Home LATEST NEWS malyalam പുതിയ വാർത്ത ജലം ജീവനാണ്, അത് വിഷമാക്കരുത്

ജലം ജീവനാണ്, അത് വിഷമാക്കരുത്

2
0

Source :- SIRAJLIVE NEWS

കേരളത്തില്‍ ജലജന്യരോഗങ്ങള്‍ വര്‍ധിക്കാനിടയായതിന്റെ കാരണത്തെക്കുറിച്ച് അടുത്തിടെ നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ആശങ്കാജനകമാണ്. കുടിവെള്ളം മലിനപ്പെട്ടതാണ് ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കിയതെന്നും 2021ന് ശേഷം സംസ്ഥാനത്ത് ജലജന്യരോഗങ്ങളില്‍ വന്‍ വര്‍ധനവുണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 21 നദികളില്‍ 351 ഇടങ്ങള്‍ രൂക്ഷമായ മലിനീകരണം നേരിടുന്നുവെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപോര്‍ട്ട് ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു.

പൊതുജനാരോഗ്യ രംഗത്ത് ഇന്ത്യക്ക് മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കേരളം ഇന്ന് പകര്‍ച്ചവ്യാധികള്‍ കൊണ്ട് പ്രയാസപ്പെടുകയാണ്. ജലജന്യരോഗങ്ങളാണ് ഇതില്‍ കൂടുതലും. നേരത്തേ നിയന്ത്രണ വിധേയമാക്കിയിരുന്നതാണ് കേരളത്തില്‍ മലമ്പനി. വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഈ രോഗം. ഈ വര്‍ഷം രോഗം നിരവധി പേര്‍ക്ക് സ്ഥിരീകരിച്ചു കഴിഞ്ഞു. മഞ്ഞപ്പിത്തവും പൂര്‍വോപരി വര്‍ധിച്ചു. സങ്കീര്‍ണമായ രോഗങ്ങള്‍ക്കു വരെ ചികിത്സ ലഭ്യമാക്കാന്‍ കെല്‍പ്പുള്ള ആരോഗ്യ സംവിധാനം ഉണ്ടായിട്ടും മലിനജലം കുടിച്ച് ആളുകള്‍ മരിക്കേണ്ടി വരുന്നത് വിരോധാഭാസവും അധികൃതരുടെയും സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഗുരുതര പ്രശ്‌നവുമാണ്.

കിണറുകളിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, മലിനജല നിര്‍മാര്‍ജനത്തിലെ അശാസ്ത്രീയത, ജലവിതരണ ശൃംഖലകളിലെ ചോര്‍ച്ച, ജലവിതരണം നടത്തുന്ന പൈപ്പുകളുടെ കാലപ്പഴക്കം, അനിയന്ത്രിതമായ നഗരവത്കരണം തുടങ്ങിയവയാണ് സംസ്ഥാനത്തെ കുടിവെള്ള മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളീയരില്‍ 60 ശതമാനത്തിലേറെ പേര്‍ കുടിവെള്ളത്തിന് കിണറുകളെയാണ് ആശ്രയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്തെ കിണറുകളില്‍ വലിയൊരു പങ്കും കോളിഫോം ബാക്ടീരിയകള്‍ മൂലം മലിനമാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പത്ത് ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍, പകുതിയോളം കിണറുകളിലെ ജലവും മലിനമാണെന്ന് കണ്ടെത്തിയിരുന്നു.

ഉയര്‍ന്ന ജനസാന്ദ്രത കാരണം കുറഞ്ഞ സ്ഥലത്താണ് കേരളത്തില്‍ ഇപ്പോള്‍ മിക്കവീടുകളും നിര്‍മിച്ചു വരുന്നത്. ഇതുമൂലം കുടിവെള്ള സ്രോതസ്സുകളും സെപ്റ്റിക് ടാങ്കുകളും തമ്മില്‍ പാലിക്കേണ്ട നിശ്ചിത അകലം പല സ്ഥലത്തും പാലിക്കപ്പെടുന്നില്ല. മനുഷ്യ വിസര്‍ജ്യങ്ങളില്‍ നിന്നുള്ള ബാക്ടീരിയകള്‍ ഭൂഗര്‍ഭജലത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇതിടയാക്കുന്നു. കിണറും സെപ്റ്റിക് ടാങ്കുകളും തമ്മില്‍ 15 മീറ്ററെങ്കിലും അകലം വേണമെന്നായിരുന്നു നേരത്തേ നിയമം. ജനസാന്ദ്രതയും പ്ലോട്ടുകളുടെ വലിപ്പത്തില്‍ വന്നുകൊണ്ടിരിക്കുന്ന കുറവും കാരണം 1999ലെ കേരള ബില്‍ഡിംഗ് റൂള്‍സില്‍ അകലം 7.5 മീറ്ററായി കുറച്ചു. ഇത് കിണര്‍വെള്ള മലിനീകരണത്തിന് വലിയ തോതില്‍ ഇടയാക്കിയിട്ടുണ്ട്.

