Home rss national malayalam പുതിയ വാർത്ത പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ എൻ ടി എ; ഡിസംബർ ആറ് വരെ അപേക്ഷിക്കാം

പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ എൻ ടി എ; ഡിസംബർ ആറ് വരെ അപേക്ഷിക്കാം

3
0

Source :- SIRAJLIVE NEWS

പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി പുതിയ നടപടികളുമായി നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ). ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സേവനദാതാക്കളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കാനുള്ള താത്പര്യപത്രം ക്ഷണിച്ചു. കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ, പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷകൾ എന്നിവക്കായി രാജ്യത്തുടനീളം കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. താത്പര്യമുള്ള സ്ഥാപനങ്ങൾക്കും യോഗ്യരായ സേവനദാതാക്കൾക്കും ഡിസംബർ ആറ് വരെ അപേക്ഷ സമർപ്പിക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം

  • വിവിധ വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷാ സേവനദാതാക്കൾക്കും അപേക്ഷിക്കാം.
    സർക്കാർ, എയ്ഡഡ്, സ്വകാര്യ, സ്വാശ്രയ സ്‌കൂളുകൾ.
  • കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സൈനിക സ്‌കൂളുകൾ.
  • സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾ, സർവകലാശാലകൾ.
  • ഐ ഐ ടി, എൻ ഐ ടി, ഐ ഐ ഐ ടി, ഐ ഐ എം, ഐസർ, എയിംസ് തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ.
  • പോളിടെക്‌നിക്കുകൾ, ഐ ടി ഐകൾ.
  • സർക്കാർ പരിശീലന കേന്ദ്രങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
  • സ്വന്തമായി പരീക്ഷാ കേന്ദ്രങ്ങളുള്ള കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സേവനദാതാക്കൾ.

പരീക്ഷാ കേന്ദ്രങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ

പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെടുന്നതിന് എൻ ടി എ ചില അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ട്.

കന്പ്യൂട്ടർ പരീക്ഷ

  • ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 285 കന്പ്യൂട്ടർ വർക്ക് സ്റ്റേഷനുകൾ ഉണ്ടായിരിക്കണം.
  • കുറഞ്ഞത് നാല് പ്രത്യേക കന്പ്യൂട്ടർ ലാബുകളോ പരീക്ഷാ ഹാളുകളോ വേണം.
  • ഓരോ ലാബിലും കുറഞ്ഞത് 30 വർക്ക് സ്റ്റേഷനുകൾ ഉണ്ടായിരിക്കണം.
  • 285ൽ താഴെ വർക്ക് സ്റ്റേഷനുകളുള്ള കേന്ദ്രങ്ങളെയും പരിഗണിക്കും. എന്നാൽ, പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിലായിരിക്കും ഇത്തരം കേന്ദ്രങ്ങൾക്ക് മുൻഗണന ലഭിക്കുക.

പേനയും പേപ്പറും

  • ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 250 ഉദ്യോഗാർഥികൾക്ക് ഇരിക്കാനുള്ള സൗകര്യം വേണം.
  • കുറഞ്ഞത് ആറ് പ്രത്യേക പരീക്ഷാ ഹാളുകൾ ഉണ്ടായിരിക്കണം.
  • ഓരോ ഹാളിലും 40 ഉദ്യോഗാർഥികളെ ഉൾക്കൊള്ളാൻ കഴിയണം.

പരീക്ഷാ നിരീക്ഷകരാകാം

പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പിനൊപ്പം എൻ ടി എ നടത്തുന്ന പരീക്ഷകളുടെ മേൽനോട്ടത്തിനായി നിരീക്ഷകരെയും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
നിലവിൽ സർക്കാർ സർവീസിലുള്ളവർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും നിരീക്ഷകരാകാൻ അപേക്ഷിക്കാം. പരീക്ഷകൾ ചട്ടങ്ങൾ പാലിച്ചും ക്രമക്കേടുകൾക്ക് ഇടനൽകാതെയും സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ പ്രധാന ചുമതല. എൻ ടി എയുടെ ഒബ്‌സർവർ മാനേജ്‌മെന്റ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷാ സേവനദാതാക്കളും എൻ ടി എയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in അല്ലെങ്കിൽ eoi.nta.gov.in എന്ന ഇ ഒ ഐ പോർട്ടൽ സന്ദർശിക്കണം. നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ ആറ്.

Content Highlights: The National Testing Agency has invited expressions of interest from educational institutions and service providers to serve as exam centers for computer-based and pen-paper examinations. Eligible institutions can apply until December 6 to improve exam transparency. Additionally, applications have been invited from current and retired government employees to serve as exam observers.