Source :- SIRAJLIVE NEWS
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബേങ്ക് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും ഇവ വിശകലനം ചെയ്തുവരികയാണെന്നും ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നും ഇഡി വ്യക്തമാക്കി.കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി മുന്‍പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ സിഎംആര്‍എല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായും വെളിപ്പെട്ടിരുന്നു. അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി 2026 മെയ് 26-ന് കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്







