Source :- SIRAJLIVE NEWS
ശരിയും തെറ്റും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ കുറ്റകൃത്യത്തിലകപ്പെട്ടുപോയ കുട്ടിയുടെ ശിക്ഷയും വിചാരണയും കസ്റ്റഡിയുമെല്ലാം അത്യന്തം ശ്രദ്ധയോടെ വേണമെന്ന സാമൂഹിക ബോധമാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ അന്തസ്സത്ത.
കുട്ടിയായിരിക്കുമ്പോള്‍ ചെയ്തുപോയ ഒരു കുറ്റത്തിന്റെ പേരില്‍ കാലാകാലം കുറ്റവാളിയായി മുദ്രകുത്തപ്പെടുകയും വലിയ കുറ്റകൃത്യങ്ങളിലേക്കുള്ള വാതിലായി അത് മാറുകയും ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. തെറ്റുതിരുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം കുട്ടിയുടെ അവകാശമാണെന്ന തത്ത്വമാണ് ജെ ജെ ആക്ടിന്റെ അടിത്തറ. പക്ഷേ, പുതിയ സാഹചര്യത്തില്‍ ചില ചോദ്യങ്ങളുയര്‍ത്താതെ വയ്യ. ആരാണ് കുട്ടി? പ്രായപൂര്‍ത്തിയുടെ മാനദണ്ഡം പ്രായം മാത്രമാണോ? വരുംവരായ്കയെ കുറിച്ച് കൃത്യമായ ധാരണയോടെ, ആസൂത്രിതമായി കുറ്റകൃത്യത്തിലേര്‍പ്പെടുന്ന 18 വയസ്സിന് താഴെയുള്ള വ്യക്തിയെ ബാലാവകാശ നിയമത്തിന്റെ കണ്ണില്‍ കാണുന്നതും ഇളവുകള്‍ നല്‍കുന്നതും എങ്ങനെ നീതീകരിക്കാനാകും? ഈ ചോദ്യങ്ങളെ ശരിയായി അഭിസംബോധന ചെയ്യുന്ന നിരീക്ഷണമാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള വ്യക്തികളെയാണ് ജുവനൈല്‍ അഥവാ പ്രായപൂര്‍ത്തിയാകാത്തവരായി കണക്കാക്കുന്നത്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. 18 വയസ്സ് തികയാത്ത ഏതൊരു വ്യക്തിയും നിയമത്തിന്റെ കണ്ണില്‍ കുട്ടിയാണ്. ഇവര്‍ ഉള്‍പ്പെടുന്ന കേസുകള്‍ സാധാരണ കോടതികള്‍ക്ക് പകരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പരിഗണിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ സാധാരണ ജയിലുകളില്‍ അവരെ പാര്‍പ്പിക്കില്ല. അവരുടെ പേരടക്കം വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പറയുകയുമില്ല. ഈ സ്ഥിതി മാറാന്‍ സമയമായെന്നും ഈ പ്രായപരിധി 16 വയസ്സിന് താഴേക്ക് കൊണ്ടുവരുന്നത് പരിഗണിക്കണമെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ബാറുകളില്‍ മദ്യം ലഭ്യമാകുന്നതിനെതിരെ സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഗൗരവതരമായ പരാമര്‍ശം. 16 വയസ്സുള്ള കുട്ടികള്‍ക്ക് കാര്യങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ആവശ്യമായ ധാരണയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും അവര്‍ക്ക് നിയമപരമായ ഇളവുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ബഞ്ച് നിരീക്ഷിക്കുന്നു.
ചേരാനെല്ലൂരില്‍ പിതാവായ ജഡ്ജിയുടെ കാറെടുത്ത് റോഡിലിറങ്ങിയ ജുവനൈല്‍ ആയ മകന്, ജയബാലകൃഷ്ണന്‍ എന്ന തട്ടുകടക്കാരനെ കൊന്ന സംഭവത്തില്‍ വളരെ വേഗം ജാമ്യത്തിലിറങ്ങാന്‍ പ്രതിക്ക് സാധിച്ചത് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ആനുകൂല്യമുള്ളതുകൊണ്ടാണ്.
