Source :- SIRAJLIVE NEWS
ദുബൈ|അബൂദബിയെയും ഷാർജയെയും ദുബൈ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള പുതിയ നാലാം ഇടനാഴി അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതാണെന്ന് വിലയിരുത്തൽ. സാമ്പത്തിക മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തിയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള അടിത്തറയുമായി അടിസ്ഥാന സൗകര്യ വികസനം മാറുന്നുവെന്നും, ഭാവിയെ നേരിടാനുള്ള ദുബൈയുടെ സജ്ജീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി.
അബൂദബിയിലെ അൽ ഫായ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെ നീളുന്നതാണ് പുതിയ റോഡ് ഇടനാഴി. ഇരുവശങ്ങളിലുമായി 12 വരികളോടെ ഒരുക്കുന്ന പാതയിൽ 72 പാലങ്ങളും 17 അടിപ്പാതകളും (തുരങ്കങ്ങൾ) ഉൾപ്പെടും. യാത്രാസമയം 60 ശതമാനം വരെ കുറക്കാൻ സഹായിക്കുന്ന ഈ പദ്ധതിയിലൂടെ 31 ലക്ഷത്തിലധികം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായും ദേശീയ ഇത്തിഹാദ് റെയിൽ ശൃംഖലയുമായും പുതിയ പാതയെ നേരിട്ട് ബന്ധിപ്പിക്കും. ഷാർജയിലെ അൽ ശനൂഫ് റോഡ് മുതൽ ദുബൈ – അൽ ഐൻ റോഡ് വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് 350 കോടി ദിർഹം ചെലവ് വരും.
വർധിച്ചുവരുന്ന ജനസംഖ്യയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അനുയോജ്യമായ രീതിയിൽ ഗതാഗത ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ദുബൈയുടെ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ ഇടനാഴി ഒരുക്കുന്നത്.
Content Highlights:
Dubai announced an 80 km 12-lane highway corridor directly connecting Abu Dhabi and Sharjah. Sheikh Hamdan highlighted the project as a major milestone for UAE infrastructure. The road features 72 bridges, connects to Al Maktoum Airport, and reduces travel time by 60 percent.




