Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഹിമാചല്‍ പ്രദേശിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയായ ജി എന്‍ എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് വഴി മുഴുവന്‍ സമയവും വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി വൈദ്യുതി മേഖലയിലെ വിദഗ്ധര്‍. സ്വന്തമായി വൈദ്യുതി ഉത്പാദനമോ വിതരണമോ ഇല്ലാത്ത വെറും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജി എന്‍ എയുമായുള്ള വൈദ്യുതി ഇടപാടിനെ മുഖ്യമന്ത്രി വി ഡി സതീശന് ന്യായീകരിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി വിദഗ്ധര്‍ രംഗത്തെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമെന്നും ചെലവ് കുറക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് സൗരോര്‍ജ വൈദ്യുതി അധികമായി ലഭിക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള തീരുമാനം ന്യായീകരിക്കാനാകില്ലെന്നാണ് കെ എസ് ഇ ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. വൈകുന്നേരം ആറ് മുതല്‍ രാത്രി 11 വരെയും പുലര്‍ച്ചെ അഞ്ച് മുതല്‍ ഏഴ് വരെയുമാണ് സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ളത്.
ജി എന്‍ എ വഴി യൂനിറ്റിന് 8.645 രൂപ നിരക്കില്‍ 500 മെഗാവാട്ട് വൈദ്യുതി മുഴുവന്‍ സമയവും വാങ്ങിയാല്‍ പ്രതിദിനം 12 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. എന്നാല്‍, ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയാണ് വാഗ്ദാനം ചെയ്തത്. ഈ കരാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ പ്രതിദിനം 8.824 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥന് പറയുന്നു. ഇതില്‍ 7.177 ദശലക്ഷം യൂനിറ്റ് പുലര്‍ച്ചെ അഞ്ച് മുതല്‍ 8.30 വരെയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 10.30 വരെയുമാണ് ലഭിക്കുക. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുമായി ഈ സമയക്രമം കൂടുതല്‍ യോജിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജി എന്‍ എ വാഗ്ദാനം ചെയ്യുന്ന 12 ദശലക്ഷം യൂനിറ്റില്‍ 4.5 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയങ്ങളില്‍ ലഭിക്കുക.
എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതിയില്‍ 7.17 ദശലക്ഷം യൂനിറ്റ് ഈ സമയങ്ങളില്‍ ലഭിക്കും. സര്‍ക്കാരിന് കെ എസ് ഇ ബി നല്കിയ കുറിപ്പിലും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന്റെ പ്രയോജനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ജി എന്‍ എ പ്ലാറ്റ്ഫോം വഴി 500 മെഗാവാട്ട് മുഴുവന്‍ സമയ വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ വൈകുന്നേരങ്ങളിലെ ഉയര്‍ന്ന ആവശ്യകത നേരിടാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി സഹായിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെയും വൈദ്യുതി ബോര്‍ഡിന്റെയും വിലയിരുത്തല്‍. നിര്‍ദിഷ്ട കരാര്‍ പ്രകാരം ഈ മാസം മുതല്‍ 2027 മാര്‍ച്ച് വരെ 864 മെഗാവാട്ട് മുതല്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതി പീക്ക് സമയങ്ങളില്‍ നല്കാന് ഹിമാചല്‍ പ്രദേശിന് കഴിയും. എന്നാല്‍ ജി എന്‍ എയില്‍ നിന്നുള്ള വൈദ്യുതി വാങ്ങലിലേക്ക് മാറിയാല്‍ ഇതേ കാലയളവില്‍ വൈകുന്നേരങ്ങളിലെ വൈദ്യുതി കമ്മി 364 മെഗാവാട്ട് മുതല്‍ 780 മെഗാവാട്ട് വരെ വര്‍ധിക്കുമെന്നും കെ എസ് ഇ ബി മുന്നറിയിപ്പ് നല്കുന്നു.
വൈദ്യുതി ലഭ്യതയുടെ കാലാവധിയാണ് മറ്റൊരു പ്രധാന കാര്യം. ജി എന്‍ എയില്‍ നിന്നുള്ള വൈദ്യുതി 2027 മാര്‍ച്ച് വരെ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി 2027 മെയ് വരെ ലഭിക്കും. ആ സമയത്ത് സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകത ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആഭ്യന്തര ഉത്പാദനത്തിലൂടെയും വൈദ്യുതി വാങ്ങല്‍ കരാറുകളിലൂടെയും കെ എസ് ഇ ബിക്ക് പരമാവധി ലഭിക്കുന്നത് 4,200 മെഗാവാട്ട് വൈദ്യുതിയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 5,000 മുതല്‍ 5,500 മെഗാവാട്ട് വരെയാണ്. ജി എന്‍ എയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി തത്സമയ വിപണിയില്‍ നിന്ന് ഏകദേശം 700 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങേണ്ടിവരുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Content Highlights:Experts have raised concerns over Kerala’s GNA energy deal, stating it will lead to higher overall expenditure due to heavy transmission charges. Contrary to official claims, acquiring electricity from Himachal Pradesh is cited as a more profitable option for the state. The GNA deal provides power only until March 2027, whereas Himachal power covers peak demand through May 2027.



