Source :- SIRAJLIVE NEWS
ഐ ഐ ടി റൂർക്കി
ഗവേഷണത്തിൽ താത്പര്യമുള്ള വിദ്യാർഥികൾക്കായി പിഎച്ച് ഡി പ്രവേശനം ആരംഭിച്ച് ഐ ഐ ടി റൂർക്കി. ഈ മാസം 20 വരെ അപേക്ഷിക്കാം. ക്ലാസ്സുകൾ ജനുവരി 11ന് ആരംഭിക്കും. പിഎച്ച് ഡി വിദ്യാർഥികൾക്ക് “ജോയിന്റ് ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമിൽ’ ചേരാനുള്ള അവസരവുമുണ്ട്.
യോഗ്യത
അപേക്ഷകർ ബന്ധപ്പെട്ട മേഖലകളിൽ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യത നേടിയിരിക്കണം. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ടിലെ പിഎച്ച് ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ അതാത് വകുപ്പ്/സെന്റർ/സ്കൂൾ എന്നിവ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകളും അവർ പാലിക്കേണ്ടതുണ്ട്.
ബിരുദാനന്തര ബിരുദമുള്ള അപേക്ഷകർ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം
ജനറൽ, ഇ ഡബ്ല്യൂ എസ്, ഒ ബി സി വിഭാഗങ്ങൾ: ബിരുദത്തിന് പത്ത് പോയിന്റ് സ്കെയിലിൽ കുറഞ്ഞത് 6.0 സി ജി പി എ അല്ലെങ്കിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം.
അപേക്ഷകർ ഗേറ്റ്, സീഡ്, ജസ്റ്റ്, യു ജി സി നെറ്റ്, സി എസ് ഐ ആർ നെറ്റ് (ലെക്ചർഷിപ്പ്/അസ്സിസ്റ്റന്റ് പ്രൊഫസർഷിപ്പ് അല്ലെങ്കിൽ പിഎച്ച് ഡിക്ക് മാത്രമുള്ള യോഗ്യത ഉൾപ്പെടെ) തുടങ്ങിയ ദേശീയതല പരീക്ഷകളിലൊന്നിൽ യോഗ്യത നേടിയിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കിൽ ദേശീയതല ഫെലോഷിപ്പ് ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ മന്ത്രാലയം ധനസഹായം നൽകുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ബി ടെക് ബിരുദമോ എം എസ്സി ബിരുദമോ 8.0 അല്ലെങ്കിൽ അതിൽ കൂടുതൽ സി ജി പി എയോടെ നേടിയ എല്ലാ വിഭാഗങ്ങളിലെയും അപേക്ഷകർക്ക് ഗേറ്റ്/നെറ്റ് പോലുള്ള ദേശീയതല പരീക്ഷകളിൽ യോഗ്യത നേടണമെന്ന നിബന്ധനയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
നാല് വർഷത്തെ ബിരുദവും പത്ത് പോയിന്റ് സ്കെയിലിൽ കുറഞ്ഞത് 7.50 സി ജി പി എയോ അല്ലെങ്കിൽ 75 ശതമാനം മാർക്കോ ഉള്ളവരും ഗേറ്റ്, സീഡ്, ജസ്റ്റ്, യു ജി സി നെറ്റ്, സി എ സ് ഐ ആർ നെറ്റ് (ലെക്ചർഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസർഷിപ്പ് അല്ലെങ്കിൽ പിഎച്ച് ഡിക്ക് മാത്രമുള്ള യോഗ്യത ഉൾപ്പെടെ) തുടങ്ങിയ ദേശീയതല പരീക്ഷകളിലോ തത്തുല്യമായ പരീക്ഷകളിലോ യോഗ്യത നേടിയവരോ അല്ലെങ്കിൽ ദേശീയതല ഫെലോഷിപ്പ് ഉള്ളവരോ ആയ എല്ലാ വിഭാഗങ്ങളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഐ ഐ ടികളിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരും പത്ത് പോയിന്റ് സ്കെയിലിൽ 8.0 അല്ലെങ്കിൽ അതിൽ കൂടുതലോ സി ജി പി എ ഉള്ളവരുമായ എല്ലാ വിഭാഗങ്ങളിലെയും അപേക്ഷകർക്ക് ഇളവ് അനുവദിക്കും. പരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുക്കുക. നവംബർ 16-21 വരെയായിരിക്കും പരീക്ഷ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് https://admission.iitr.ac.in/ സന്ദർശിക്കുക.
ജെ എൻ യു
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ എൻ യു) പിഎച്ച് ഡി പ്രവേശനത്തിന് ജെ ആർ എഫ്/നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവർക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം.
ഇന്റർനാഷനൽ സ്റ്റഡീസ്, ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ്, സോഷ്യൽ സയൻസസ്, ആർട്സ് ആൻഡ് ഏസ്തെറ്റിക്സ്, ലൈഫ് സയൻസസ്, എൻവയൺമെന്റൽ, കന്പ്യൂട്ടർ ആൻഡ് സിസ്റ്റംസ്, ഫിസിക്കൽ സയൻസസ്, കന്പ്യൂട്ടേഷനൽ ആൻഡ് ഇന്റഗ്രേറ്റീവ് സയൻസസ്, ബയോടെക്നോളജി, സാൻസ്ക്രിറ്റ് ആൻഡ് ഇൻഡിക് സ്റ്റഡീസ്, എൻജിനീയറിംഗ്, മാനേജ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് എന്നീ സ്കൂളുകളിലും ഇ-ലേണിംഗ്, മോളിക്യുലർ മെഡിസിൻ, ലോ ആൻഡ് ഗവേണൻസ്, നാനോ സയൻസസ്, ഡിസാസ്റ്റർ റിസർച്ച്, സ്റ്റഡി ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ, നാഷനൽ സെക്യൂരിറ്റി സ്റ്റഡീസ്, തമിഴ് സ്റ്റഡീസ് എന്നീ സ്പെഷൽ സെന്ററുകളിലുമാണ് അവസരം.
