Home rss national malayalam പുതിയ വാർത്ത ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

3
0

Source :- SIRAJLIVE NEWS

കൊച്ചി| കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ 16 വയസാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തലെന്നും കാലാനുസൃതമായ മാറ്റങ്ങൾ നിയമനിർമാണ സഭകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

പ്രായം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുന്ന സാഹചര്യമുണ്ടെന്നും നിരവധി കേസുകളിൽ പ്രായപരിധി കാരണം കോടതിക്ക് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വൈകാരികമായല്ല, നിയമപരമായ വശങ്ങൾ പരിഗണിച്ചാണ് കോടതിക്ക് തീരുമാനമെടുക്കാനാകുകയെന്നും വ്യക്തമാക്കി.

23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലടക്കം നിയമം ലംഘിക്കപ്പെടുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 18 വയസിൽ താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടങ്ങളും കോടതി പരിഗണിച്ചു.

നെടുമ്പാശ്ശേരിയിൽ 19കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ പരാമർശിച്ചിരുന്നു. തിരുവനന്തപുരത്തെ പാങ്ങപ്പാറയിൽ 17കാരൻ മറ്റൊരു 17കാരനെ കൊലപ്പെടുത്തിയ സംഭവമുൾപ്പെടെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങൾ നേരത്തെയും ചർച്ചയായിരുന്നു.

Content Highlights:The Kerala High Court urged legislatures to consider lowering the juvenile age limit from 18 to 16, noting children gain sufficient maturity by 16. The observation came while hearing a petition to enforce the ban on liquor sales to those under 23. The court highlighted rising grave crimes and drunk driving accidents involving minors.