Source :- SIRAJLIVE NEWS
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനു പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും പിളര്‍പ്പ്. ഉത്തര്‍ പ്രദേശ് സമാജ്്വാദി പാര്‍ട്ടിയിലും പിളര്‍പ്പിനു കളമൊരുങ്ങുന്നതായി സൂചന. പ്രതിപക്ഷ പാര്‍ട്ടികളിലെ തുടര്‍ച്ചയായ ഈ പിളര്‍പ്പുകള്‍ കേവല പ്രാദേശികമായ അധികാരത്തര്‍ക്കങ്ങള്‍ക്കപ്പുറം പാര്‍ലിമെന്റില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ബി ജെ പി നടത്തുന്ന കുരനീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഏകീകൃത സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, സംസ്ഥാനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം, ജുഡീഷ്യല്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങി ഭരണഘടനാ ഭേദഗതി ആവശ്യമായതും ബി ജെ പിയുടെ ഗൂഢ അജന്‍ഡയുടെ ഭാഗവുമായ നിയമനിര്‍മാണങ്ങള്‍ പ്രതിപക്ഷ എതിര്‍പ്പിനു മുമ്പില്‍ പരാജയപ്പെടാതെ പാസ്സാക്കിയെടുക്കാനുള്ള ആസൂത്രിത നീക്കമായി ഇതിനെ കാണണം.
നിയമനിര്‍മാണ സഭകളിലും പുറത്തും സ്വാധീനവും ശക്തിയും വര്‍ധിപ്പിക്കാന്‍ രാഷ്ട്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. അതുപക്ഷേ, മികച്ച ഭരണത്തിന്റെയും ജനങ്ങള്‍ക്ക് സ്വീകാര്യമായ നയങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകളിലൂടെ ലഭിക്കുന്ന പിന്തുണ കൊണ്ടായിരിക്കണം. കുത്സിത മാര്‍ഗങ്ങളിലൂടെ ഇതര പാര്‍ട്ടികളെ പിളര്‍ത്തിയും ജനിവിധിക്കു ശേഷമുള്ള രാഷ്ട്രീയ ഓപറേഷനുകളി ലൂടെയുമാകരുത്. ഇതെല്ലാം ജനവിധിയെ മറികടക്കാനുള്ള കുറുക്കുവഴികളാണ്. പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും അതാണ് സംഭവിച്ചത്. വഴിവിട്ട ഇത്തരം കളികള്‍ ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുകളിലുള്ള വിശ്വാസം സമൂഹത്തിന് നഷ്ടമാക്കാനും അരാഷ്ട്രീയ ചിന്താഗതി വളരാനും ഇടയാക്കും. തങ്ങള്‍ വോട്ടുചെയ്തു വിജയിപ്പിച്ച സ്ഥാനാര്‍ഥിയോ, പാര്‍ട്ടിയോ പിന്നീട് മറ്റൊരു രാഷ്ട്രീയ പാളയത്തിലേക്ക് നീങ്ങുമ്പോള്‍ വോട്ടര്‍മാരില്‍ അവിശ്വാസവും നിരാശയും വളരുകയും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ആദരവ് നഷ്ടമാകുകയും ചെയ്യും.
ഇത്തരം കൂറുമാറ്റങ്ങള്‍ തടയാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിന്റെ കാലത്ത് 52ാം ഭരണഘടനാ ഭേദഗതിയിലൂടെ ജനപ്രതിനിധികളുടെ കൂറുമാറ്റം നിരോധിച്ചതാണ്. പണത്തിന്റെയും പദവികളുടെയും പ്രലോഭനങ്ങളില്‍ വീണു ജനപ്രതിനിധികള്‍ പാര്‍ട്ടി വിടുന്നത് തടയാനും രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഈ നിയമത്തിലെ ചില പഴുതുകളാണിപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിഴുങ്ങാന്‍ ബി ജെ പി ആയുധമാക്കുന്നത്. ഒരു പാര്‍ട്ടിയുടെ ആകെ ജനപ്രതിനിധികളില്‍ മൂന്നില്‍ രണ്ട് ഭാഗം പേര്‍ ഒന്നിച്ചു മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ, പുതിയൊരു ഗ്രൂപ്പായി മാറുകയോ ചെയ്താല്‍ അവര്‍ക്ക് നിയമപരമായ അയോഗ്യതയില്‍ നിന്നു രക്ഷപ്പെടാമെന്ന പഴുതാണ് നിയമത്തിലെ വില്ലന്‍. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ഒമ്പത് ലോക്‌സഭാ എം പിമാരില്‍ ആറ് പേരെ ഒന്നിച്ചു ചാടിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെയുടെയും ബി ജെ പിയുടെയും നേതൃത്വത്തില്‍ നടന്ന നീക്കം നിയമപരമായ ഈ പഴുത് ലക്ഷ്യം വെച്ചുള്ളതാണ്.
