Source :- SIRAJLIVE NEWS
ഇന്ന് ജമാദുല്‍ അവ്വല്‍ 28. പാണക്കാട് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങളുടെ വഫാത്ത് ദിനം. പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളുടെ സഹോദരന് സയ്യിദ് അഹ്്മദ് ശിഹാബുദ്ദീന് ആറ്റക്കോയ തങ്ങളുടെയും വടകര ഓര്‍ക്കാട്ടേരിയിലെ ശരീഫ കുഞ്ഞി ബീവിയുടെയും മകനായി ഹിജ്റ 1366 റബീഉല്‍ അവ്വലില്‍ (1947) ജനിച്ച പാണക്കാട് സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ സമസ്തയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സത്യത്തിന്റെ ഭാഗത്ത് ഉറച്ച് നിന്ന് ധീരമായ നിലപാടെടുത്ത ആര്‍ജവമുള്ള പ്രാസ്ഥാനിക നേതാവായിരുന്നു. ഇ കെ വിഭാഗം സുന്നികളുടെ നേതൃത്വം അന്ന് തന്റെ ഉടപ്പിറപ്പുകളായ പാണക്കാട് തങ്ങന്മാരുടെ കരങ്ങളിലായിട്ടും സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ ആദരണീയരായ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും എം എ ഉസ്താദിന്റെയും ചിത്താരി കെ പി ഹംസ മുസ്ലിയാരുടെയും കൂടെ നിന്നു.
ഇല്ലായ്മയില്‍ നിന്ന് തുടങ്ങിയ ജീവിതം ഉന്നത ശ്രേണിയിലെത്തിയപ്പോഴും വിനയം കൈവിടാതെ ഒരു സാധാരണക്കാരനായിട്ടാണ് പ്രവര്‍ത്തിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടിയ ശേഷം പാണക്കാട് തിരിച്ചെത്തിയ കാലം. താനൂര്‍ തെയ്യാലയിലെ പള്ളി കമ്മിറ്റിക്കാര് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ സമീപിച്ച്, ഞങ്ങള്‍ക്ക് ഖത്വീബും മുദര്രിസുമായ ഒരാളെ നിശ്ചയിച്ചു തരണമെന്നാവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ അവരോട്, ഞാന്‍ എന്റെ മകനെത്തന്നെ നിശ്ചയിച്ചാലോയെന്ന് ചോദിച്ചു. ഞങ്ങള്‍ക്കതു മതിയെന്ന് പള്ളി കമ്മിറ്റിക്കാരും പറഞ്ഞു.
സഹോദര പുത്രനായ, ഫൈസി ബിരുദമുള്ള ഹുസൈന് ശിഹാബ് തങ്ങളോട് പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് സ്വന്തം മക്കളേക്കാള്‍ വാത്സല്യമായിരുന്നു. തങ്ങള്‍ മകനെയും കൂട്ടി തെയ്യാലയിലെത്തി. ഖുത്വുബ നിര്‍വഹിപ്പിച്ച് ജോലി ഏല്‍പ്പിച്ച് കൊടുത്തു. സയ്യിദ് ഹുസൈന് ശിഹാബ് തങ്ങള്‍ 19 വര്‍ഷം തെയ്യാലയില്‍ ദര്‍സ് നടത്തി. സൂക്ഷ്മതയുള്ള ജീവിതത്തിന്റെ ഉടമയായ തികഞ്ഞ പണ്ഡിതന്, വിദ്യാര്‍ഥികളെ വിശദീകരണത്തിലൂടെ തൃപ്തിപ്പെടുത്തുന്ന മുദര്‍രിസ്, ആരാധനയില്‍ പൂര്‍ണ ശുഷ്കാന്തിയുള്ള ഖത്വീബ്, സ്നേഹനിധിയായ പൊതുപ്രവര്ത്തകന് എല്ലാമായിരുന്നു തങ്ങള്‍. 19 വര്‍ഷക്കാലയളവില്‍ തെയ്യാലയിലും പരിസര പ്രദേശങ്ങളിലും തങ്ങളുടെ സത്പേര് വര്‍ധിച്ചു. സന്ദര്‍ശകര്‍ അധികരിക്കാന്‍ തുടങ്ങി. സന്ദര്‍ശക ബാഹുല്യം പലപ്പോഴും ദര്‍സിന് തടസ്സമായി. ഈ സാഹചര്യത്തില്‍ ഞാന്‍ മുദര്‍രിസായി ശമ്പളം വാങ്ങുന്നത് ശരിയല്ലെന്ന് പറഞ്ഞ് തങ്ങള്‍ ദര്‍സ് മറ്റൊരാളെ ഏല്‍പ്പിച്ച് സ്വന്തം പ്രവര്‍ത്തന മണ്ഡലം വീടാക്കി മാറ്റി. രാപ്പകലില്ലാതെ ഒഴുകിയെത്തിയ സന്ദര്‍ശകര്‍ക്കായി ആ ജീവിതം ഉഴിഞ്ഞുവെച്ചു. സന്ദര്‍ശകരുടെ പ്രശ്നങ്ങള്‍ എന്തായിരുന്നാലും തങ്ങളുടെ അടുത്ത് പരിഹാരമുണ്ടായിരുന്നു.
