Source :- SIRAJLIVE NEWS

തിരുവനന്തപുരം|സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇ ഡി പരിശോധനയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്‌നമായ രാഷ്ട്രീയ വേട്ടയാണ്. പരിശോധന കോണ്‍ഗ്രസ്, ബിജെപി ഒത്തുകളിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പിണറായി വിജയന്‍ തീയില്‍ കുരുത്ത നേതാവാണ്. ഇതുപോലുളള ഒരുപാട് വേട്ടയാടലുകള്‍ നേരത്തെയും കോണ്‍ഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. സിപിഐഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. അതിനെ പിണറായി വിജയനും പാര്‍ട്ടിയും പ്രതിരോധിക്കുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

അടിയന്തരാവസ്ഥ കാലത്ത് പിണറായി വിജയനെ മര്‍ദ്ദിച്ച് ഇഞ്ചപ്പരുവത്തിലാക്കി. അവിടെ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെയ ഉയിര്‍ത്തെഴുന്നേറ്റതാണ് അദ്ദേഹം. കേരളത്തിലെ സിപിഐഎമ്മിനെ നയിച്ചതിന് അദ്ദേഹത്തെ വേട്ടയാടി. അദ്ദേഹത്തിനെതിരെ പ്രചരിപ്പിക്കാത്ത കഥകളില്ല. എല്ലാ കോടതികളും ചവട്ടുകൊട്ടയിലെറിഞ്ഞ ലാവ്ലിന്‍ കേസിന്റെ ദൃഷ്ടാന്തം കൂടി ഓര്‍ക്കണമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തെ തകര്‍ക്കുന്നതിനായുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇഡി റെയ്‌ഡെന്ന് ജില്ലാ സെക്രട്ടറി കെ കെ രാകേഷ് പറഞ്ഞു. കുറേക്കാലമായി പിണറായിയുടെ കുടുംബത്തെ വെച്ച് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ്. തിരക്കഥ തയ്യാറാക്കി പിണറായിയെ തകര്‍ക്കാനാകുമോയെന്നാണ് ഇ ഡി നോക്കുന്നത്. പിണറായിയുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് ശ്രമം. വിനായക് ദാമോദര്‍ദാസ് സവര്‍ക്കര്‍, വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ പേരിലുള്ള സാമ്യം മാത്രമല്ല. വി ഡി സതീശന്‍ ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ഒത്താശ ചെയ്യുന്ന നേതാവാണെന്നും കെ കെ രാകേഷ് പറഞ്ഞു.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ ഇഡി റെയ്ഡ് ബിജെപി കോണ്‍ഗ്രസ് ഡീലിന്റെ ഭാഗമാണെന്ന് എ എ റഹീം എംപിയും പ്രതികരിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്ന നീക്കത്തിന്റെ ഭാഗമാണിത്. ചെങ്കൊടി പ്രസ്ഥാനത്തെ തകര്‍ത്തുകളയാം എന്ന് വിചാരിക്കരുത്. ഇതുകൊണ്ട് തളരുകയോ പതറുകയോ ഇല്ല. ജനം സഖാവ് പിണറായിക്ക് കാവല്‍ നില്‍ക്കും. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘപരിവാറിന്റെ കുടില നീക്കത്തെ തകര്‍ക്കും. ചോര കുടിക്കാന്‍ ഇറങ്ങിയവര്‍ നിരാശരായി മടങ്ങേണ്ടി വരുമെന്നും എ എ റഹീം പറഞ്ഞു.

Content Highlights:
CPM leaders including John Brittas MP, AA Rahim MP, and KK Rakesh strongly condemned the ED raids conducted in connection with the CMRL-Exalogic case. John Brittas termed the investigation a blatant political witch-hunt and alleged a secret understanding between the BJP and the Congress. The leaders stated that the party and the public would firmly stand by Pinarayi Vijayan to resist the fascist moves of the central agencies.