കറ്റിംഗിന്റെ അടിസ്ഥാനം. സന്ദേശങ്ങൾ തുറക്കുന്നവരുടെ എണ്ണം, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണം, അതുവഴി ലഭിക്കുന്ന പ്രതികരണങ്ങൾ എന്നിവ പരിശോധിച്ച് പ്രചാരണത്തിന്റെ ഫലപ്രാപ്തി വിലയിരുത്താനും കഴിയും.
മൊബൈൽ മാർക്കറ്റിംഗ്
സ്മാർട്ട്ഫോണുകളുടെ വ്യാപനം മൊബൈൽ മാർക്കറ്റിംഗിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. എസ് എം എസ്, മൊബൈൽ ആപ്പുകൾ, പുഷ് നോട്ടിഫിക്കേഷനുകൾ, മൊബൈൽ സൗഹൃദ വെബ്സൈറ്റുകൾ, മെസ്സേജിംഗ് ആപ്പുകൾ എന്നിവയിലൂടെ ഉപഭോക്താക്കളിലേക്ക് വിവരങ്ങളും പരസ്യങ്ങളും എത്തിക്കാം.
ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും അനുയോജ്യമായ സന്ദേശങ്ങൾ ശരിയായ സമയത്ത് എത്തിക്കുക എന്നതാണ് ഇവിടെ പ്രധാനം.
അഫിലിയേറ്റ് മാർക്കറ്റിംഗ്
മറ്റൊരു സ്ഥാപനത്തിന്റെ ഉത്പന്നമോ സേവനമോ പ്രചരിപ്പിച്ച് അതുവഴി ലഭിക്കുന്ന വിൽപ്പനക്കോ നിശ്ചിത പ്രവർത്തനങ്ങൾക്കോ പ്രതിഫലം നേടുന്ന രീതിയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. ഇതിനായി സ്ഥാപനങ്ങൾ അഫിലിയേറ്റ് പ്രോഗ്രാമുകൾ രൂപപ്പെടുത്തുകയും അതിൽ പങ്കാളികളാകുന്നവർക്ക് പ്രത്യേക ലിങ്കുകൾ നൽകുകയും ചെയ്യുന്നു. ബ്ലോഗുകൾ, വെബ്സൈറ്റുകൾ, വീഡിയോകൾ, സോഷ്യൽ മീഡിയാ പോസ്റ്റുകൾ എന്നിവയിലൂടെ ഈ ലിങ്കുകൾ പങ്കുവെക്കാം. അവ വഴി ഉപഭോക്താക്കൾ ഉത്പന്നം വാങ്ങുകയോ നിശ്ചിത പ്രവർത്തനം നടത്തുകയോ ചെയ്താൽ കരാറനുസരിച്ച് പ്രതിഫലം ലഭിക്കും.
പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ താത്പര്യമുള്ളവർ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം. സിദ്ധാന്തങ്ങൾ പഠിക്കുന്നതിലുപരി അവ പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവാണ് ഈ രംഗത്ത് കൂടുതൽ പ്രധാനം. ഒരു പരസ്യപ്രചാരണം ആസൂത്രണം ചെയ്യുക, സോഷ്യൽ മീഡിയാ പേജ് കൈകാര്യം ചെയ്യുക, വെബ്സൈറ്റിന്റെ പ്രകടനം വിലയിരുത്തുക, പരസ്യങ്ങളുടെ ഫലങ്ങൾ വിശകലനം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നേടണം.
കീവേഡ് റിസർച്ച്, ഡാറ്റാ വിശകലനം, പരസ്യ ബജറ്റ് കൈകാര്യം ചെയ്യൽ, ഉള്ളടക്ക നിർമാണം, ഉപഭോക്തൃ പെരുമാറ്റം മനസ്സിലാക്കൽ തുടങ്ങിയ കഴിവുകളും ആവശ്യമാണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ്. പുതിയ പ്ലാറ്റ്ഫോമുകൾ, പരസ്യനയങ്ങൾ, സെർച്ച് എൻജിൻ മാറ്റങ്ങൾ, ഉപഭോക്താക്കളുടെ താത്പര്യങ്ങളിലെ വ്യതിയാനങ്ങൾ എന്നിവ നിരന്തരം പഠിക്കണം.
എവിടെ പഠിക്കാം?
