Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഡി.ജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും അവയെല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണെന്ന ധാരണ ശരിയല്ലെന്നും ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യുന്നതിനോ പാട്ട് കേൾക്കുന്നതിനോ വിലക്കേർപ്പെടുത്താനാകുമോയെന്നും ഡി.ജെ പാർട്ടികളെ മാത്രം എന്തിനാണ് പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു.
രാത്രിജീവിതം പൂർണമായി നിരോധിക്കാനാകുമോയെന്നും ഹോട്ടലുകളിൽ മദ്യവിൽപ്പന അനുവദിക്കുമ്പോൾ ഡി.ജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ എന്താണ് യുക്തിയെന്നും കോടതി ആരാഞ്ഞു. ഡി.ജെ സംഗീതം ഒരു തൊഴിലാണെന്നും അതിനെ മോശമായി പൊതുവൽക്കരിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
അതേസമയം, മയക്കുമരുന്ന് ഉപയോഗത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കോടതി, നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ഡി.ജെ പാർട്ടികൾ നിരീക്ഷിക്കുന്നതിനായി പൊലീസിനെ വിന്യസിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പിന്നിലെ നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പഞ്ചനക്ഷത്ര ഹോട്ടലുകളിലേതുൾപ്പെടെയുള്ള ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിശദവാദം കേട്ടത്.

