Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ സലിം കുമാർ (56) അന്തരിച്ചു. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞദിവസം കൂടുതൽ മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കടുത്ത ആരോഗ്യ വെല്ലുവിളികളാണ് താരം നേരിട്ടിരുന്നത്. മുൻപ് കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.
തന്റെ രോഗാവസ്ഥയെക്കുറിച്ചും ആ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന കടുത്ത ഒറ്റപ്പെടലിനെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സലിം കുമാർ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്:
തനിക്ക് ലിവർ സിറോസിസ് എന്ന രോഗം ബാധിച്ചത് മദ്യപാനം മൂലമല്ലെന്നും അത് പാരമ്പര്യമായി ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖം തന്നെയായിരുന്നുവെന്ന് അദ്ദേഹം മുൻപ് പങ്കുവെച്ചിരുന്നു.
രോഗബാധിതനായിരുന്ന സമയത്ത് വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നത് തന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതായും സലിം കുമാർ തുറന്നുപറഞ്ഞിട്ടുണ്ട്.
1990-കളുടെ പകുതിയോടെ മിമിക്രി ലോകത്തുനിന്ന് സിനിമാരംഗത്തേക്ക് എത്തിയ സലിം കുമാർ, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മുന്നൂറിലധികം ചിത്രങ്ങളിലാണ് വേഷമിട്ടത്. തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, കല്യാണരാമൻ, പുലിവാൽ കല്യാണം, മീശമാധവൻ, സി.ഐ.ഡി മൂസ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ തഗ് ഡയലോഗുകളും കോമഡി രംഗങ്ങളും ഇന്നും മലയാളികളെ കുടുകൂടെ ചിരിപ്പിക്കുന്നവയാണ്.
ഹാസ്യത്തിനപ്പുറം ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമിന്റെ മകൻ അബു’ എന്നീ ചിത്രങ്ങളിലെ ഗൗരവമേറിയ വേഷങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. ‘കറുത്ത ജൂതൻ’ ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രിയതാരത്തിന്റെ വിയോഗത്തിൽ ചലച്ചിത്ര സാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.


