Home rss national malayalam പുതിയ വാർത്ത നാലാമത് യുനെസ്‌കോ ഗ്ലോബല്‍ ഫോറം; സെപ്തംബര്‍ 14 മുതല്‍ 17 വരെ റിയാദില്‍

നാലാമത് യുനെസ്‌കോ ഗ്ലോബല്‍ ഫോറം; സെപ്തംബര്‍ 14 മുതല്‍ 17 വരെ റിയാദില്‍

3
0

Source :- SIRAJLIVE NEWS

ദമാം | നാലാമത് യുനെസ്‌കോ ഗ്ലോബല്‍ ഫോറം സെപ്തംബര്‍ 14 മുതല്‍ 17 വരെ സഊദി തലസ്ഥനമായ റിയാദില്‍ നടക്കും. എ ഐ സാങ്കേതികവിദ്യയുടെ ധാര്‍മിക ഉപയോഗം ഉറപ്പാക്കുക, നയരൂപവത്കരണങ്ങളും ഉത്തരവാദിത്തമുള്ള നവീകരണങ്ങളും, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് എ ഐയെ ഉപയോഗപ്പെടുത്തുക എന്നിവയാണ് സമ്മേളത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

2026-നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വര്‍ഷമായി ആചരിക്കുന്നതിനോട് അനുബന്ധിച്ചാണ് സഊദി അറേബ്യ റിയാദില്‍ ഫോറം സംഘടിപ്പിക്കുന്നത്. ഗ്ലോബല്‍ എ ഐ വീക്കിന്റെ ഭാഗമായി 2026 ലെ ഗ്ലോബല്‍ എ ഐ ഉച്ചകോടിയും നടക്കും. സഊദി ഡാറ്റ ആന്‍ഡ് എ ഐ അതോറിറ്റി (എസ് ഡി എ ഐ എ), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എ ഐ റിസര്‍ച്ച് ആന്‍ഡ് എത്തിക്‌സ് (ഐ സി എ ഐ ആര്‍ ഇ) എന്നിവയുടെ സഹകരണത്തോടെ യുനെസ്‌കോയും സഊദി അറേബ്യയും സംയുക്തമായാണ് നാലാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഇതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെ അറബ് ലോകത്തിലെ ആദ്യ രാജ്യമായി സഊദി അറേബ്യ മാറും.

യുനെസ്‌കോയുമായുള്ള അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സഊദി അറേബ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളെയും ധാര്‍മിക എ ഐ ചട്ടക്കൂടുകളുടെ വികസനത്തിനുള്ള സുസ്ഥിര പിന്തുണയെയും അടിസ്ഥാനമാക്കിയാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. എ ഐ സാങ്കേതികവിദ്യകളുടെ വികസനവും ഉപയോഗവുമായി ബന്ധപ്പെട്ട ധാര്‍മിക വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര പ്ലാറ്റ്ഫോമായാണ് യുനെസ്‌കോ ഗ്ലോബല്‍ ഫോറം പ്രവര്‍ത്തിക്കുന്നത്.

2022 ഡിസംബറില്‍ പ്രാഗിലും 2024 ഫെബ്രുവരിയില്‍ സ്ലൊവേനിയയിലെ ക്രാഞ്ചിലും 2025 ജൂണില്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലും ഫോറങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ആതിഥേയ നഗരമായി റിയാദ് വേദിയാകുന്നത്. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയും സഊദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്.

Content Highlights:
Saudi Arabia hosts the 4th UNESCO Global Forum in Riyadh from September 14 to 17. The event brings together international leaders and policy makers. It aims to promote cultural exchange and global cooperation.