Source :- SIRAJLIVE NEWS

കോഴിക്കോട് | നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകര തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.

കടത്തനാട് ലേബര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായ കോഴിക്കോട് ഡി സി സി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്.  സുധീര്‍ കുമാറും മറ്റു ഡയറക്ടര്‍മാരും ഒളിവിലാണെന്നാണു വിവരം. നിക്ഷേപ തുക തിരിച്ചു കിട്ടുന്നതിനായി ഇദ്ദേഹം പല വട്ടം നേതാവിനെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതാണ് ജീവനൊടുക്കുന്നതില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. 75 ലക്ഷത്തോളം രൂപ തിരികെ കിട്ടാനുണ്ടെന്നാണ് കുടുംബം പറയുന്നത്.

എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)