പാര്‍ലിമെന്റിലെയും പല നിയമസഭകളിലെയും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെ സമീപകാലത്തെ ഭരണപക്ഷത്തേക്കുള്ള മാറ്റത്തിനു പിന്നില്‍ പ്രത്യയശാസ്ത്രപരമായ കാരണങ്ങളല്ലെന്നു പകല്‍പോലെ വ്യക്തമാണ്. കേന്ദ്ര ഏജന്‍സികളെയും കേന്ദ്ര ഫണ്ടിലെ വിവേചനവും ഭയന്നാണ് മിക്കവരുടെയും കൂറുമാറ്റം. ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പഴയ ഖനന അഴിമതിക്കേസും ഗോമതി റിവര്‍ അഴിമതിക്കേസും വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന സംസ്ഥാന മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. കേസുകള്‍ നേരിടുന്ന നേതാക്കള്‍ ഭരണപക്ഷത്തേക്ക് മാറുന്നതോടെ അന്വേഷണങ്ങള്‍ നിശ്ചലമാകുകയോ മന്ദഗതിയിലാകുകയോ ചെയ്യുന്ന “വാഷിംഗ് മെഷീന്‍ രാഷ്ട്രീയം’ ഇന്ത്യന്‍ ജനത ഇന്ന് നിരന്തരം കാണുകയാണ്. പ്രതിപക്ഷ എം പിമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലേക്കാവശ്യമായ കേന്ദ്ര- സംസ്ഥാന ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളോട് മറുപടി പറയേണ്ട എം പിമാര്‍ക്കു മുന്നില്‍, തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം പണയം വെച്ചെങ്കിലും ഭരണപക്ഷത്തിന്റെ ഭാഗമാകുകയല്ലാതെ വഴിയില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയാണ് ഫണ്ട് വിതരണത്തിലെ വിവേചനം വഴി കേന്ദ്ര സര്‍ക്കാര്‍.
ജനാധിപത്യത്തില്‍ ഭരണപക്ഷത്തോളം പ്രധാനമാണ് ശക്തമായ പ്രതിപക്ഷം. സര്‍ക്കാറിന്റെ തീരുമാനങ്ങളെ പരിശോധിക്കുകയും അതിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടുകയും അധികാരത്തിന്റെ ദുരുപയോഗം തടയുകയും ചെയ്യുന്നത് പ്രതിപക്ഷമാണ്. ശക്തമായ പ്രതിപക്ഷ നിര ഇതില്ലാതാകുമ്പോള്‍ ഭരണം ഏകാധിപത്യത്തിലേക്കും സ്വേഛാധിപത്യത്തിലേക്കും വഴിമാറും. പ്രതിപക്ഷ കക്ഷികളെ പിളര്‍ത്തി നേടുന്ന രാഷ്ട്രീയ ശക്തി ഭരണപക്ഷത്തിനു രാഷ്ട്രീയ ലാഭം സൃഷ്ടിച്ചേക്കാമെങ്കിലും ജനാധിപത്യത്തിന്റെ സുരക്ഷാസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തും. തൃണമൂല്‍ കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി, ഡി എം കെ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രബല പാര്‍ട്ടികള്‍ തങ്ങളുടെ അപ്രമാദിത്വത്തിന് ഭീഷണിയായാണ് ബി ജെ പി കാണുന്നത്. പിളര്‍ത്തല്‍ രാഷ്ട്രീയത്തിനു പിന്നില്‍ ഈയൊരു ഘടകവും കൂടിയുണ്ട്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ അന്തിമ അധികാരം ജനങ്ങള്‍ക്കാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ജനങ്ങള്‍ രേഖപ്പെടുത്തുന്ന “സമ്മതിദാന’ത്തെ പണക്കൊഴുപ്പ് കൊണ്ടും അധികാര ദുര്‍വിനിയോഗത്തിലൂടെയും അട്ടിമറിക്കുന്നത് ജനവഞ്ചനയും ചതിയുമാണ്. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടുകയെന്നത് ഭരണകക്ഷിക്ക് അവരുടെ പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള അവകാശമായിരിക്കാം. അതുപക്ഷേ പ്രതിപക്ഷ നിരയെ വേട്ടയാടിയും ജനാധിപത്യവിരുദ്ധമായ പിളര്‍പ്പുകള്‍ സൃഷ്ടിച്ചും നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ ശില്‍പ്പികള്‍ വിഭാവന ചെയ്ത “ഇന്ത്യ’ക്കും രാഷട്രീയ ധാര്‍മികതക്കും ചേര്‍ന്നതല്ല. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചക്കു തന്നെ ഇത് വഴിയൊരുക്കും.
Content Highlights:
The recent splits in prominent opposition parties including TMC and Shiv Sena indicate a calculated move by the BJP. Analysts suggest this strategy aims to boost ruling benches to pass crucial constitutional amendments smoothly. The ongoing political defections raise serious concerns over democratic stability and election ethics in India.




