Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കുകയും, തുടര്‍ന്ന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തതായി ആം ആദ്മി പാര്‍ട്ടി (എ എ പി) ആരോപിച്ചു. എ എ പി പഞ്ചാബ് മീഡിയ ഇന്‍-ചാര്‍ജ് ബല്‍തേജ് പന്നു ആണ് എക്സ്’ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ആരോപണം ഉന്നയിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം, മന്നിന് പോകാന്‍ അനുമതി ലഭിച്ചു. അദ്ദേഹം തന്റെ ലഗേജ് ഒരു വാഹനത്തില്‍ കയറ്റി പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് പിന്നാലെ ഓടിയെത്തുകയും ‘ഉന്നതങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്ന്’ അദ്ദേഹത്തോട് പറയുകയും ചെയ്തതായി പന്നു അവകാശപ്പെട്ടു.
പ്രധാനമന്ത്രി തടയാന്‍ ശ്രമിച്ചിട്ടും, കോടതി ഉത്തരവ് പ്രകാരം പാരീസിലേക്ക് പോയതിനാലാണ് മന്നിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതെന്ന് പന്നു പറഞ്ഞു. പഞ്ചാബികളെ അപമാനിക്കാനുള്ള ഒരവസരവും കേന്ദ്രസര്‍ക്കാര്‍ പാഴാക്കാറില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയെ വിദേശയാത്ര നടത്തുന്നതില്‍ നിന്ന് ഇതുവരെ കുറഞ്ഞത് നാല് തവണയെങ്കിലും തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, ലഗേജിലുണ്ടായിരുന്ന ചില വസ്തുക്കള്‍ വെളിപ്പെടുത്താതിരുന്നതിനാലാണ് പിഴ ചുമത്തിയതെന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ വിശദീകരണം. മന്നിനൊപ്പമുണ്ടായിരുന്ന ജീവനക്കാരുടെ ലഗേജുകളും പരിശോധിച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു.
‘ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയില്‍ പഞ്ചാബിന്റെ പ്രശസ്തമായ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് അദ്ദേഹം അവിടെ പോയത്. മുഖ്യമന്ത്രിക്ക് ലഭിക്കേണ്ട പ്രോട്ടോക്കോള്‍ അദ്ദേഹത്തിന് നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പാരീസിലെ കോണ്‍സല്‍ ജനറല്‍ പോലും മുഖ്യമന്ത്രിയെ കാണാന്‍ എത്തിയില്ലെന്ന് വരുമ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ ദുരുദ്ദേശ്യം എത്രത്തോളമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാനാവും.’ ബല്‍തേജ് പന്നു പ്രതികരിച്ചു. ‘നിങ്ങളുടെ ലഗേജ് ‘എത്തിക്കൊണ്ടിരിക്കുകയാണ്, പരിശോധിച്ചുകൊണ്ടിരിക്കുകയാണ്’ എന്നിങ്ങനെ പലതും പറഞ്ഞ് മന്നിനെ അവിടെ കാത്തിരിക്കാന്‍ നിര്‍ബന്ധിച്ചതായും അദ്ദേഹം ആരോപിച്ചു.
Content Highlights: The Aam Aadmi Party has alleged that Punjab Chief Minister Bhagwant Mann was wrongfully detained for three hours at the Delhi airport. According to the party, authorities also imposed a fine of fifty thousand rupees on him. This incident has escalated political tensions between the AAP and the central authorities.




