Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ആശുപത്രിയില്‍ വിതരണം ചെയ്ത ചില ബാച്ച് ഡിസ്‌പോസിബിള്‍ സിറിഞ്ചുകള്‍ ഗുണനിലവാരമില്ലെന്ന പരാതിയെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി തിരിച്ചുവിളിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
എം/എസ് നോബിള്‍ ഫാര്‍മാക്കേര്‍ ലിമിറ്റഡ് (M/s Noble Pharmacare Ltd.), എം/എസ് വികെ സര്‍ജിക്കല്‍സ് (M/s Veekay Surgicals) എന്നീ കമ്പനികള്‍ ഉല്‍പ്പാദിപ്പിച്ച സിറിഞ്ച് ബാച്ചുകളാണ് തിരിച്ചുവിളിച്ചത്.
മുസ്ലിംലീഗിന്റെ രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ എം പി വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാധവ് ഇക്കാര്യം പാര്‍ലിമെന്റില്‍ വ്യക്തമാക്കിയത്.
ഗുണനിലവാരമില്ലാത്ത സിറിഞ്ചുകള്‍ കാരണം രോഗികള്‍ക്ക് ഇതുവരെ പാര്‍ശ്വഫലങ്ങളോ മറ്റ് പ്രയാസങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും, ഈ ബാച്ചിലെ മുഴുവന്‍ സിറിഞ്ചുകള്‍ക്ക് പകരം പുതിയവ ലഭ്യമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
എയിംസില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും, സാമ്പിളുകളുമായി ഒത്തുപോകാത്തവ തള്ളിക്കളയാന്‍ ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കൂടാതെ, ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിശകലനം ചെയ്ത് ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ പ്രത്യേക ‘പേഷ്യന്റ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെല്‍’ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സര്‍ക്കാരിന്റെയും കേന്ദ്ര ആരോഗ്യ മേഖലയുടെയും ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചയെ വളരെ നിസ്സാരമായെടുത്ത് വിശദീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത് എന്നും, ഇത്തരത്തിലുള്ള അനാസ്ഥ യാതൊരു കാരണവശാലും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കേവലം കാരണം കാണിക്കല്‍ നോട്ടീസുകള്‍ക്കപ്പുറം ഈ ഗുരുതര വീഴ്ചയുടെ കാരണക്കാരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം പി മാധ്യമങ്ങളോട് അറിയിച്ചു.
Content Highlights: The Union Health Ministry informed Rajya Sabha that AIIMS recalled certain batches of substandard disposable syringes as a precaution. The response came following queries raised by MP Adv Haris Beeran. The government stated no adverse effects were reported and replacement stock was provided.