ശുചീകരണത്തില്‍ വ്യക്തികള്‍ കാണിക്കുന്ന അശ്രദ്ധയാണ് ജലജന്യരോഗത്തിന്റെ മറ്റൊരു കാരണം. ജലസംഭരണ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, ഭക്ഷണം പാകം ചെയ്യുന്ന ഘട്ടത്തിലെ ശുചിത്വക്കുറവ്, തിളപ്പിക്കാത്ത വെള്ളം കുടിക്കുക തുടങ്ങിയവ രോഗവ്യാപനം വര്‍ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പ്രധാന ഘടകമാണ്. അതിശക്തമായ മഴയും തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവും മലിനജലം കിണറുകളിലെത്താന്‍ വഴിയൊരുക്കുന്നു. പിന്നീട് വരുന്ന കടുത്ത വേനലില്‍ കിണറുകളുടെ ജലനിരപ്പ് താഴുമ്പോള്‍ അവശേഷിച്ച വെള്ളത്തില്‍ ബാക്ടീരിയകളുടെയും അമീബകളുടെയും സാന്ദ്രത വര്‍ധിക്കും. അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ കേരളത്തില്‍ തുടരെയുണ്ടാകുന്നതില്‍, താപവ്യതിയാനം മൂലം ജലാശയങ്ങളിലുണ്ടാകുന്ന മലിനീകരണത്തിന് പങ്കുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ വര്‍ഷാന്തം മഴക്കാലപൂര്‍വ ശുചീകരണ പരിപാടികള്‍ നടത്താറുണ്ട്. ഇത് പലപ്പോഴും ചടങ്ങുകളില്‍ ഒതുങ്ങുന്നു. ശാസ്ത്രീയമായ ജലപരിശോധന, ക്ലോറിനേഷന്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം, മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി പരിഹരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മതിയായ പ്രാധാന്യം ലഭിക്കുന്നില്ല. രോഗം ബാധിച്ചു തുടങ്ങുമ്പോഴാണ് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സജീവമാകുന്നത്. സംസ്ഥാനത്തെ എല്ലാ കുടിവെള്ള സ്രോതസ്സുകളുടെയും ഗുണനിലവാരം നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും പഴകിയ ജലവിതരണ പൈപ്പുകള്‍ ഘട്ടംഘട്ടമായി മാറ്റി സ്ഥാപിക്കുകയും വേണം. സെപ്റ്റിക് ടാങ്കുകളുടെ നിര്‍മാണത്തിലും പരിപാലനത്തിലും പാലിക്കേണ്ട ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. പൊതുജനങ്ങള്‍ക്ക് ജലസുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും അനിവാര്യം.

ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണ് ജലം. അത് രോഗത്തിന്റെ ഉറവിടമായി മാറുന്നത് ആരോഗ്യബോധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ജനതക്ക് ഒട്ടും യോജിച്ചതല്ല. കുടിവെള്ള മലിനീകരണത്തെക്കുറിച്ച് സാമ്പത്തിക അവലോകന റിപോര്‍ട്ടില്‍ നല്‍കിയ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ആരോഗ്യരംഗത്തെ കേരളത്തിന്റെ മികവ് നിലനിര്‍ത്തണമെങ്കില്‍ ആശുപത്രികളുടെ എണ്ണം കൂട്ടുന്നതിലും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലുമുപരി പ്രാധാന്യം സുരക്ഷിതമായ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനായിരിക്കണം.

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ പ്രധാനവും മഹത്തരവും രോഗം വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ്. ഇത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല, ജനങ്ങളുടേത് കൂടിയാണ്. ശുദ്ധമായ വായുവും ആഹാരവുമെന്ന പോലെ ശുദ്ധമായ കുടിവെള്ളവും ഓരോ പൗരന്റെയും അവകാശമാണെന്ന ബോധ്യത്തോടെ, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്.

Content Highlights:
The recent Economic Review report highlights a worrisome surge in waterborne diseases across Kerala since 2021 due to severe drinking water contamination. Major causes include coliform bacteria in wells, close proximity to septic tanks, and extensive river pollution. Experts urge immediate action through scientific water testing, pipe replacements, and public awareness.