Home rss national malayalam പുതിയ വാർത്ത ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില; പേറ്റന്റ് മരുന്നുകള്‍ സര്‍ക്കാരിന് നിര്‍മിച്ച് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി

ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില; പേറ്റന്റ് മരുന്നുകള്‍ സര്‍ക്കാരിന് നിര്‍മിച്ച് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി

2
0

Source :- SIRAJLIVE NEWS

കൊച്ചി | കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ പേറ്റന്റ് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പേറ്റന്റുള്ള ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ ഉത്പാദിപ്പിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

പേറ്റന്റ് ഉള്ള മരുന്നുകള്‍ അമിതവില കാരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന സാഹചര്യങ്ങളില്‍, പേറ്റന്റ് നിയമം 100-ാം വകുപ്പ് പ്രകാരം മരുന്ന് ഉത്പാദിപ്പിക്കാനും അര്‍ഹരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്‍ക്കാനും കേന്ദ്ര സര്‍ക്കാരിന് അര്‍ഹതയുണ്ട്. ഭരണഘടനയുടെ 21, 47 വകുപ്പുകള്‍ പ്രകാരം പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില ഈ അവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുന്നു. ഏതൊക്കെ മരുന്നുകളാണ് അമിതവില കാരണം രോഗികള്‍ക്ക് വാങ്ങാന്‍ കഴിയാത്തതെന്ന് സംബന്ധിച്ച് രാജ്യവ്യാപകമായി കൃത്യമായ കണക്കുകളും വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിക്കണമോ എന്നതില്‍ ഉചിതവും നയപരവുമായ തീരുമാനമെടുക്കാം.

റൈബോസിക്ലിബ് പോലെയുള്ള മരുന്നുകള്‍ക്ക് പകരം വില കുറഞ്ഞ മറ്റ് മരുന്നുകള്‍ ഉപയാഗിക്കാമെന്ന വാദം കേസ് പഠിച്ച വിദഗ്ധ സമിതികളുടെയും ക്യാന്‍സര്‍ സെന്ററുകളുടെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളി. ഹരജിയിലെ എതിര്‍കക്ഷികളായ എലി ലില്ലി, ഒമ്പതാം എതിര്‍കക്ഷിയായ നോവാര്‍ട്ടിസ് എന്നീ മരുന്ന് കമ്പനികള്‍ പേറ്റന്റ് നിയമപ്രകാരം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. ഒട്ടനവധി പരാജയപ്പെട്ട പരീക്ഷണങ്ങള്‍ക്കും നീണ്ട ഗവേഷണങ്ങള്‍ക്കും ശേഷമാണ് ‘റിബോസിക്ലിബ്’ പോലുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നത്. ഇതിനായി മനുഷ്യവിഭവശേഷിയും വന്‍തുകയും കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും മരുന്ന് കമ്പനികള്‍ ഹൈക്കോടതിയെ അറിയിച്ചു.

എം ടി വാസുദേവന്‍ നായരുടെ രചനയില്‍ പുറത്തിറങ്ങിയ ‘സുകൃതം’ എന്ന സിനിമയില്‍ ക്യാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും ചികിത്സാച്ചെലവിനായി ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതൊക്കെ പണയം വെച്ച് കടക്കെണിയിലാകുന്ന അവസ്ഥയെക്കുറിച്ച് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ കോടതി ഉദ്ധരിച്ചു. സിനിമ വന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാങ്കേതികവിദ്യ പുരോഗമിച്ചിട്ടും രോഗികളുടെ ദുരിതത്തിന് മാറ്റമില്ല എന്നത് സങ്കടകരമാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും കോടതി ഓര്‍മിപ്പിച്ചു.

സ്തനാര്‍ബുദ ബാധിതയായ ബേങ്ക് പെന്‍ഷനര്‍ പേറ്റന്റ് മരുന്നായ ‘റൈബോസിക്ലിബ്’ അടക്കമുള്ളവയുടെ അമിതവില ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ബഞ്ച് ഈ ഉത്തരവിട്ടത്. കേസ് നടത്തുന്നതിനിടെ ഹരജിക്കാരി മരണപ്പെട്ടെങ്കിലും, വിഷയം പൊതുതാത്പര്യമുള്ളതാണെന്ന് വിലയിരുത്തി ഹൈക്കോടതി സ്വമേധയാ കേസ് നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.

Content Highlights:
The High Court ruled that the government can manufacture and distribute life-saving patented medicines to control exorbitant prices. The court highlighted public welfare and legal provisions that allow state intervention when essential drugs become unaffordable. This decision aims to make vital treatments accessible to everyone.