Home rss national malayalam പുതിയ വാർത്ത ജനസംഖ്യാ നിയന്ത്രണ പരിപാടി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ

ജനസംഖ്യാ നിയന്ത്രണ പരിപാടി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ജനസംഖ്യ നിയന്ത്രണവുമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ. ജനസംഖ്യ നിയന്ത്രണ പ്രത്സാഹനത്തിന് ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റീവ് ഉള്‍പ്പെടെയുള്ളവ അവസാനിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ദ ഗോസ്റ്റ് ഓഫ് പോപ്പുലേഷന്‍ പാസ്റ്റ്: ഹൗ പോപ്പുലേഷന്‍ കണ്‍ട്രോള്‍ പെര്‍സിസ്റ്റ്‌സ് ഇന്‍ ഇന്ത്യ’ എന്ന റിപോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യാ നിയന്ത്രണം ഒരു ഔദ്യോഗിക നയമെന്ന നിലയില്‍ പിന്തുടരുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നും രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ ഘടനയ്ക്ക് അനുസൃതമായി കുടുംബ ആസൂത്രണ നയങ്ങള്‍ പുനഃക്രമീകരിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.

ഇന്ത്യയുടെ ദേശീയ മൊത്തം പ്രത്യുല്‍പാദന നിരക്ക് 1.9 ആണ്; ഇത് ‘റീപ്ലേസ്മെന്റ് ഫെര്‍ട്ടിലിറ്റി’ (ജനസംഖ്യാ നിലനിര്‍ത്തല്‍ നിരക്ക്) നേക്കാള്‍ വളരെ കുറവാണ്. ബിഹാറും ഉത്തര്‍പ്രദേശും ഒഴിവാക്കിയാല്‍, ഈ നിരക്ക് 1.6 ആണ്. കുടുംബ ആസൂത്രണവുമായി ബന്ധപ്പെട്ട പുരസ്‌കാരങ്ങള്‍, ലോക ജനസംഖ്യാ ദിനാചരണം, ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടുള്ള പുരുഷ വന്ധ്യംകരണ പക്ഷാചരണംഎന്നിവ നിര്‍ത്തലാക്കണമെന്നും ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലും ‘രണ്ട് കുട്ടികള്‍ മാത്രം’ എന്ന നിബന്ധന ലംഘിക്കുന്നവര്‍ക്കുള്ള അയോഗ്യതകള്‍ എടുത്തുമാറ്റണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. ‘റീപ്ലേസ്മെന്റ് ഫെര്‍ട്ടിലിറ്റി’ നിരക്കിലോ അതില്‍ താഴെയോ എത്തിനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ പുതിയ ജനസംഖ്യാ സാഹചര്യങ്ങള്‍ക്കനുസൃതമായി ‘മിഷന്‍ പരിവാര്‍ വികാസി’ന്റെ പ്രവര്‍ത്തനപരിധി ക്രമീകരിക്കണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപോര്‍ട്ട് ആവശ്യപ്പെടുന്നു.

ദേശീയ-സംസ്ഥാന നയരേഖകളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നും പ്രത്യുല്‍പാദന നിരക്ക് കുറയ്ക്കല്‍, ജനസംഖ്യാ നിയന്ത്രണം അല്ലെങ്കില്‍ ‘ജനസംഖ്യാ സ്ഥിരത തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒഴിവാക്കണം. സംസ്ഥാന നയങ്ങളുടെ ലക്ഷ്യമെന്ന നിലയില്‍ ജനസംഖ്യാ നിയന്ത്രണത്തിന് ഇനി പ്രസക്തിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രത്യുല്‍പാദന നിരക്ക് കുറയ്ക്കുന്നതും നിലവിലെ സ്ഥിതി തുടരുന്നതും കാലഹരണപ്പെട്ട കാര്യങ്ങളാണെന്നിരിക്കെ, അവയുടെ പ്രത്യാഘാതങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടതിന് ഉദ്യോഗസ്ഥതലത്തിലുള്ള മന്ദതയും സാംസ്‌കാരികമായ മുന്‍ധാരണകളും കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ജനസംഖ്യാപരമായ പക്വത കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് (1.4), തെലങ്കാന (1.5), കര്‍ണാടക (1.5), കേരളം (1.3), തമിഴ്നാട് (1.3) എന്നിവയ്ക്കൊപ്പം പശ്ചിമ ബംഗാള്‍ (1.3), പഞ്ചാബ് (1.4), ഗോവ (1.6), ഹിമാചല്‍ പ്രദേശ് (1.5), സിക്കിം (1.0), മഹാരാഷ്ട്ര (1.4), ഡല്‍ഹി (1.2) തുടങ്ങിയ സംസ്ഥാനങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ‘റീപ്ലേസ്മെന്റ് ഫെര്‍ട്ടിലിറ്റി’ നിരക്കിന് താഴെയാണ് തുടരുന്നത്. ഇന്ത്യയിലെ വാര്‍ഷിക ജനനനിരക്ക് 2001-ല്‍ ഏകദേശം 29.3 ദശലക്ഷം എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അതിനുശേഷം അതില്‍ അഞ്ചിലൊന്ന് കുറവുണ്ടാവുകയും 2023-ല്‍ ഇത് ഏകദേശം 23.2 ദശലക്ഷമായി താഴുകയും ചെയ്തു. നിലവില്‍, ഏകദേശം അമ്പത് വര്‍ഷം മുമ്പ്, അതായത് 1974-ല്‍ ഉണ്ടായിരുന്ന അതേ ജനനനിരക്കിലാണ് ഇന്ത്യ എത്തിനില്‍ക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു

Content Highlights:
The Prime Minister’s Economic Advisory Council recommended ending population control incentives, including ASHA worker allowances. A report led by Sanjeev Sanyal highlights that India’s total fertility rate has dropped below replacement levels. It suggests scrapping the two-child norm and aligning family planning policies with changing demographics.