Source :- SIRAJLIVE NEWS
പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (ഇ എസ് എ) സംബന്ധിച്ച തര്‍ക്കം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. 2026 ജൂലൈ 27ന് കേന്ദ്ര വനം- പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട് ഇ എസ് എ വിജ്ഞാപനത്തിനു മേല്‍ പൊതുജനങ്ങളുടെ പരാതി സമര്‍പ്പിക്കാന്‍ അനുവദിച്ച 60 ദിവസ സമയപരിധി ഈ മാസം 24ന് അവസാനിച്ചിരിക്കുകയാണ്. 2014ലെ ആദ്യ കരട് വിജ്ഞാപനം പുറത്തിറക്കി ഒരു ദശാബ്ദം പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി അവിടെ ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന സാധാരണക്കാരുടെ ജീവനാണ് അനിശ്ചിതത്വത്തിലാകുന്നത്.
2010ലാണ് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മാധവ് ഗാഡ്ഗില്‍ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്.ഗാഡ്ഗില്‍ റിപോര്‍ട്ടിന്റെ ആശങ്കകള്‍ പരിഹരിക്കാനാണ് 2013ല്‍ കസ്തൂരിരംഗന്‍ സമിതിയെ നിയോഗിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് 2014ല്‍ ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെട്ടത്.
ഇതിനുശേഷം അന്തിമവിജ്ഞാപനം ഇതുവരെ ഉണ്ടായിട്ടില്ല. പകരം, കാലാവധി അവസാനിക്കുമ്പോഴൊക്കെ പുതിയ കരട് വിജ്ഞാപനങ്ങള്‍ പുറത്തിറക്കുകയല്ലാതെ ജനങ്ങളുടെ ആശങ്കകള്‍ വ്യക്തമായി പരിഹരിക്കാനായിട്ടില്ല. കസ്തൂരിരംഗന്‍ സമിതി കേരളത്തില്‍ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയായി നിര്‍ദേശിച്ചെങ്കിലും സംസ്ഥാനതല ഭൗതിക പരിശോധനക്ക് ശേഷം ഇത് 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചു. ഇതില്‍ 9,107 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശവും ഉള്‍ക്കൊള്ളുന്നതാണ്.
2026ലെ ഏഴാം കരടിലും കേരളത്തിന്റെ ഇ എസ് എ വിസ്തീര്‍ണം 9,993.7 ചതുരശ്ര കിലോമീറ്റര്‍ തന്നെയാണ്. ഭരണപരമായ വിഭജനത്തെ തുടര്‍ന്ന് വില്ലേജുകളുടെ എണ്ണം 123ല്‍ നിന്ന് 131 ആയി വര്‍ധിച്ചിട്ടുണ്ട്. വിജ്ഞാപനത്തിനെതിരെ വിയോജനക്കുറിപ്പ് ഇറക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ 98 വില്ലേജുകളിലെ 8,590 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി പരിസ്ഥിതി ലോല മേഖല പ്രധാനമായും വനഭൂമിയില്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനു പുറമെ കര്‍ണാടകയും വിജ്ഞാപനത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വിജ്ഞാപനം നിലവിലെ രൂപത്തില്‍ അംഗീകരിക്കില്ലെന്ന് കര്‍ണാടക നിയമസഭയും നിയമനിര്‍മാണ കൗണ്‍സിലും ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. പ്രദേശങ്ങള്‍ നേരിട്ട് പരിശോധിച്ച് സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ ഇ എസ് എ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും ഇതിനായി ഒരു വര്‍ഷത്തെ സമയം നല്‍കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരും സാധാരണക്കാരുമടങ്ങുന്ന സംസ്ഥാനത്തെ അമ്പത് ലക്ഷത്തോളം പേരെയാണ് ഇ എസ് എ സാരമായി ബാധിക്കുക. കരട് വിജ്ഞാപനം സാധാരണ കൃഷിക്കും തോട്ടകൃഷിക്കും പൊതുവായ നിരോധനം ഏര്‍പ്പെടുത്തുന്നില്ലെങ്കിലും പശ്ചിമഘട്ടത്തിലെ കൃഷിയേയും പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കും. കൃഷിഭൂമി റിസോര്‍ട്ടാക്കി മാറ്റുക, വലിയ വാണിജ്യ കെട്ടിടം നിര്‍മിക്കുക, ടൗണ്‍ഷിപ്പ് സ്ഥാപിക്കുക, വലിയ റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ഭൂവിനിയോഗ മാറ്റങ്ങള്‍ നിയന്ത്രിക്കപ്പെടും. ഇ എസ് എ പരിധിയില്‍ സ്വന്തം ഭൂമി വന്നാല്‍ വില്‍ക്കുന്നതിനും ബേങ്ക് വായ്പ നേടുന്നതിനും നേരിടേണ്ടിവരുന്ന നിയന്ത്രണങ്ങള്‍, ഭൂമിയുടെ തരംമാറ്റത്തിനും വീടുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിക്കുന്നതിലെ പ്രയാസങ്ങള്‍ എന്നിവ മലയോരജനതയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. ക്വാറികള്‍ക്ക് പൂട്ട് വീഴുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ലിനും മെറ്റലിനും അനിയന്ത്രിതമായി വിലയുയരും.
