Source :- SIRAJLIVE NEWS
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം രാജ്യമാകെ അതിവേഗം പടരുകയാണ്. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഒറ്റക്കെട്ടായി സമരമുഖത്തുണ്ട്. അതത് പാര്‍ട്ടികളുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ തനതായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുന്നുമുണ്ട്.
ഓരോ സംസ്ഥാനത്തും സമാനമനസ്‌കരായ ജനാധിപത്യ കൂട്ടായ്മകള്‍ ഈ മുദ്രാവാക്യം ഏറ്റെടുത്തതോടെ രാജ്യത്തെയാകെ ഇളക്കിമറിക്കുന്ന പോരാട്ടമായി പ്രക്ഷോഭം മാറുകയാണ്. സമരത്തിന്റെ കേന്ദ്രമായ രാജ്യതലസ്ഥാനത്ത് അടിച്ചമര്‍ത്തല്‍ തന്ത്രം പയറ്റിനോക്കുന്നുണ്ട് ഭരണകൂടം. കഴിഞ്ഞ ദിവസം കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കള്‍ക്ക് നേരെ ബലപ്രയോഗമുണ്ടായി. വിദ്യാര്‍ഥികളെയും യുവജന നേതാക്കളെയും പോലീസ് വലിച്ചിഴച്ചു. ഡല്‍ഹി പോലീസിന്റെയും സുരക്ഷാ സേനയുടെയും കടുത്ത നിയന്ത്രണങ്ങള്‍ മറികടന്നാണ് വിവിധ രാഷ്ട്രീയ, വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഡല്‍ഹി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയില്‍ സമരം തുടങ്ങിക്കഴിഞ്ഞു. അവര്‍ പത്ത് മുതല്‍ ഡല്‍ഹിയില്‍ തമ്പടിക്കാനിരിക്കുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ നിഷ്പക്ഷ, നീതിയുക്ത തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമിച്ചതെന്ന് ഇന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. വോട്ടവകാശം സംരക്ഷിക്കേണ്ട കമ്മീഷനെ കേന്ദ്ര ഭരണകക്ഷിക്ക് വേണ്ടി വോട്ടുവെട്ടല്‍ സംവിധാനമായി അധഃപതിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഗ്യാനേഷ് കുമാറിന് ഒഴിഞ്ഞു മാറാനാകില്ല.
വോട്ടര്‍പ്പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയിലുടനീളം ചട്ടവിരുദ്ധതയും നിയമത്തിന്റെ തെറ്റായ വ്യാഖ്യാനവും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയത് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും തന്നെയാണ്. ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്നതാണ് അവരുടെ ആക്ഷേപം. എന്നാല്‍ പൗരന്‍മാരുടെ പ്രതിഷേധം ആ തന്നിഷ്ടത്തിനെതിരെ മാത്രമല്ല. ഈ മൂന്ന് കമ്മീഷണര്‍മാരും ഒറ്റക്കെട്ടായി ചെയ്തിരുന്നുവെങ്കിലും വോട്ടുവെട്ടല്‍ പ്രക്രിയക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമായിരുന്നു.
ഈ ജനകീയ മുന്നേറ്റത്തിന്റെ ശക്തിയും വ്യാപ്തിയും കുറച്ചുകാണിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സര്‍ക്കാര്‍പക്ഷ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷേ, ഈ പോരാട്ടത്തിന്റെ ഭാവിയും വര്‍ത്തമാനവും നന്നായി വിലയിരുത്തുന്നത് ഭരണകൂടം തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്പൂര്‍ണ യോഗം ചേര്‍ന്ന് ചില തിരുത്തലുകള്‍ വരുത്തിയത് ഇതിന് തെളിവാണ്.
പുറത്താക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ തിരിച്ചുകയറാന്‍ അവസരമൊരുക്കുമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. 13 കോടി പേരുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ് ഐ ആര്‍ പ്രക്രിയ അടിമുടി പിഴവായിരുന്നെന്ന് സമ്മതിക്കുകയാണ് കമ്മീഷന്‍. സ്പെഷ്യല്‍ ഡ്രൈവും തിരുത്തലും പ്രഖ്യാപിച്ച് ഈ വസ്തുത മറച്ചുപിടിക്കാനാകില്ല. ഫോം ആറില്‍ മാറ്റംവരുത്തിയതിലെ നിയമവിരുദ്ധതയും വോട്ടര്‍പ്പട്ടിക പുതുക്കലിന്റെ പൂര്‍ണനിയന്ത്രണം ഇ സി ഐ നെറ്റ് ആപ്പിലൂടെ കമ്മീഷനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതും കമ്മീഷണര്‍മാര്‍ ചോദ്യം ചെയ്തതോടെ എസ് ഐ ആറിന്റെ നിലനില്‍പ്പുതന്നെ സംശയത്തിലായി.
