Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകളിലായി 8,596.69 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശം. പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്നത് സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങള്‍ക്കാണ് ഉത്തരമായിരിക്കുന്നത്. പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയാണ് എന്നതാണ് മാപ്പിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ പൂര്‍ണവിവരങ്ങള്‍ പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാപ്പില്‍ ലഭ്യമാണ്.
കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ-കാര്‍ഷിക മേഖലകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ആ സ്ഥലങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ദേശം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. കരട് വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ വലിയ ആശങ്കയാണ് കേരളത്തിന്റെ മലയോര മേഖലകളിലുണ്ടായത്. ശക്തമായ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രദേശം ഈ മാപ്പ് വഴി പരിശോധിക്കാനും ആശങ്കയകറ്റാനും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏഴാമത്തെ പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തില്‍ നിന്ന് 33 വില്ലേജുകളെ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 131 വില്ലേജുകളില്‍ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഏലമലക്കാടുകള്‍, തോട്ടഭൂമി, ജനവാസപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പട്ടയഭൂമി, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. ഈ പ്രദേശങ്ങളിലെ ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ശക്തമായ നിയമസംവിധാനങ്ങള്‍ ഉള്ളതുകൊണ്ടാണിതെന്ന് സര്‍ക്കാര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ഥലപരമായ തുടര്‍ച്ച ആവശ്യമില്ലെന്നും ഒഴിവാക്കിയ സ്ഥലങ്ങള്‍ പരിസ്ഥിതിലോല പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു കേരളത്തിന്റെ നിലപാട്.
Content Highlights: The Kerala government has released the official map and list identifying 33 villages as Ecologically Sensitive Areas across the state. Published on the Directorate of Environment website, the designated region spans an area of 8500 square kilometers. The portal allows citizens in hilly regions to check their specific village boundaries to address local concerns.