അതേസമയം, പശ്ചിമഘട്ടത്തിന്റെ ആവാസ വ്യവസ്ഥാ പ്രത്യേകതകള്‍, ഭൂപ്രകൃതി, ജലസ്രോതസ്സുകള്‍, ചതുപ്പുകള്‍, സൂക്ഷ്മ കാലാവസ്ഥാ ജൈവവൈവിധ്യം, കാടിന്റെ വ്യത്യസ്തത തുടങ്ങിയവയൊന്നും കണക്കിലെടുക്കാതെയുള്ള വികസനപ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തില്‍ വര്‍ധിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ടൂറിസവുമെല്ലാം പശ്ചിമ മലനിരകളെ വല്ലാതെ ശോഷിപ്പിക്കുന്നുണ്ടെന്നത് കാണാതിരിക്കാനാകില്ല.
പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതിയുടെ കാര്യത്തില്‍ മഹാരാഷ്ട്രക്കും കര്‍ണാടകക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. എന്നാല്‍ മഹാരാഷ്ട്രയുടെ ആകെ ഭൂവിസ്തൃതി 3,07,713 ചതുരശ്ര കിലോമീറ്ററും കര്‍ണാടകയുടേത് 1,91,791 ചതുരശ്ര കിലോമീറ്ററുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.
അതില്‍നിന്നാണ് ജനവാസമേഖലകളും കൃഷിഭൂമികളും ഉള്‍പ്പെടുന്ന 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തേക്കാള്‍ മൂന്നിരട്ടിയിലധികം വിസ്തൃതിയുള്ള തമിഴ്നാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഇ എസ് എ വിസ്തൃതി 6,914 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഏകദേശം അഞ്ചിരട്ടിയോളം വലിയ ഭൂവിസ്തൃതിയുള്ള ഗുജറാത്തില്‍ അത് 449 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഈ കണക്കുകള്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാത്രമല്ല, അതിര്‍ത്തി നിര്‍ണയത്തിലും പ്രദേശനിര്‍വചനത്തിലും സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പരിസ്ഥിതിശാസ്ത്രപരമായ ഏകകമല്ലാത്ത കേവലം ഭരണപരമായ യൂനിറ്റ് മാത്രമായ വില്ലേജുകളെ ഇ എസ് എയുടെ മാനദണ്ഡമാക്കുന്നതിനെതിരെയും വ്യാപകമായ ആക്ഷേപമുണ്ട്. ഇന്ത്യയുടെ ജൈവ വൈവിധ്യ സമ്പത്തായ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. പക്ഷേ, അത് ജന ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയാകരുതെന്ന നിര്‍ബന്ധമുണ്ടാകണം. കര്‍ഷകരുടെ ഭൂമിയും വീടുകളും ഉപജീവനവും സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമായ ഉറപ്പ് നല്‍കാതെയുള്ള ഏതു നിയന്ത്രണവും നടപ്പാക്കുന്നത് സാമൂഹിക അസ്വസ്ഥത വര്‍ധിപ്പിക്കും. മറുവശത്ത്, നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന പേരില്‍ പ്രകൃതിയുടെ സംരക്ഷണ കവചം തന്നെ നീക്കിയാല്‍ അത് വരുത്തിവെക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ഭാരം ഭാവിയില്‍ വീണ്ടും സാധാരണ ജനങ്ങള്‍ക്കുതന്നെ വഹിക്കേണ്ടിവരും. അതുകൊണ്ട് ഓരോ ഗ്രാമത്തിന്റെയും ഭൂവിനിയോഗം, ജനസാന്ദ്രത, വനപരിധി, കൃഷിരീതി, ജലസ്രോതസ്സുകള്‍, ദുരന്തസാധ്യത എന്നിവയെ പീനവിധേയമാക്കിയുള്ള ശാസ്ത്രീയവും സുതാര്യവുമായ അതിര്‍ത്തിയാണ് നിര്‍ണയിക്കേണ്ടത്.
ഒരേ മാനദണ്ഡം എല്ലായിടത്തും അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുന്ന ശാസ്ത്രീയ സമീപനമാണ് വേണ്ടത്. വിജ്ഞാപനത്തിനെതിരെ പ്രമേയം പാസ്സാക്കിയും നിയമ പോരാട്ടത്തിനിറങ്ങിയും ഇതിനെ സംസ്ഥാനം നേരിടേണ്ടതുണ്ട്.