മലപ്പുറം കോട്ടപ്പടി മുനിസിപല്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള സുന്നി ജുമുഅത്ത് പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഘടനാ രംഗത്ത് തങ്ങള്‍ സജീവമാകുന്നത്. ജില്ലാ സംഘടനാ കാര്യാലയമായ വാദീ സലാമിന്റെ നിര്‍മാണത്തിലും മഞ്ചേരി ഹികമിയ്യ മസ്ജിദ് നിര്‍മാണത്തിലും ഹികമിയ്യാ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും പാണക്കാട് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. സ്ഥാപക കാലം മുതല്‍ കോട്ടപ്പടി സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ്, മഞ്ചേരി ജാമിഅ ഹികമിയ്യ വൈസ് പ്രസിഡന്റ്, സമസ്ത ജില്ലാ ട്രഷറര്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. തങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന മഞ്ചേരി ഹികമിയ്യ മാസാന്ത സ്വലാത്ത് മജ്ലിസ് ജനനിബിഡമായിരുന്നു. സംഘടനാ രംഗത്ത് നിറസാന്നിധ്യമായിരുന്ന തങ്ങള്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴും കോഴിച്ചെനയില്‍ അന്ന് നടക്കുന്ന ഉലമാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമമാണ് സന്ദര്‍ശകരോട് പങ്കുവെച്ചത്. പ്രാസ്ഥാനിക രംഗത്ത് തങ്ങള്‍ക്ക് മലപ്പുറം ജില്ലയില്‍ ഏറെ ഇഷ്ടപ്പെട്ട രണ്ട് വ്യക്തിത്വങ്ങള്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും പ്രൊഫസര്‍ കെ എം എ റഹീം സാഹിബുമായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പാതയില്‍ മുന്നേറാന്‍ ആവേശം പകര്‍ന്നു നല്കിയ പാണക്കാട് തറവാട്ടിലെ സയ്യിദ് ഹുസൈല്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ ജമാദുല്‍ അവ്വല്‍ 28ന് (2013 ഏപ്രില്‍) വിടപറഞ്ഞു. പാണക്കാട് ജുമാ മസ്ജിദ് അങ്കണത്തില്‍ വിശ്രമിക്കുന്നു.
Content Highlights: Today marks the death anniversary of Panakkad Sayyid Hussain Shihab Attakoya Thangal, a prominent leader of Samastha. He was widely respected for his scholarly contributions, humility, and steadfast leadership in Malappuram. He served key positions including Vice President of Jamia Hikamiyya Manjeri and Samastha Malappuram district Treasurer.




