Home rss national malayalam പുതിയ വാർത്ത നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 157, കാണാതായത് 750ഓളം പേരെ

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 157, കാണാതായത് 750ഓളം പേരെ

3
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു | മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാള്‍. ടിബറ്റന്‍ അതിര്‍ത്തിയില്‍നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നല്‍പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളില്‍ വന്‍നാശനഷ്ടമാണ് വിതച്ചത്. നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. വാഹനങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയി.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് 157 പേര്‍ മരിച്ചു. 750-ഓളം പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 133 ഇന്ത്യക്കാരുമുണ്ട്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റില്‍നിന്നുള്ള ഭോട്ടെ കോഷി നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളില്‍ വന്‍നാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബസുകളടക്കമുള്ള നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പ്രാണരക്ഷാര്‍ഥം പലരും ഓടിരക്ഷപ്പെട്ടു. മിന്നല്‍പ്രളയത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി.
മണ്ണും കല്ലുകളും നിറഞ്ഞ പ്രളയജലം ഇരച്ചെത്തി കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവന്‍ രക്ഷിക്കാനായി കരഞ്ഞ് നിലവിളിച്ച് ഓടിരക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുരന്തത്തിന് പിന്നാലെ മേഖലകളില്‍ നേപ്പാള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിപേര്‍ ഇപ്പോഴും കാണാമറയത്താണ്. പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെ ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളിലെ 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവര്‍‌സ്റ്റേഷനുകള്‍ പ്രളയത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.

മിന്നല്‍പ്രളയം വന്‍നാശം വിതച്ച നേപ്പാളിലേക്ക് ഇന്ത്യയുടെ അടിയന്തരസഹായമെത്തി. താത്കാലിക ടെന്റുകള്‍, കമ്പിളി, ശുചിത്വ കിറ്റുകള്‍, സോളാര്‍ വിളക്കുകള്‍, മരുന്നുകള്‍ എന്നിവയടക്കം പത്ത് ടണ്‍ സാമഗ്രികള്‍ നേപ്പാളിലേക്ക് അയച്ചു. ഇന്ത്യ നേപ്പാളിനൊപ്പമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങളുമായും നേപ്പാളിലേക്ക് ഇന്ത്യയില്‍നിന്ന് ഇനി രണ്ട് വിമാനങ്ങള്‍ കൂടി അയക്കുമെന്ന് വ്യോമസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.

പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നേപ്പാള്‍ നന്ദി അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാലുമാണ് ഇന്ത്യയുടെ സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്.

Content Highlights:
Severe flash flooding from the Bhote Koshi river swept through Nepal, killing 157 people and leaving 750 missing, including 133 Indians. The deluge destroyed bridges, roads, and power stations. India dispatched 10 tonnes of emergency relief materials and rescue aircraft to assist the nation.