Home rss national malayalam പുതിയ വാർത്ത ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന പരാതി; സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയില്‍

ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന പരാതി; സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയില്‍

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ജന്തര്‍ മന്തറില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി)യുടെ പ്രതിഷേധത്തിനിടെ ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തില്‍ സ്വയംപ്രഖ്യാപിത ഹിന്ദുത്വ ‘ഇന്‍ഫ്ളുവന്‍സര്‍’ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ജില്ലയില്‍ ഭരദ്വാജിന്റെ സാന്നിധ്യം പോലീസ് തിരിച്ചറിയുകയും ധമ്ര നാര ഗ്രാമത്തിന് സമീപത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നേരത്തെ പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെ, നൈത്‌ല ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ ഇയാള്‍ രക്ഷപ്പെട്ടിരുന്നതായി റിപോര്‍ട്ടുണ്ട്.

പ്രക്ഷോഭത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ ആക്രമിച്ചതിനെ കുറിച്ച് വീമ്പിളക്കിക്കൊണ്ടുള്ള ഒരു പോഡ്കാസ്റ്റ് പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിനിടയിലാണ് സ്വതന്ത്ര ഭാരദ്വാജിനെ കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 23ന് ജന്തര്‍ മന്തറിലെ പ്രതിഷേധം ഫോണില്‍ പകര്‍ത്തുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മറ്റ് രണ്ട് മൂന്ന് പേര്‍ കൂടി സംഭവസ്ഥലത്തെത്തി തന്നെ മര്‍ദിച്ചതോടെ സംഘര്‍ഷം രൂക്ഷമായെന്നും പരാതിയില്‍ പറയുന്നു.

തലയില്‍ ഇടിക്കുകയും ഇരുമ്പ് വളക്ക് സമാനമായ കട്ടിയുള്ള വസ്തു ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി കുമാര്‍ ആരോപിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ഭാരതീയ ന്യായ സംഹിതയിലെ 115(2), 126(2), 3(5) എന്നീ വകുപ്പുകള്‍ പ്രകാരം ഭരദ്വാജിനും സൂരജ് കുമാറിനുമെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു.

കുമാറിന്റെ തലയോട്ടി തകര്‍ത്തെന്ന് ഭരദ്വാജ് അവകാശപ്പെടുന്നതും, ഇരക്ക് ഏകദേശം 60 തുന്നലുകള്‍ വേണ്ടി വന്നുവെന്ന് പറയുന്നതുമായ ഒരു പോഡ്കാസ്റ്റ് ക്ലിപ്പ് പുറത്തുവന്നതോടെയാണ് കേസ് വീണ്ടും സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയത്. ‘ഈ കുറ്റകൃത്യം ഏത് വകുപ്പിന് കീഴിലാണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സെക്ഷന്‍ 307-വധശ്രമം. ആംബുലന്‍സില്‍ വെച്ച് അയാള്‍ മരിക്കാറായ അവസ്ഥയിലായിരുന്നു’ എന്നെല്ലാം ഭരദ്വാജ് ആ ക്ലിപ്പില്‍ പറയുന്നത് കേള്‍ക്കാം. തന്നെ ജയിലിലേക്ക് അയച്ചിട്ടില്ലെന്ന് അവകാശപ്പെട്ട ഭരദ്വാജ്, തനിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന സൂചനയും നല്‍കി. ഇതോടെ, ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സി ജെ പിയും പ്രതിപക്ഷ പാര്‍ട്ടികളു ഉന്നയിക്കുകയായിരുന്നു.

Content Highlights:
Activist Swatantra Bharadwaj was taken into custody by the police following a complaint regarding an assault on a Dalit girl’s father. The incident has drawn significant public attention and outcry. Authorities are investigating the case further to take necessary legal actions.