Home rss national malayalam പുതിയ വാർത്ത ഗസയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഗസയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

3
0

Source :- SIRAJLIVE NEWS

ഗസ | വെടിനിര്‍ത്തല്‍ നിലനില്‍ക്കേ, ഗസയില്‍ ഇസ്‌റാഈല്‍ നടത്തിയ പുതിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ സാധനങ്ങള്‍ വാങ്ങി പിതാവിനൊപ്പം മടങ്ങുകയായിരുന്ന വഫ അഖീല എന്ന ഏഴ് വയസ്സുകാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. അഖീല സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം ദെയിര്‍ അല്‍ ബലാഹില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സകീന സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥി സാദി ഗാലിയയും കൊല്ലപ്പെട്ടു.

ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അഞ്ചുപേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം മാത്രം 1,352 പേര്‍ കൊല്ലപ്പെടുകയും 4,511 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, അമേരിക്കന്‍ മധ്യസ്ഥതയിലുള്ള സമാധാന ധാരണ നിലനില്‍ക്കേ, തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തമാക്കി. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണങ്ങളില്‍ രണ്ടു കുട്ടികളും ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു.

കഫര്‍ റമനിലെ ജനവാസ കെട്ടിടത്തിന് നേരെ നടന്ന ബോംബാക്രമണത്തില്‍ 11 പേരും, നബാത്തിയയില്‍ വാഹനത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇവിടെ 27 പേര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സമാധാന കരാര്‍ അട്ടിമറിക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്ന് ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ആരോപിച്ചു. സംഘര്‍ഷം രൂക്ഷമായ ശേഷം ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ലബനാനില്‍ ഇതുവരെ 4,350-ലധികം പേര്‍ കൊല്ലപ്പെടുകയും 135 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Content Highlights:
Five people including two children were killed in a recent Israeli attack on Gaza. The incident has intensified tension and concern in the Middle East region. Authorities and rescue teams continue operations amidst the ongoing conflict zone casualties.