വിവരങ്ങൾക്ക് jnuee.jnu.ac.in
പെരിയ കേരള കേന്ദ്ര സർവകലാശാല
പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈമായും ഗവേഷണം ചെയ്യാൻ അവസരമുണ്ട്.
യോഗ്യത
ബിരുദാനന്തര ബിരുദം/നാല് വർഷ ബിരുദത്തിനു ശേഷം നേടിയ ഒരു വർഷത്തെ പി ജിയിൽ 55 ശതമാനം മാർക്കോടെ നേടിയവർക്കും 75 ശതമാനം മാർക്കോടെ നാല് വർഷ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്. ജെ എൻ എഫ്/ സമാനമായ ദേശീയ ഫെലോഷിപ്പുകൾ/ നെറ്റ്/ ഗേറ്റ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം. തത്തുല്യ വിദേശ യോഗ്യതകളും പരിഗണിക്കും.
ഗവേഷണ വിഷയങ്ങൾ
ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, സുവോളജി, ജിനോമിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, മാത്തമാറ്റിക്സ്, പ്ലാന്റ് സയൻസ്, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, ഇന്റർനാഷനൽ റിലേഷൻസ്, ലിംഗ്വിസ്റ്റിക്സ്, സോഷ്യൽ വർക്ക്, എജ്യൂക്കേഷൻ, ലോ, മലയാളം, പബ്ലിക് ഹെൽത്ത്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, ജിയോളജി, യോഗ, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്സ്, ടൂറിസം, കന്നഡ എന്നിവയിലാണ് അവസരം.
ഈ മാസം 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് cukerala.ac.in സന്ദർശിക്കുക.
കാലടി
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ ഫുൾടൈം പിഎച്ച് ഡി ചെയ്യാൻ അവസരമൊരുങ്ങുന്നു. നിർദിഷ്ട വിഷയത്തിൽ ബി പ്ലസ് ഗ്രേഡോടെ പി ജിയോ തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 55 ശതമാനം മാർക്കുള്ള എം ഫില്ലുകാരെയും പരിഗണിക്കും.
സീറ്റുകൾ
സംസ്കൃതം 43 (സാഹിത്യം മൂന്ന് സീറ്റ്, വേദാന്തം 13, വ്യാകരണം നാല്, ന്യായം 18, ജനറൽ 5). ഹിന്ദി: ഏഴ്, ഇംഗ്ലീഷ് രണ്ട്, മലയാളം നാല്, ഹിസ്റ്ററി എട്ട്, മ്യൂസിക് നാല്, വേദിക് സ്റ്റഡീസ് ഒന്ന്, സോഷ്യൽ വർക്ക് രണ്ട്, സോഷ്യോളജി രണ്ട്, ട്രാൻസ്ലേഷൻ സ്റ്റഡീസ് മൂന്ന്, ഫിസിക്കൽ എജ്യുക്കേഷൻ ഒന്ന്, ഉർദു മൂന്ന്.
അപേക്ഷ
https://phd.ssus.ac.in വഴി ഓൺലൈനായി ഈ മാസം 21 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 160 രൂപ. ഹാൾടിക്കറ്റ് 23ന് ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ടാൽ നവംബർ 12ന് മുന്പ് റിസർച്ച് പ്രപ്പോസൽ സമർപ്പിക്കണം. അർഹതയുള്ളവർക്ക് ഫെലോഷിപ്പ് അനുവദിക്കും.
വിവരങ്ങൾക്ക്: www.ssus.ac.in. ഫോൺ: 0484-2463380.
ഐസിഫോസ്
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്) പിഎച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സി എസ് ഐ ആർ/യു ജി സി-നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഡൽഹിയിലെ ജെ എൻ യുവിന്റെ കീഴിലുള്ള 2026ലെ മുഴുസമയ പിഎച്ച് ഡി പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത
കമ്പ്യൂട്ടർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷനൽ സയൻസ്, കമ്പ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്, ലിംഗ്വിസ്റ്റിക്സ്, മാനേജ്മെന്റ് വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ സി ജി പി എ നേടിയിട്ടുള്ള ബിരുദാനന്തരബിരുദധാരികൾക്ക് അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ബി സി (നോൺ ക്രീമിലെയർ)/പി ഡബ്ല്യൂ ഡി വിഭാഗങ്ങൾക്ക് യു ജി സി മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്.
അപേക്ഷ
അവസാന തീയതി ഈമാസം 26ന് വൈകിട്ട് നാല്. അപേക്ഷയുടെ ഹാർഡ് കോപ്പിയും ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ട്രാൻസാക്ഷൻ വിവരങ്ങൾ തുടങ്ങിയ അനുബന്ധ രേഖകളും രജിസ്ട്രേഡ് പോസ്റ്റ് മുഖേന ഐസിഫോസ്സിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.




