Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പിഎസ്സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഗൗരവമുള്ള കേസുകളിൽ ‘ഭായ്-ഭായ്’ കളിച്ചിട്ട് കാര്യമില്ലെന്നും അങ്ങനെയായാൽ ജനങ്ങൾ മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുമെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിൽ അത്തരമൊരു സാഹചര്യം സംഭവിക്കാൻ പോകുകയാണെന്നും അതേക്കുറിച്ച് സർക്കാരിന് ബോധ്യമുണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണത്തിനെതിരെ പിഎസ്സി നൽകിയ ഹർജിയിൽ കോടതി യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കേസിലെ മുഖ്യപ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രധാന രേഖകൾ പിടിച്ചെടുക്കാനും കഴിഞ്ഞിട്ടില്ലെന്നും കോടതി വിമർശിച്ചു. പിന്നെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.
പിഎസ്സി ഹർജി ഫയൽ ചെയ്തതോടെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹർജി ആയുധമാക്കി അന്വേഷണം സ്തംഭിപ്പിക്കുകയോ ഇഴഞ്ഞുനീങ്ങാൻ അനുവദിക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലി കോടതിയിൽ വ്യക്തമാക്കി. എന്നാൽ അത്തരത്തിൽ പറയരുതെന്ന് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. കൊലപാതകക്കേസാണെങ്കിൽ എന്താണ് ചെയ്യുകയെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യില്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണത്തിന് വ്യവസ്ഥാപിതമായ രീതിയില്ലേയെന്നും അത് പിന്തുടരേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
പിഎസ്സിയുടെ ആവശ്യം പരിഗണിച്ച് പരാതിക്കാരനായ വി.എസ്. ജയലാലിനെ കേസിൽ കക്ഷി ചേർത്തു. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