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിരാമിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിലെ മുഖ്യ പ്രതിക്ക് 17 വയസ്സാണ്. ജെ ജെ ആക്ടിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനാകുമെന്ന ബോധ്യത്തില്‍ തന്നെയാണ് ഈ കൊലപാതകം നടത്തിയിട്ടുള്ളത്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 2020ല്‍ ജുവനൈല്‍ കേസുകള്‍ 31,365 ആയിരുന്നു. 2024ല്‍ അത് 34,878 കേസുകളായി. 11 ശതമാനത്തിന്റെ വര്‍ധന. ജുവനൈല്‍ കുറ്റവാളികളില്‍ മഹാഭൂരിപക്ഷവും 16നും 18നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
ഇത്തരം കുറ്റവാളികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ചട്ടങ്ങളില്‍ നിര്‍ഭയ കേസിന് ശേഷം ഭേദഗതി വരുത്തിയാണ് 2015ലെ നിയമത്തിലെത്തിയത്. ഈ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ (ഉദാഹരണത്തിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കൊലപാതകം, ബലാത്സംഗം പോലുള്ളവ) ഏര്‍പ്പെടുന്ന 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക നടപടിക്രമങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. കുട്ടിക്ക് പക്വതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍, കേസ് പ്രായപൂര്‍ത്തിയായവരെപ്പോലെ വിചാരണ ചെയ്യുന്നതിനായി ചില്‍ഡ്രന്‍സ് കോടതിയിലേക്ക് മാറ്റും. അങ്ങനെ വിചാരണ ചെയ്താലും, ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വധശിക്ഷയോ ഇളവില്ലാത്ത ജീവപര്യന്തമോ നല്കാന് നിയമം അനുവദിക്കുന്നില്ല. 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിക്ക് 18 വയസ്സ് തികയാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 2000ലെ നിയമപ്രകാരം അയാള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായതോടെയാണ് 2015ലെ ആക്ട് നിലവില്‍ വന്നത്.
നിര്‍ഭയ കേസിന് പിറകെ ഇങ്ങനെയൊരു സമീപനം ഈ നിയമത്തില്‍ അനിവാര്യമായെങ്കില് കൂടുതല്‍ നിയമപരമായ പരിശോധനക്കും പുതിയ നിയമനിര്‍മാണത്തിന് തന്നെയും ജെ ജെ ആക്ട് വിധായമാകണമെന്നാണല്ലോ വ്യക്തമാകുന്നത്. കുറ്റകൃത്യങ്ങളിലേര്‍പ്പെടാനുള്ള പ്രേരണയായി ഈ നിയമം മാറാന്‍ പാടില്ല. കര്‍ക്കശ ശിക്ഷ ലഭിക്കാതിരിക്കുന്നത് ഇരക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും മനസ്സിലാക്കണം. വിശദമായ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതി നിരീക്ഷണം വഴിയൊരുക്കട്ടെ. ഈ നിരീക്ഷണം നടത്തിയത് മദ്യലഭ്യതയുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. “കാര്യഗൗരവം വന്നല്ലോ എന്നാല്‍ പിന്നെ മദ്യം വാങ്ങാനുള്ള പ്രായവും കുറയ്ക്കണ’മെന്ന് ചിലരെങ്കിലും വാദിച്ചേക്കാം. രണ്ടും രണ്ടായി തന്നെ കാണണം. എല്ലാ കുറ്റകൃത്യങ്ങളുടെയും പ്രവേശന കവാടമാണ് മദ്യം എന്നതിനാല്‍ അതിന്റെ ലഭ്യത സാധ്യമാകുന്ന പ്രായപരിധി ഇനിയും കൂട്ടുകയാണ് വേണ്ടത്.
Content Highlights: Kerala High Court suggested lowering the juvenile age limit from 18 to 16 due to rising serious crimes by minors. While observing a plea on underage drinking, Justice A Badharudeen noted 16-year-olds understand crime consequences. The editorial urges Juvenile Justice Act reforms without lowering the drinking age.




