Home rss business malayalam ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം സംഘർഷഭരിതം; രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം സംഘർഷഭരിതം; രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ആരംഭിച്ച് ഒൻപത് മണിക്കൂറോളം പിന്നിട്ടതിന് ശേഷമാണ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.

ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലിരുന്നാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയ്യാറായില്ല. ഗ്യാനേഷ് കുമാറിനെ നേരിട്ട് കാണുകയും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും മറ്റ് പ്രതിഷേധക്കാരും.

തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര എന്നിവരെയും പൊലീസ് വാഹനത്തിലേക്ക് മാറ്റി.

ആദ്യം മറ്റ് പ്രതിപക്ഷ എംപിമാരെയാണ് പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയത്. പിന്നാലെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വാഹനത്തിലേക്ക് മാറ്റി കസ്റ്റഡിയിലെടുത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിക്കെതിരെയും പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് നേതാക്കൾ ആകാശവാണി ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.