Source :- SIRAJLIVE NEWS
ചണ്ഡിഗഡ് | പഞ്ചാബില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം. ഗ്രേറ്റര്‍ മൊഹാലി ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ഓഫീസില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ഡൽഹി, മൊഹാലി, ചണ്ഡീഗഡ്, പഞ്ച്കുല, ലുധിയാന എന്നിവിടങ്ങളിലെ 26 സ്ഥലങ്ങളിലായി കള്ളപ്പണം വെളുപ്പിക്കല്‍, ഭൂമി തരംമാറ്റ നിയമങ്ങളുടെ ലംഘനം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി മൂന്നാം ദിവസവും റെയ്ഡ് തുടരുന്നതിനിടയാണ് സംഘര്‍ഷമുണ്ടായത്.
പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. തുടര്‍ന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് വരുണ്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹമെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
മുന്‍ മന്ത്രി സത്യേന്ദ്ര ജെയിന്റെ ചണ്ഡിഗഡിലെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചു.
റെയ്ഡിനിടെ ഉദ്യോഗസ്ഥരെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും എത്തിയിട്ടുണ്ട്. എന്നാല്‍, റെയ്ഡില്‍ നിര്‍ണായക വിവരങ്ങളോ തെളിവുകളോ കണ്ടെത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇ ഡി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights:
AAP workers attacked an Enforcement Directorate team and damaged their vehicle during raids in Punjab. The incident occurred at the Greater Mohali Area Development Authority office. Heavy police deployment under SSP Varun Sharma brought the situation under control. A habeas corpus plea was also filed in court.