നിയമവിരുദ്ധ പ്രക്രിയയിലൂടെ രൂപപ്പെട്ട വോട്ടര്‍പ്പട്ടിക ഉപയോഗിച്ച് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നിലനില്‍ക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറില്‍ നിന്ന് മാതാപിതാക്കളെ കുറിച്ചുള്ള വിവാദചോദ്യം ഒഴിവാക്കുകയും ഇനിയുള്ള പേര് ചേര്‍ക്കലില്‍ പഴയ ഫോം പ്രാബല്യത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന എസ് ഐ ആര്‍ നടപടികള്‍ തുടരുമെന്ന് കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെ കൈക്കൊണ്ട തീരുമാനത്തിന്റെ നിയമസാധുതയെന്തെന്ന ചോദ്യത്തിനും മറുപടിയില്ല.
ഇപ്പോള്‍ പ്രഖ്യാപിച്ച തെറ്റുതിരുത്തല്‍ പ്രക്രിയയിലും നിയമപ്രശ്‌നങ്ങളുണ്ട്. എസ് ഐ ആറിന്റെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാര്‍ക്കായുള്ള ഫോം ആറ് വഴി എങ്ങനെ പേരുചേര്‍ക്കലിന് അപേക്ഷിക്കുമെന്ന ചോദ്യമുയരുന്നു. ഫോം ആറ് പുതിയ വോട്ടര്‍മാര്‍ക്കുവേണ്ടി മാത്രമാണെന്നും പേര് നീക്കംചെയ്യപ്പെട്ട ഒരാള്‍ക്ക് അത് പൂരിപ്പിച്ച് നല്‍കാനാകില്ലെന്നും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈശി എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
അങ്ങനെ പൂരിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ അര്‍ഹിക്കാവുന്ന ക്രിമിനല്‍ക്കുറ്റമാണ് ചെയ്യുന്നതെന്നും അവരെ അതിന് നിര്‍ബന്ധിക്കുന്ന കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കുറ്റകൃത്യത്തിന് പ്രേരണ നല്‍കുകയാണെന്നും ഖുറൈശി ആരോപിക്കുന്നു. ഫോം ആറിലെ സത്യവാങ്മൂലത്തില്‍ നിലവില്‍ തന്റെ പേര് ഏതെങ്കിലും നിയമസഭാ മണ്ഡലത്തിലോ പാര്‍ലിമെന്റ് മണ്ഡലത്തിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് അപേക്ഷകന്‍ ബോധിപ്പിക്കുന്നുണ്ട്. അതിനാല്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ഈ ഫോം വഴി അപേക്ഷിക്കുന്നതിന് തടസ്സമില്ലെന്നാണ് കമ്മീഷന്‍ വൃത്തങ്ങളുടെ മറുപടി.
പട്ടികയില്‍ ആദ്യമായി പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുകയാണെന്നും അതേ സത്യവാങ്മൂലത്തിലുണ്ട്. തന്റെ പേര് ആദ്യമായി വോട്ടര്‍പ്പട്ടികയിലുള്‍പ്പെടുത്താനുള്ള അപേക്ഷയെന്ന് നേരത്തേ പല തവണ വോട്ട് ചെയ്ത ഒരാള്‍ക്ക് സത്യവാങ്മൂലത്തില്‍ എങ്ങനെ പറയാന്‍ സാധിക്കുമെന്ന മറുചോദ്യത്തിന് പക്ഷേ കമ്മീഷന്റെ കൈയില്‍ ഉത്തരമില്ല.
ഈ പ്രക്ഷോഭ പരമ്പരയുടെ ലക്ഷ്യം ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നതില്‍ ഒതുങ്ങരുത്. എസ് ഐ ആര്‍ പ്രക്രിയ പൂര്‍ണമായി റദ്ദാക്കണം. എസ് ഐ ആറിന് ശേഷമുള്ള പട്ടിക ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പുകള്‍ ശരിയായ നിലയില്‍ വീണ്ടും നടത്തണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള സമിതി ഉടച്ചുവാര്‍ക്കണം. ഇക്കാര്യങ്ങളിലെല്ലാം സുപ്രീം കോടതിയുടെ കൃത്യമായ നിരീക്ഷണം വേണം. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഈ കമ്മീഷന്‍ എടുത്ത സര്‍വ തീരുമാനങ്ങളും ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാണിച്ച പോലെ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകണം.
Content Highlights: Nationwide protests led by the INDIA alliance continue to intensify demanding the resignation of Chief Election Commissioner Gyanesh Kumar over electoral roll revision irregularities. Protesters face harsh police action in Delhi where strict restrictions and prohibitory orders remain enforced. Controversies regarding Form 6 and the SIR process have raised serious questions over election integrity.