കേരളത്തിൽ കെൽട്രോൺ, അസാപ് കേരള, ഐ സി ടി അക്കാദമി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങളുടെ കോഴ്സ് വിവരങ്ങൾ പരിശോധിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനത്തിന് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാം. വിവിധ സ്വകാര്യ സ്ഥാപനങ്ങളും ഓൺലൈൻ പരിശീലന കേന്ദ്രങ്ങളും ഈ രംഗത്ത് കോഴ്സുകൾ നടത്തുന്നുണ്ട്.
ഇന്ത്യയിലെ ചില ഐ ഐ എമ്മുകൾ, ഐ ഐ ടികൾ, സർവകലാശാലകൾ, മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവയിലും ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ബിസിനസ്സ്, മാർക്കറ്റിംഗ് അനലിറ്റിക്സ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്സുകളും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ലഭ്യമാണ്. ഐ ഐ എം ഇൻഡോർ- റായ്പൂർ- വിശാഖപട്ടണം- ബോധ്ഗയ- സിർമോർ, ഐ ഐ ടി റൂർക്കി, ഐ ഐ ടി പാറ്റ്ന, ജാമിയ ഹംദർദ്, ചണ്ഡീഗഢ് സർവകലാശാല, സിംബയോസിസ്, എക്സ് എൽ ആർ ഐ, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, ലവ്ലി പ്രൊഫഷനൽ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ഈ മേഖലയിൽ കോഴ്സുകൾ നടത്തുന്നുണ്ട്.
ഉഡെമി, കോഴ്സെറ തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിലും നിരവധി കോഴ്സുകളുണ്ട്. ജോലി ചെയ്യുന്നവർക്കും പഠനത്തോടൊപ്പം പുതിയൊരു നൈപുണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഇത്തരം കോഴ്സുകൾ പ്രയോജനകരമാണ്. സ്വന്തം സൗകര്യത്തിനനുസരിച്ച് പഠിക്കാനും കുറഞ്ഞ ചെലവിൽ അടിസ്ഥാനപരമായ പരിശീലനം നേടാനും ഇവ അവസരമൊരുക്കുന്നു. എന്നാൽ സർട്ടിഫിക്കറ്റിനേക്കാൾ പ്രായോഗികമായി എന്തെല്ലാം ചെയ്യാൻ കഴിയുന്നു എന്നതിനാണ് തൊഴിൽദാതാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഓർക്കണം.
നിർമിതബുദ്ധിയുടെ കാലത്തെ ഡിജിറ്റൽ മാർക്കറ്റിംഗ്
നിർമിതബുദ്ധിയുടെ (എ ഐ) കടന്നുവരവ് ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉള്ളടക്കം തയ്യാറാക്കൽ, പരസ്യ ആശയങ്ങൾ വികസിപ്പിക്കൽ, ഉപഭോക്തൃ വിവരങ്ങൾ വിശകലനം ചെയ്യൽ, പരസ്യപ്രചാരണങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിർമിതബുദ്ധി ഫലപ്രദമായി സഹായിക്കുന്നു.
എന്നാൽ എ ഐ ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയുന്നതുകൊണ്ടുമാത്രം ഒരാൾ മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധനാകില്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും ശരിയായ വിപണനതന്ത്രം രൂപപ്പെടുത്താനും ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനും കഴിയണം. എ ഐ സൃഷ്ടിക്കുന്ന ഉള്ളടക്കത്തിന്റെ കൃത്യതയും ഗുണനിലവാരവും വിലയിരുത്താനുള്ള കഴിവും ആവശ്യമാണ്.
അതുകൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർ പരമ്പരാഗത വിപണനതത്വങ്ങൾക്കൊപ്പം ഡാറ്റാ അനലിറ്റിക്സ്, എ ഐ ടൂൾസ്, ഡിജിറ്റൽ പരസ്യ സംവിധാനങ്ങൾ എന്നിവയിലും പ്രാവീണ്യം നേടാൻ ശ്രമിക്കണം. സാങ്കേതികവിദ്യയെ സർഗാത്മകതയുമായി കൂട്ടിച്ചേർക്കാൻ കഴിയുന്നവർക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുക.
Content Highlights:
Digital marketing offers vast career and business opportunities through SEO, social media, content, and affiliate marketing strategies. Top institutions like Keltron, ASAP Kerala, and various IIMs provide practical training alongside online platforms like Coursera. Integrating AI tools and data analytics with creative strategies is essential for succeeding in this rapidly evolving industry.




